സ്റ്റോക്കിങ് എന്ന വില്ലൻ; സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഏറെയെന്ന് പഠനം
മൂന്നില്‍ ഒന്ന് സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്റ്റോക്കിങ്ങിന് വിധേയരായിട്ടുണ്ടെന്നും റിപ്പോര്‍ട്ട്
ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള സ്റ്റോക്കിങ് നേരിടാത്ത സ്ത്രീകള്‍ വളരെ കുറവായിരിക്കും. ഇതിന്റെ തുടര്‍ച്ചയായി വര്‍ഷങ്ങളോളം മാനസികപ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുമുണ്ട്. എന്നാല്‍, സ്റ്റോക്കിങ് ഹൃദയാഘാതത്തിന് വഴിവെക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?... സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത ഏറെയാണെന്ന് സൂചിപ്പിക്കുകയാണ് പുതിയ പഠനങ്ങള്‍.
സ്റ്റോക്കിങ് നേരിട്ടതും ഇതില്‍നിന്ന് നിയമപരമായ സംരക്ഷണം ലഭിച്ചതുമായ സ്ത്രീകളിലാണ് പഠനം നടത്തിയത്. ഒരാളുടെ അനുവാദമോ താത്പര്യമോ കൂടാതെ അയാളെ പിന്തുടരുന്ന രീതിയാണ് സ്റ്റോക്കിങ്. ശാരീരികമായി ആഘാതമുണ്ടാക്കുന്നില്ലെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന ഗൗരവമുള്ള പ്രവൃത്തിയായാണ് സ്റ്റോക്കിങ്ങിനെ കണക്കാക്കുന്നത്. ഇത്തരം അനുഭവങ്ങള്‍ ഭാവിയില്‍ ജീവഹാനിക്കുവരെ വഴിവെക്കാമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. അതേസമയം, മൂന്നില്‍ ഒന്ന് സ്ത്രീകളും ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സ്റ്റോക്കിങ്ങിന് വിധേയരായിട്ടുണ്ടെന്ന് അമേരിക്കയിലെ സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ പറയുന്നു.
മറ്റുള്ളവരെ അപേക്ഷിച്ച് സ്റ്റോക്കിങ് നേരിട്ട സ്ത്രീകളില്‍ ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത 41% കൂടുതലായിരിക്കും. സ്റ്റോക്കിങ്ങില്‍നിന്ന് നിയമപരമായ സംരക്ഷണം ലഭിച്ചവരില്‍ ഇത് 70 ശതമാനമായി ഉയരുന്നു. അതേസമയം, മെഡിക്കല്‍ റെക്കോഡുകള്‍ പ്രകാരം, ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടായ സ്ത്രീകളില്‍, 12% പേര്‍ മുന്‍പ് സ്റ്റോക്കിങ് നേരിട്ടിരുന്നതായും 6 % പേര്‍ നിയമപരമായ സംരക്ഷണം ലഭിച്ചിരുന്നവരായും വിലയിരുത്തുന്നു.
ഇവരിലുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളാണ് ഇതിന്റെ അടിസ്ഥാനകാരണമായി കണക്കാക്കുന്നത്. ഇത് നാഡീവ്യവസ്ഥയെയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്നു. മാനസിക സമ്മര്‍ദം പലപ്പോഴും രക്തക്കുഴലുകള്‍ക്ക് കേടുപാട് വരുത്താനിടയാകാറുണ്ട്. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമുള്ള പിന്തുണ, സ്ത്രീകളിലെ ദീര്‍ഘകാല മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സഹായിക്കും. ഹാര്‍വാര്‍ഡ് ടി.എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്ത് ആണ് ഗവേഷണവിവരം പ്രസിദ്ധീകരിച്ചത്. 66000-ത്തിലധികം സ്രീകളില്‍ നടത്തിയ രണ്ട് പതിറ്റാണ്ടുകാലത്തെ റിപ്പോർട്ടുകളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്