നല്ല ക്ഷീണമുണ്ട്..എന്നിട്ടും രാത്രിയിൽ ഉറങ്ങാനാകുന്നില്ലേ...? ഈ നാല് കാര്യങ്ങൾ പരീക്ഷിച്ചുനോക്കൂ

ഉറക്കമില്ലാതെ അസ്വസ്ഥമായി കഴിച്ചുകൂട്ടുന്ന രാത്രികളെ വെറുക്കുന്നവർക്ക് സമാധാനമായി ഉറങ്ങാനുള്ള പരിഹാരം നിർദേശിക്കുകയാണ് ഡോ.പ്രശാന്ത് കാറ്റേകാൾ എന്ന ന്യൂറോസർജൻ

Update: 2025-10-23 10:27 GMT

Photo: shutterstock

പകൽ മുഴുവൻ ജോലിയെടുത്ത് ക്ഷീണിതനായിട്ടും ബെഡിൽ സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത അവസ്ഥ വരാറുണ്ടോ? അൽ‍പം വിശ്രമം വേണമെന്ന് ശരീരം നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഉറക്കം നഷ്ടപ്പെട്ട് എങ്ങനെയെങ്കിലും നേരം വെളുത്തിരുന്നെങ്കിലെന്ന് കൊതിച്ചുപോകാറുണ്ടോ?

ഇത്തരത്തിൽ ഉറക്കമില്ലാതെ അസ്വസ്ഥമായി കഴിച്ചുകൂട്ടുന്ന രാത്രികളെ വെറുക്കുന്നവർക്ക് സമാധാനമായി ഉറങ്ങാനുള്ള പരിഹാരം നിർദേശിക്കുകയാണ് ഡോ.പ്രശാന്ത് കാറ്റ്കോൾ എന്ന ന്യൂറോസർജൻ. തന്റെ 33 വർഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് അദ്ദേ​ഹം ഇക്കാര്യം പറയുന്നത്.

Advertising
Advertising

ക്ഷീണിതനായിട്ടും രാത്രിയിൽ ഉറക്കമില്ലാതെ വിഷമിച്ചിരിക്കാറുണ്ടെങ്കിൽ നിങ്ങളുടെ പകൽനേരങ്ങളിലെ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഒരാൾ പകൽ ചെയ്യുന്നതെന്താണോ അതിനെ ആശ്രയിച്ചായിരിക്കും അയാളുടെ ഉറക്കം. രാത്രിയിൽ മനസ്സമാധാനത്തോടെ ഉറങ്ങാൻ പ്രധാനമായും നാല് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർ പറയുന്നത്.

1. നടത്തം വർധിപ്പിക്കുക

നിഷ്ക്രിയത്വമാണ് ഒരു പരിധിവരെ വില്ലൻ. ഓഫീസ് ജോലി ചെയ്യുന്നവരും അല്ലാത്തവരും ദിവസത്തിന്റെ ഭൂരിഭാ​ഗം നേരങ്ങളിലും അവധിനേരങ്ങളിലും വെറുതെയിരിക്കുകയാണെങ്കിൽ സ്വാഭാവികമായും രാത്രിയിൽ ഉറക്കം വിട്ടുനിൽക്കും. അതുകൊണ്ട് ദിവസം മുഴുവൻ ഇരിക്കുന്നതിന് പകരം അൽപനേരം നടക്കാൻ കൂടി സമയം കണ്ടെത്തണം.

2. മിതമായ വെളിച്ചം ശീലമാക്കുക

രാത്രിയിൽ ഉറങ്ങുന്നതിന് മുന്നോടിയായി നേരിയ വെളിച്ചം മാത്രം ഉപയോ​ഗിക്കുകയെന്നത് വളരെ പ്രധാനമാണ്. തീവ്രത കൂടിയ ബൾബുകൾക്ക് പകരം ബെഡ് റൂമുകളിൽ നേരിയ വെട്ടമുള്ള ബൾബുകൾ സ്ഥാപിക്കുന്നത് സു​ഗമമായ ഉറക്കത്തിലേക്ക് നയിക്കും.

3. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സ്ക്രീൻ ഉപയോ​ഗം ഒഴിവാക്കുക.

അതിരാവിലെ എണീറ്റ്, എന്തെങ്കിലുമൊക്കെ കഴിച്ച്, ഓഫീസിലെ തിരക്കുപിടിച്ച ജോലികളും മീറ്റിങ്ങുകളും വിശ്രമമില്ലാതെ തീർത്തുവരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വൈകുന്നേരമാണ് അൽപം ഒഴിവുസമയം ലഭിക്കുന്നത്. സ്വാഭാവികമായും അത്തരം സമയങ്ങളിൽ ടെലിവിഷൻ പരിപാടികളിലേക്കോ മൊബൈൽ സ്ക്രീനുകളിലേക്കോ ശ്രദ്ധ പോകാനുള്ള സാധ്യതയേറെയാണ്. ഇത് രാത്രിയിലെ ഉറക്കത്തെ അകറ്റിനിർത്തുന്നതിന് കാരണമാകുന്നതിനാൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പെ സ്ക്രീനുകൾ ഓഫാക്കണം.

4. അത്താഴം നേരത്തെയാക്കുക

അത്താഴം നേരത്തേയാക്കുന്നത് ഉറക്കത്തിന് ​ഗുണം ചെയ്യും. കഴിവതും സൂര്യാസ്തമയത്തിന്റെ നേരം തന്നെ അത്താഴം ശീലമാക്കുക, 20 മിനിറ്റെങ്കിലും ഇടവിട്ട് നടത്തം പതിവാക്കണം. ഇത് ദഹനപ്രക്രിയ വേ​ഗത്തിലാക്കും. ഉറങ്ങുന്നതിന് തൊട്ടുമുമ്പായി അത്താഴം കഴിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ ദഹനപ്രക്രിയ സങ്കീർണമാകുകയും രാത്രിയിൽ ഉറക്കമില്ലാതെ തിരിഞ്ഞുംമറിഞ്ഞും സമയം തള്ളിനീക്കേണ്ട അവസ്ഥയുണ്ടാവുകയും ചെയ്യും.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News