മഞ്ഞുകാലമായി.. ചർമത്തിനെയും കൂളാക്കണ്ടേ; ചെയ്യാനുണ്ട് ചിലതൊക്കെ

ദിവസവും വ്യായാമം ചെയ്യുന്നവരാണെങ്കിൽ നിർബന്ധമായും ചർമസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം

Update: 2022-11-16 14:36 GMT
Editor : banuisahak | By : Web Desk
Advertising

ഒരല്പം ശ്രദ്ധിച്ചില്ലെങ്കിൽ ചർമത്തിന് നിരവധി പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന സമയമാണ് മഞ്ഞുകാലം. വരൾച്ചയുണ്ടാകുന്നതും ചർമത്തിലുണ്ടാകുന്ന പൊട്ടലുകളും തണുപ്പുണ്ടാകുമ്പോൾ സർവസാധാരണമാണ്. അതിനാൽ ചർമത്തിന് പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്. ദിവസവും വ്യായാമം ചെയ്യുന്നവരാണെങ്കിൽ നിർബന്ധമായും ചർമസംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. അറിയേണ്ട ചില കാര്യങ്ങൾ ഇവയൊക്കെയാണ്... 

മോയ്‌ചറൈസ്

സൗന്ദര്യസംരക്ഷണത്തിൽ മോയ്‌ചറൈസർ വഹിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതില്ലല്ലോ. തണുപ്പുകാലത്ത് ഒരിക്കലും മോയ്‌ചറൈസർ ഒഴിവാക്കരുത്. നല്ല ബ്രാൻഡുകളുടെ മോയ്‌ചറൈസറുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുളിച്ച് കഴിഞ്ഞ ഉടനെയോ അല്ലെങ്കിൽ മുഖം കഴുകി കഴിഞ്ഞോ മോയ്‌ചറൈസർ ഉപയോഗിക്കുക. വരൾച്ചയെ തടഞ്ഞ് ചർമം ഈർപ്പമുള്ളതാക്കി നിലനിർത്താൻ ഇത് സഹായിക്കും. 

വരണ്ട ചർമമുള്ളവർ മോയ്‌ചറൈസർ ഉപയോഗിക്കുന്നതിന് മുൻപ് ഹൈഡ്രേറ്റിംഗ് സെറം ഉപയോഗിക്കുന്നത് നല്ലതാണ്. ഹൈലൂറോണിക് ആസിഡും വിറ്റാമിൻ ബി5ഉം അടങ്ങിയ സെറം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. 

ഇതിനിടെ ചുണ്ടുകൾ വിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം. പെട്ടെന്ന് വരണ്ടുപോകുന്ന ചർമ്മമാണ് ചുണ്ടുകളിലേത്. അതിനാൽ ലിപ് ബാം ഇപ്പോഴും കയ്യിൽ കരുതുക. ഇടയ്ക്കിടെ ലിപ് ബാം പുരട്ടുന്നത് ചുണ്ടുകൾ വിണ്ടുകീറുന്നത് തടയും. 

 സൺസ്‌ക്രീൻ മറക്കേണ്ട

മഞ്ഞുകാലമെന്ന് കേൾക്കുമ്പോൾ തണുത്ത കാറ്റും കുളിരുള്ള അന്തരീക്ഷവുമാണ് മനസിലേക്ക് വരുന്നതല്ലേ. എന്നാൽ, സൂര്യൻ അവിടെ തന്നെ കാണും എന്ന കാര്യം മറക്കേണ്ട. ഒരു നിശ്ചിത സമയത്തിന് ശേഷം വെയില് കൊള്ളുന്നത് ചർമത്തെ ദോഷകരമായി ബാധിക്കും. അതിനാൽ മഞ്ഞുകാലത്തും പുറത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ പുരട്ടാൻ മറക്കരുത്. 

 ഈ ഡ്രസ്സുകൾ മതി...

വീടിനകത്തും പുറത്തും ഈർപ്പം കുറവായതിനാൽ ശൈത്യകാലത്ത് നമ്മുടെ ചർമ്മം വരണ്ടതായി മാറുന്നു. അതിനാൽ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. വ്യായാമം ചെയ്യുമ്പോഴാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.  ജിമ്മിൽ പോകുമ്പോൾ ധരിക്കുന്ന കയ്യുറകളും വസ്ത്രങ്ങളും കുറച്ച് ഇറുകിയ താരമായിരിക്കും. ഇത് ശരീരത്തിലെ ജലാംശം പെട്ടന്ന് നഷ്ടപ്പെടാൻ ഇടയാക്കും. വ്യായാമത്തിന് മുൻപും ശേഷവും ശരീരത്തിൽ ജലാംശമുണ്ടെന്ന് ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കുക. 

ഇവയുടെ ഉപയോഗം കുറക്കുക 

സുഗന്ധമുള്ള ബോഡിവാഷുകൾ പൊതുവെ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. മൃദുവായ ക്ലെൻസർ ഉപയോഗിക്കുക. ഡിയോഡ്രന്റുകളുടെ ഉപയോഗം കുറയ്ക്കുക.ഷാംപൂവിന്റെ ഉപയോഗം കുറയ്ക്കാം. ഉപയോഗിക്കുന്നെങ്കിൽ തന്നെ മൈൽഡ് ഷാംപൂ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കണ്ടീഷനറുകൾ ഉപയോഗിക്കാം. പ്രകൃതിദത്തമായ കണ്ടീഷണറാണ് തേങ്ങാപ്പാൽ. വീട്ടിൽ തന്നെ കിട്ടുന്നതിനാലും മറ്റ് പാർശ്വഫലങ്ങൾ ഇല്ലാത്തതിനാലും തേങ്ങാപ്പാൽ ഉപയോഗിക്കുന്നതാണ് നല്ലത്. സോപ്പ് ഉപയോഗിക്കാതിരിക്കുക. പകരം നാരങ്ങ– മഞ്ഞൾപൊടി മിശ്രിതം തിരഞ്ഞെടുക്കാം. 

കുളി മുടക്കേണ്ട 

തണുപ്പുകാലത്ത് പൊതുവെ കുളിക്കാൻ എല്ലാവർക്കും മടിയാണ്. എന്നാൽ, കുളിക്കാതിരിക്കുന്നത് ചർമത്തിന്റെ സ്ഥിതി ഒന്നുകൂടി മോശമാക്കും. ഒരു നേരമെങ്കിലും നിർബന്ധമായും കുളിച്ചിരിക്കണം. ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. കടുത്ത ചൂടുവെള്ളം ഒഴിവാക്കി ഇളം ചൂടുവെള്ളം ഉപയോഗിക്കുക. നല്ല ചൂടുള്ള വെള്ളം ചർമത്തെ കൂടുതൽ വരണ്ടതാക്കും. 

 അതേസമയം, പുറത്ത് മാത്രമല്ല അകത്ത് നിന്നും ചർമത്തിന് സംരക്ഷണം വേണം. പഴങ്ങളും പച്ചക്കറികളും ശീലമാക്കാം. ജ്യൂസുകൾ കുടിക്കുന്നതും നല്ലതാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News