ഈ പാത്രങ്ങൾ നിങ്ങളുടെ അടുക്കളയിലുണ്ടോ? കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾ

നാം നിത്യവും ഉപയോഗിക്കുന്ന ചില പാത്രങ്ങൾ നമ്മെ രോ​ഗികളാക്കിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു

Update: 2026-04-10 12:57 GMT

നല്ല ഭക്ഷണവും വ്യായാമവും മാത്രം മതി ആരോഗ്യം താനെ ലഭിക്കുമെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ എന്ത് കഴിക്കുന്നു എന്നതിനൊപ്പമോ അതിലധികമോ പ്രാധാന്യമുള്ള കാര്യമാണ് നിങ്ങളുടെ ഭക്ഷണം എന്തിലാണ് പാകം ചെയ്യുന്നതെന്ന കാര്യം എത്രപേർക്കറിയാം? എത്ര പോഷകഗുണമുള്ള ഭക്ഷണവും വിഷമായി മാറാൻ നിങ്ങളുടെ അടുക്കളയിലെ പാത്രങ്ങളിലെ ചെറിയൊരു പോറലോ അല്ലെങ്കിൽ ആ പാത്രം നിർമ്മിച്ച ലോഹമോ മതിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വിശ്വസിച്ചേ മതിയാകൂ. നാം നിത്യവും ഉപയോഗിക്കുന്ന ചില പാത്രങ്ങൾ നമ്മെ രോ​ഗികളാക്കിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അടുക്കളയിൽ നിന്നും ഇന്നു തന്നെ വിട പറയേണ്ട ആ പാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Advertising
Advertising

പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ: പച്ചക്കറിക്കൊപ്പം മൈക്രോപ്ലാസ്റ്റിക്കും!

പച്ചക്കറികൾ അരിയുന്ന പ്ലാസ്റ്റിക് ബോർഡുകളാണ് പ്രധാന വില്ലൻ. ഓരോ തവണ പച്ചക്കറി അരിയുമ്പോഴും കത്തിയുപയോഗിച്ച് ആ ബോർഡിൽ ചെറിയ പോറലുകൾ വീഴുന്നുണ്ട്. ഈ പോറലുകളിലൂടെ പുറത്തുവരുന്ന അദൃശ്യമായ മൈക്രോപ്ലാസ്റ്റിക് തരികൾ ഭക്ഷണത്തിൽ കലരുകയും നമ്മുടെ ആമാശയത്തിലെത്തുകയും ചെയ്യുന്നു. ശാസ്ത്രീയ പഠനങ്ങൾ പ്രകാരം, ഒരു വർഷം ഏകദേശം 7 ഗ്രാം വരെ പ്ലാസ്റ്റിക് ഇത്തരത്തിൽ ഒരാളുടെ ശരീരത്തിലെത്തുന്നുണ്ട്. ഇത് ശരീരത്തിനുള്ളിൽ വീക്കം ഉണ്ടാക്കാനും ദഹനപ്രക്രിയയെ ബാധിക്കാനും കാരണമാകും. ഇതിന് പകരമായി തടി അല്ലെങ്കിൽ മുള കൊണ്ടുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

പ്ലാസ്റ്റിക് പാത്രങ്ങൾ

ഭക്ഷണം ചൂടാക്കാനും സൂക്ഷിക്കാനും പ്ലാസ്റ്റിക് പാത്രങ്ങളെ ആശ്രയിക്കുന്നവർ ഏറെയാണ്. എന്നാൽ പ്ലാസ്റ്റിക് ചൂടാകുമ്പോൾ അതിൽ നിന്ന് ബിസ്ഫനോൾ എ (BPA) പോലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് അലിഞ്ഞുചേരുന്നു. ഇത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്ന ഒന്നാണ്. വന്ധ്യത, തൈറോയ്ഡ് പ്രശ്നങ്ങൾ, പൊണ്ണത്തടി, കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ എന്നിവയ്ക്ക് ഇത് പ്രധാന കാരണമാകുന്നു. 'ബിപിഎ ഫ്രീ' എന്ന് എഴുതിയ പ്ലാസ്റ്റിക് പാത്രങ്ങൾ പോലും ഉയർന്ന താപനിലയിൽ സുരക്ഷിതമല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചൂടുള്ള ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ വിളമ്പുന്നതും മൈക്രോവേവ് ചെയ്യുന്നതും വഴി ഈ വിഷാംശങ്ങൾ നേരിട്ട് രക്തത്തിൽ കലരുകയാണ് ചെയ്യുന്നത്.

നോൺ-സ്റ്റിക് പാത്രങ്ങൾ

സാധാരണക്കാരന്റെ അടുക്കളയിലെ സ്ഥിരം കാഴ്ചയാണ് പൊളിഞ്ഞ് പോറലേറ്റിട്ടും വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്ന നോൺസ്റ്റിക് പാനുകൾ. അടുക്കളയിലെ ഏറ്റവും വലിയ ചതിക്കുഴിയാണ് ഇത്തരത്തിൽ കോട്ടിങ് ഇളകിയ നോൺ-സ്റ്റിക് പാത്രങ്ങളെന്നതാണ് സത്യം. ഇതിലെ 'ടെഫ്ലോൺ' പാളിയിൽ അടങ്ങിയിരിക്കുന്ന PFAS (Per- and Polyfluoroalkyl Substances) എന്ന കെമിക്കലുകളെ 'ഫോറെവർ കെമിക്കൽസ്' എന്നാണ് വിളിക്കുന്നത്. കാരണം ഇവ ഒരിക്കൽ ശരീരത്തിലെത്തിയാൽ അവ പുറന്തള്ളപ്പെടാൻ വർഷങ്ങളെടുക്കും. നോൺ-സ്റ്റിക് പാത്രത്തിന് നേരിയ ഒരു പോറലേൽക്കുമ്പോൾ പോലും ലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണികകളാണ് ഭക്ഷണത്തിൽ കലരുന്നത്. ഇത് വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ, അമിത കൊളസ്‌ട്രോൾ എന്നിവയ്ക്ക് കാരണമാകുന്നു. ഒരു ചെറിയ പോറലേറ്റാൽ പോലും അത്തരം പാത്രങ്ങൾ ഉടൻ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

മൺചട്ടികളും ഇരുമ്പ് ചട്ടികളും പാചകത്തിനായി തിരഞ്ഞെടുക്കുന്നതായിരിക്കും കൂടുതൽ ഉചിതം. പ്ലാസ്റ്റിക്കിനും നോൺ-സ്റ്റിക്കിനും പുറകെ പോകാതെ സ്റ്റെയിൻലെസ്സ് സ്റ്റീൽ, ഗ്ലാസ്, കാസ്റ്റ് അയൺ (ഇരുമ്പ്) പാത്രങ്ങളിലേക്ക് തിരിച്ചുപോകുന്നത് ഭാവിയിൽ ബാധിച്ചേക്കാവുന്ന രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കും. ഇനി നോൺ-സ്റ്റിക് പാത്രങ്ങൾ ഉപയോ​ഗിക്കുകയാണെങ്കിൽ കൃത്യമായി നിർദേശങ്ങൾ പാലിച്ച് ശ്രദ്ധയോടെ പരിപാലിക്കാൻ ശ്രദ്ധിക്കുക. നോൺ-സ്റ്റിക് പാത്രങ്ങൾ പാടെ ഉപേക്ഷിക്കേണ്ടതില്ല. പ്ലാസ്റ്റിക് ലഞ്ച് ബോക്സുകൾക്ക് പകരം സ്റ്റീൽ ബോക്സുകൾ ശീലമാക്കുക.

രുചിയേക്കാൾ പ്രധാനം ആരോഗ്യമാണെന്ന ബോധ്യം ഓരോ അടുക്കളയിൽ നിന്നും തുടങ്ങട്ടെ. മാറ്റം നിങ്ങളുടെ അടുക്കളയിൽ നിന്ന് തന്നെ തുടങ്ങുക.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News