അത്താഴം വൈകിട്ട് ഏഴുമണിക്ക് മുമ്പ് കഴിക്കണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്...

രാത്രി എന്തുകഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോൾ കഴിക്കുന്നുവെന്നതും പ്രധാനപ്പെട്ടതാണ്

Update: 2023-08-25 06:05 GMT
Editor : Lissy P | By : Web Desk
Advertising

പ്രഭാത ഭക്ഷണം മുടങ്ങാതെ കഴിക്കേണ്ടതിന്റെയും അതിന്റെ പ്രധാന്യത്തെക്കുറിച്ചുമെല്ലാം പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. ദിവസവും ആദ്യം കഴിക്കുന്ന ഭക്ഷണം അന്നത്തെ ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്. പ്രഭാത ഭക്ഷണം ആരോഗ്യത്തിന് എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രയും പ്രധാനപ്പെട്ടതാണ് രാത്രിയിലെ ഭക്ഷണവും. എന്നാൽ ഇത് പലരും കാര്യമാക്കാറില്ല.

അത്താഴം ഏറെ വൈകി കഴിക്കുന്നത് നല്ലതല്ല. വൈകിട്ട് ഏഴുമണിക്ക് മുമ്പായി അത്താഴം കഴിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത്‌നിങ്ങളുടെ ദഹനത്തെയും ശരീരഭാരത്തെയും പ്രമേഹത്തെയും വരെ നിയന്ത്രിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണെന്ന് മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ നിയതി നായിക് പറയുന്നു. രാത്രി എന്തുകഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോൾ കഴിക്കുമെന്നതും പ്രധാനപ്പെട്ടതാണ്. നേരത്തെ ആഹാരം കഴിച്ചാൽ ദഹനം സുഗമമാക്കുന്നതുമുതൽ നല്ല ഉറക്കം കിട്ടുന്നതടക്കം നിരവധി ഗുണങ്ങൾ ലഭിക്കും..അത് ഏതൊക്കെയാണെന്ന് നോക്കാം..

ദഹനം മെച്ചപ്പെടുത്തും

നേരത്തെ അത്താഴം കഴിച്ചാൽ ഉറക്കം വരുന്നതിന് മുമ്പ് അത് ദഹിപ്പിക്കാൻ ശരീരത്തിന് സമയം കിട്ടും. നേരെ മറിച്ച് ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുമ്പോൾ അത് ശരിരായി ദഹിപ്പിക്കാനുള്ള സമയം ശരീരത്തിന് കിട്ടില്ല. ശരീരം ഇതിനായി പാടുപെടും..ഇത് ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്കോ ഉറക്കം നഷ്ടപ്പെടാനോ കാരണമാകും.


ശരിയായ ഉറക്കം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വയറുനിറെയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ കാരണമാകും. ഇത് ഉറക്കത്തെ തടസപ്പെടുത്താനും കാരണമാകും. നേരത്തെ ഭക്ഷണം കഴിച്ചാൽ ദഹപ്രക്രിയകൾ പൂർണമാകുകയും പൂർണമായി വിശ്രമിക്കാൻ ശരീരം തയ്യാറാകുകയും ചെയ്യും. ഇതുവഴി തടസമില്ലാതെ ഉറങ്ങാൻ നിങ്ങൾക്ക് സാധിക്കുന്നു.

ശരീര ഭാരം നിയന്ത്രിക്കാം

നേരത്തെ അത്താഴം കഴിക്കുന്ന ശീലം തുടർന്നാൽ ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ ഡയറ്റീഷ്യൻ നിയതി നായിക് പറയുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കായിരിക്കും നയിക്കുക.ഇതിന് പുറമെ ആരോഗ്യത്തിന് നല്ലതല്ലാത്ത വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നതിനലേക്കും ഇതിന് കാരണമാകും. നേരത്തെ അത്താഴം കഴിക്കുന്നത് ഇത്തരം പ്രലോഭനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കുറക്കുമെന്നും അവർ പറയുന്നു.


നെഞ്ചെരിച്ചിൽ കുറക്കും

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ അനുഭവപ്പെടാനുള്ള സാധ്യത വർധിപ്പിക്കാറുണ്ട്. എന്നാൽ നേരത്തെ അത്താഴം കഴിക്കുന്നത് നെഞ്ചരിച്ചിൽ കുറക്കാനും സഹായിക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News