ഭക്ഷണശേഷം ഒരു സ്‌പെഷ്യൽ ഗ്രാമ്പൂ ചായ ആയാലോ?; ആരോഗ്യഗുണങ്ങളറിയാം....

ഭക്ഷണശേഷമുണ്ടാകുന്ന വായ്‌നാറ്റത്തെ ചെറുക്കാൻ സഹായിക്കുന്നു

Update: 2024-03-28 08:29 GMT
Editor : Lissy P | By : Web Desk
Advertising

ചായയെന്നാൽ ചിലർക്ക് ഒരു വികാരമാണ്. ചായ കുടിക്കാത്ത ദിവസത്തെ കുറിച്ച് പലര്‍ക്കും ആലോചിക്കാൻ പോലും സാധിക്കില്ല. ചായയിൽ തന്നെ എത്രയോ രുചിഭേദങ്ങളുണ്ട്. ചിലർക്ക് കട്ടൻ ചായ ആണെങ്കിൽ നല്ല പാലൊഴിച്ച ചായയാകും മറ്റ് ചിലർക്ക് പ്രിയം.കട്ടൻ ചായയിൽ തന്നെ നിരവധി വെറൈറ്റികളുണ്ട്. മിന്റ് ചായ, ലൈം ടീ, ഏലക്കായ ഇട്ട ചായ... 

എന്നാൽ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ചെടുത്ത ചായ കുടിച്ചിട്ടുണ്ടോ.. രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണത്തിലും ഏറെ മുന്നിലാണ് ഗ്രാമ്പൂ ചായ. ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ ചായ കുടിക്കുന്നത് ദഹനത്തിനും മികച്ചൊരു മാർഗമാണ്. ഇതിന് പുറമെ ഹൃദയാരോഗ്യത്തിനും എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും.

ഗ്രാമ്പൂ ചായയുടെ ഗുണങ്ങൾ

ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടം

ഗ്രാമ്പൂ ചായയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

കരളിന്റെ ആരോഗ്യത്തിന്

ഗ്രാമ്പൂ ചായ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിഷാംശം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യത്തെ സഹായിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.ഗ്രാമ്പുവിൽ കാണപ്പെടുന്ന ബയോ ആക്റ്റീവ് സംയുക്തമായ യൂജെനോൾ കൊളസ്‌ട്രോൾ കുറക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. യൂജെനോൾ കരളിലെ കൊളസ്‌ട്രോൾ ഉൽപാദനത്തെ തടയുകയും ലിപിഡ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിന് ഗ്രാമ്പൂ ചായ സഹായിക്കും. ഇൻസുലിൻ ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും  ഇത് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാനും ഭക്ഷണം കഴിച്ചശേഷം ഗ്രാമ്പൂ ചായ കുടിക്കുന്നത് മൂലം സാധിക്കും.

വായയുടെ ആരോഗ്യത്തിന്

ഗ്രാമ്പൂവിൽ ആന്റി ഇൻഫ്‌ളമേറ്ററി പദാർഥം അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണശേഷമുണ്ടാകുന്ന വായ്‌നാറ്റത്തെ ചെറുക്കാൻ സഹായിക്കുന്നു. കൂടാതെ മോണയിലെ പഴുപ്പുകൾ കുറക്കാനും അണുക്കളെ നീക്കം ചെയ്യാനും സഹായിക്കും.

ഗ്രാമ്പൂ ചായ എങ്ങനെ ഉണ്ടാക്കാം...

ഒരു കപ്പ് വെള്ളത്തിൽ രണ്ടോ മൂന്നോ ഗ്രാമ്പൂ, ചെറിയ കഷ്ണം കറുവാപ്പട്ട,ആവശ്യമെങ്കിൽ ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചേർത്ത് തിളപ്പിക്കാം..ശേഷം ആവശ്യത്തിന് ചായപ്പൊടി ഇട്ട് ഇറക്കിവെക്കാം.. അത് അൽപനേരം അടച്ചുവെക്കുക.ശേഷം ചായ അരിച്ചെടുത്ത് ഇതിലേക്ക് തേൻ, നാരങ്ങ നീര് എന്നിവ ചേർത്ത് കുടിക്കാം..

മിതമായ അളവില്‍ മാത്രം

അതേസമയം, ഗ്രാമ്പൂ ചായ അമിതമായി കുടിക്കുന്നത് ചിലപ്പോൾ ദോഷം ചെയ്യും. മിതമായ അളവിൽ മാത്രമേ ചായ കുടിക്കാവൂ..ഗ്രാമ്പൂവിന് അലർജിയുള്ളവരും ഈ ചായ കുടിക്കുന്നത് ഒഴിവാക്കാം. അലർജിയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഗ്രാമ്പൂ ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News