'ടോയ്‌ലറ്റ് സീറ്റിനേക്കാൾ 200 മടങ്ങ് ബാക്ടീരികൾ, ചോപ്പിംഗ് ബോർഡുകൾ നിങ്ങളെ രോഗിയാക്കും'; മുന്നറിയിപ്പുമായി വിദഗ്ധർ

മൂന്ന് മാസത്തില്‍ കൂടുതല്‍ ഒരേ ചോപ്പിങ് ബോർഡ് ഉപയോഗിക്കുന്നത് അപകടമാണ്

Update: 2023-06-04 07:43 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: പച്ചക്കറികളും മത്സ്യങ്ങളും മുറിക്കാനായി ചോപ്പിങ് ബോർഡുകൾ ഉപയോഗിക്കുന്നവരാണ് മിക്കവരും. പ്ലാസ്റ്റിക്കിലും മരത്തിലും നിർമിച്ച പല വലിപ്പത്തിലും ആകൃതിയിലുമുള്ള ചോപ്പിങ് ബോർഡുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ശരിയായി വൃത്തിയാക്കാത്ത ചോപ്പിങ് ബോർഡുകൾ നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ചോപ്പിങ് ബോർഡിലെ ഒരു ചതുരശ്ര സെന്റിമീറ്ററിൽ ടോയ്ലറ്റ് സീറ്റിനേക്കാൾ 200 മടങ്ങ് ബാക്ടീരികളുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിന് പുറമെ ബോർഡുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക് ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അലർജിക്കും പ്രത്യുൽപാദന വൈകല്യത്തിനും അമിതവണ്ണത്തിനും കാരണമാവുമെന്നും പഠനങ്ങൾ പറയുന്നു.

നോർത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിൽ ചോപ്പിങ് ബോർഡുകളിൽ അരിഞ്ഞ കാരറ്റിൽ വിഷാംശമുള്ള ദശലക്ഷക്കണക്കിന് സൂക്ഷ്മകണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബോർഡുകളില്‍ സാൽമൊണല്ല, ഇ-കോളി, തുടങ്ങിയ ബാക്ടീരികകൾ പെരുകുമെന്നും ഛർദി, വയറുവേദന, വയറിളക്കം എന്നിവയുൾപ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. അസംസ്‌കൃതമാംസങ്ങൾ, പ്രത്യേകിച്ച് ചിക്കൻ ബോർഡുകളിൽ മുറിക്കുമ്പോൾ സാൽമൊണല്ലയുടെയും ക്യാമ്പിലോബാക്റ്ററിന്റെയും അവശിഷ്ടങ്ങൾ അവശേഷിപ്പിക്കും. മുറിച്ചുകഴിഞ്ഞശേഷം കട്ടിങ് ബോർഡുകൾ ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ രോഗാണുക്കൾ പരക്കാനും പിന്നീട് മറ്റെന്തെങ്കിലും മുറിക്കുമ്പോൾ അതുവഴി ഭക്ഷണത്തിലേക്ക് കടക്കുകയും ചെയ്യുന്നു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.....

ഓരോ ഉപയോഗത്തിന് ശേഷം ബോർഡ് വൃത്തിയായി കഴുകുക

ബോർഡുകൾ ഉപയോഗിച്ച ശേഷം അണുവിമുക്തമാക്കണമെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. സോപ്പുപയോഗിച്ചോ ആൻറി ബാക്ടീരിയൽ ക്ലെൻസർ ഉപയോഗിച്ചോ ഇവ അണുവിമുക്തമാക്കാം. ഇവയിൽ അഞ്ചുമിനിറ്റ് ബോർഡ് മുക്കിവെക്കുക. തുടർന്ന് വെള്ളത്തിൽ നന്നായി കഴുകുക.പേപ്പർ ടവൽ ഉപയോഗിച്ച് തുടച്ചെടുക്കാം.

വൃത്തിയാക്കാൻ തുണി ഉപയോഗിക്കരുത്

ചോപ്പിങ് ബോര്‍ഡുകള്‍ ഉപയോഗിച്ച ശേഷം കഴുകാതെ തുണികൊണ്ട് തുടച്ചുവൃത്തിയാക്കുന്ന ശീലം നല്ലതല്ല. ബോർഡ് വൃത്തിയാകുമെങ്കിലും ബാക്ടീരിയകൾ നശിച്ചുപോകില്ല.

പച്ചക്കറികൾക്കും മാംസങ്ങൾക്കും പ്രത്യേകം ബോർഡുകൾ ഉപയോഗിക്കുക

മാംസത്തിനും പച്ചക്കറികൾക്കും വെവ്വേറെ ബോർഡുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. ഇവ രണ്ടും പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കുക. ഒരിക്കലും ഒന്നിച്ച് ഇവ സൂക്ഷിക്കരുത്.

മൂന്ന് മാസത്തിലൊരിക്കൽ ചോപ്പിങ് ബോർഡുകൾ മാറ്റുക

വർഷങ്ങളായി ഒരേ ചോപ്പിങ് ബോർഡുകൾ ഉപയോഗിക്കുന്നത് കൂടുതൽ അപകടകാരിയാണ്. ബോർഡുകളിൽ ചെറിയ പോറലുകൾ പോലും ഉണ്ടെങ്കിൽ അവ മാറ്റണം. ബോർഡുകളിലെ വിള്ളലിലൂടെ ബാക്ടീരിയയും ഭക്ഷണവും കുടുങ്ങിക്കിടക്കും. അവ കഴുകിയാലും നശിക്കില്ല.അതുകൊണ്ട് തന്നെ മൂന്ന് മാസത്തിലൊരിക്കൽ ചോപ്പിംഗ് ബോർഡ് മാറ്റണമെന്നും വിദഗ്ധർ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News