ഒരാഴ്ച കുപ്പിയിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നവരാണോ? സൂക്ഷിച്ചില്ലെങ്കിൽ തടി കേടാകുമെന്ന് ആരോഗ്യവിദഗ്ധർ
പൂപ്പലിന്റെ അംശം കലർന്നിട്ടുള്ള വെള്ളം കുടിക്കുന്നതോടെ അത് ആമാശയത്തെ ദോഷകരമായി ബാധിക്കും
ന്യൂയോര്‍ക്ക്: രണ്ട് ദിവസം പഴക്കമുള്ള കുപ്പിവെള്ളം കുടിക്കുന്നത് സുരക്ഷിതമാണെന്ന ധാരണ പൊതുവെ നമുക്കിടയിലുണ്ട്. രണ്ടാഴ്ച മുമ്പ് ഫ്രിഡ്ജിലിരുന്നതും കാറിൽ മറന്നുവെച്ചതുമായ കുപ്പിവെള്ളങ്ങൾ കുടിക്കുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരത്തിൽ കുപ്പിവെള്ളത്തെ അമിതമായി ആശ്രയിക്കുന്നവരുണ്ടെങ്കിൽ ഒന്ന് കരുതിയിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
വെള്ളം സ്വയം കേടുവരില്ലെങ്കിലും കുപ്പികളിൽ സൂക്ഷിച്ച് വെക്കുന്നതോടെ മലിനമാകാനുള്ള സാധ്യത കൂടുതലായിരിക്കും. മാത്രവുമല്ല, പ്ലാസ്റ്റിക്ക് കൊണ്ട് നിർമിച്ച കുപ്പികൾ കൂടിയാകുമ്പോൾ ബാക്ടീരിയകൾക്കും പൂപ്പലുകൾക്കും എളുപ്പത്തിൽ പെറ്റുപെരുകാനുമിടയാകും. അടുത്തിടെ നടത്തിയൊരു പഠനത്തിൽ, കുപ്പികളിൽ സൂക്ഷിച്ചുവെക്കുന്ന വെള്ളത്തിൽ ബയോഫിലിം ഉത്പാദിപ്പിക്കുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അവ വളരെ വേഗത്തിൽ പെരുകുകയും വയറുവേദന, ഛർദി, വയറിളക്കം എന്നിങ്ങനെയുള്ള ഗ്യാസ്ട്രിക് അണുബാധകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്.
ദീർഘനേരം കുപ്പികളിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് സുരക്ഷിതമല്ലാതാകുന്നതിന്റെ ചില കാരണങ്ങൾ വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്...
കെമിക്കൽ ലീച്ചിംഗ്
വാഹനങ്ങൾ പോലെ, ചൂടുള്ള അന്തരീക്ഷത്തിൽ ദീർഘനേരം സൂക്ഷിച്ചുവെക്കുന്ന വെള്ളം, പ്രത്യേകിച്ച് പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിക്കുന്ന വെള്ളം കുടിക്കുന്നതിലൂടെ സ്തനാർബുദം പോലെയുള്ള മാരകരോഗങ്ങളിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. (കെമിക്കൽ ലീച്ചിംഗ് എന്നാല്‍ പ്ലാസ്റ്റിക് കുപ്പികളിൽ നിന്നോ മറ്റ് പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നോ രാസവസ്തുക്കൾ (ഉദാഹരണത്തിന്, ബിസ്ഫിനോൾ എ - BPA, ഫ്താലേറ്റുകൾ) ചൂടുള്ള അന്തരീക്ഷത്തിലോ ദീർഘനേരം സൂക്ഷിക്കുമ്പോഴോ വെള്ളത്തിലേക്കോ ഭക്ഷണത്തിലേക്കോ പുറന്തള്ളപ്പെടുന്ന പ്രക്രിയയാണ്.
ബാക്ടീരിയ വളർച്ച
കെട്ടിക്കിടക്കുന്നതും കുപ്പികളിൽ സൂക്ഷിക്കുന്നതുമായ വെള്ളത്തിലൂടെ അതിവേഗത്തിലാണ് ബാക്ടീരിയകൾ പെരുകുന്നത്. കുടിച്ചുകഴിഞ്ഞതിന് ശേഷം കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ അവ വയറിനുള്ളിൽ അസ്വസ്ഥതയ്ക്കും ജീവന് പോലും ഭീഷണിയാകുന്ന വയറിളക്കത്തിനും ഇടവരുത്തും.
പൂപ്പൽ
ഉപയോഗിക്കാതെ ഒരുപാട് നേരം സൂക്ഷിച്ചുവെച്ച കുപ്പിവെള്ളത്തിൽ സ്വഭാവികമായും പൂപ്പലിന്റെ കടന്നുവരവോടെ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടേക്കാം. പൂപ്പലിന്റെ അംശം കലർന്നിട്ടുള്ള വെള്ളം കുടിക്കുന്നതോടെ അത് ആമാശയത്തെ ദോഷകരമായി ബാധിക്കും
കുപ്പികളിലെ വെള്ളം എത്രകാലം സുരക്ഷിതമായിരിക്കും?
കുറഞ്ഞത് 24 മണിക്കൂറെങ്കിലും തണുത്ത സ്ഥലത്ത് സൂക്ഷിക്കുന്ന വെള്ളം സുരക്ഷിതമായിരിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഒരു ദിവസത്തിനുള്ളിൽ അത് മാറ്റുകയും വേണം. മാത്രവുമല്ല, തുറന്നുവെച്ച ഡിസ്പോസിബ്ൾ വാട്ടർ ബോട്ടിൽ രണ്ട് ദിവസത്തിലേറെ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് ഡോക്ടർമാർ പറയുന്നു. നേരത്തേ പായ്ക്ക് ചെയ്തുവെച്ച കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നതിന് മുമ്പായി അതിന്റെ പാക്കിങ് തിയ്യതി കർശനമായി പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.
കുപ്പിവെള്ളത്തെ എങ്ങനെ കേടുകൂടാതെ നിലനിർത്താം?
പായ്ക്ക് ചെയ്തുവെച്ച കുടിവെള്ളത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിശദമായ ഒരു പഠനം നടത്തിവരുന്നുണ്ട്. കുപ്പിവെള്ളത്തെ ഇന്ധനങ്ങൾ, മറ്റു രാസവസ്തുക്കൾ എന്നിവയിൽ നിന്നും അകറ്റിനിർത്തണമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ, കുപ്പികൾ ദിവസവും ഇളംചൂടുള്ള വെള്ളത്തിൽ കഴുകുകയും ഉണങ്ങിയതിന് ശേഷം മാത്രം ഉപയോഗിക്കുകയും ചെയ്യുക. സാധ്യമെങ്കിൽ പ്ലാസ്റ്റിക്ക് കുപ്പികൾക്ക് പകരം സ്റ്റീൽ കുപ്പികൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
പോറലുവീണതോ തേയ്മാനം സംഭവിച്ചതോ ആയ കുപ്പികളിലൂടെ ബാക്ടീരിയകൾക്ക് എളുപ്പം വളരാനാകുന്നതിനാൽ ഇടയ്ക്കിടെ കുപ്പികൾ മാറ്റുന്നതാണ് നല്ലത്.