മുടി കൊഴിച്ചിൽ, താരൻ, നെറ്റി കയറൽ..മുടിയുമായി ബന്ധപ്പെട്ട് പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പലതാണ്. തിരക്കേറിയ ജീവിതശൈലി, മലിനീകരണം, മോശം ഭക്ഷണശീലങ്ങൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങൾ കാരണം മുടി പലപ്പോഴും ദുർബലമാവുകയും കാലക്രമേണ അതിന്‍റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. മുടിയുടെ വളർച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിൻ ഇ. മുടി കൊഴിച്ചിൽ കുറയ്ക്കാനും തിളക്കം മെച്ചപ്പെടുത്താനും അറ്റം പിളരുന്നതിനുമൊക്കെ വിറ്റാമിൻ ഇ ഗുണം ചെയ്യും.
''വിറ്റാമിൻ ഇ തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ശക്തവും തിളക്കമുള്ളതുമായ മുടിയുടെ വളര്‍ച്ചക്കും പൊട്ടൽ കുറയ്ക്കുന്നതിനും സഹായിക്കുന്നു'' ഷരീഫ സ്കിൻ കെയർ ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ. ഷരീഫ ചൗസ് പറയുന്നു. വിറ്റാമിൻ ഇ മുടിയുടെ ആരോഗ്യത്തെ പല വിധത്തിൽ സഹായിക്കും. അവ നിങ്ങളുടെ മുടിയെ പോഷകങ്ങൾ കൊണ്ട് പോഷിപ്പിക്കുകയും തലയോട്ടിയെ പരിപാലിക്കുകയും ചെയ്യുന്നു.
ദുർബലമായ മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഇത് സഹായിക്കും, അങ്ങനെ മുടിക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും ലഭിക്കും. ഇത് മുടി ശക്തവും ആരോഗ്യകരവുമായി വളരാൻ സഹായിക്കുന്നു.
വിറ്റാമിൻ ഇ തലയോട്ടിയിലെ എണ്ണമയം നിലനിർത്താൻ സഹായിക്കുന്നു. ഇത് തലയോട്ടി അമിതമായി വരണ്ടതോ എണ്ണമയമുള്ളതോ ആകുന്നത് തടയുന്നു. വരണ്ടതും പൊട്ടുന്നതുമായ മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും സാധ്യത കൂടുതലാണ്. വിറ്റാമിൻ ഇയിൽ ഈർപ്പമുള്ള ഗുണങ്ങളുണ്ട്, ഇത് മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്തുകയും കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
എങ്ങനെ ഉപയോഗിക്കാം
നിരവധി ഗുണങ്ങളുണ്ടെങ്കിലും വിറ്റാമിൻ ഇ മിതമായി ഉപയോഗിക്കണമെന്ന് ഡെർമറ്റോളജിസ്റ്റ് പറയുന്നു. അമിതമായ ഉപയോഗം ഗുണത്തിന് പകരം ദോഷം ചെയ്യും. തലയോട്ടിയിൽ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തണം. ഡോക്ടർ നിർദേശിച്ച പ്രകാരം കൃത്യമായി സപ്ലിമെന്‍റുകൾ കഴിക്കണം. പ്രത്യേകിച്ച് മറ്റ് മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ. സ്വന്തമായി ഒന്നും പരീക്ഷിക്കരുത്.
വിറ്റാമിൻ ഇ ഓയിൽ വളരെ കട്ടിയുള്ളതാണ്. അതിനാൽ ഇവ നേര്‍പ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ. വിറ്റാമിൻ ഇ ഓയിൽ വെളിച്ചെണ്ണയിലോ മറ്റേതെങ്കിലും എണ്ണയിലോ കൂട്ടിച്ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് ഗുണം ചെയ്യും. ബദാം, ഹസൽനട്ട്സ്, ചീര, സൂര്യകാന്തി എണ്ണ, അവോക്കാഡോ എന്നിവ വിറ്റാമിൻ ഇ കൊണ്ട് സമ്പന്നമാണ്. ഭക്ഷണത്തിലൂടെ വിറ്റാമിൻ ഇ കഴിക്കുന്നത് മികച്ച ആഗിരണവും സുരക്ഷയും ഉറപ്പാക്കുന്നു.