'എനിക്കത്ര പ്രായമൊന്നുമായിട്ടില്ല,പക്ഷേ മുടി നരക്കുന്നു... !'; ഇന്ത്യന്‍ യുവാക്കളില്‍ അകാല നര വര്‍ധിക്കുന്നതിന്‍റെ കാരണങ്ങളും പരിഹാരങ്ങളും

സ്ഥിരമായി മുടി കളര്‍ ചെയ്യുന്നതും രാസവസ്തുക്കളടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പതിവ് ഉപയോഗവുമെല്ലാം അകാലനരക്ക് കാരണമാകാറുണ്ട്

Update: 2025-12-15 12:08 GMT
Editor : Lissy P | By : Web Desk

ഇന്ത്യൻ യുവാക്കളിൽ അകാലനര വർധിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. പലർക്കും 20 വയസാകുമ്പോഴേക്കും ആദ്യനരകൾ കാണാറുണ്ട്.    സാധാരണയായി 40കളിലോ 50കളിലോ ആണ് ആളുകളിൽ നര കണ്ടുവരാറുള്ളത്.എന്നാൽ ഇന്ന് 20ഉം 30ഉം വയസുള്ള ചെറുപ്പക്കാരിൽ അകാലനര കൂടി വരികയാണെന്നെന്ന് കണക്കുകൾ പറയുന്നു. അകാലനരക്ക് പാരമ്പര്യം ഒരു ഘടകമാണ്. നിങ്ങളുടെ മാതാപിതാക്കൾക്കോ മുത്തശ്ശിക്കോ മുത്തശ്ശനോ നേരത്തെ നര പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്കും അതിനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ അടുത്തിടെ ചെറുപ്പക്കാരിൽ കൂടുതലായി അകാലനര കണ്ടുവരുന്നത് ജനിതപ്രശ്‌നം മാത്രമല്ല, അതിന് നിരവധി കാരണങ്ങളുമുണ്ട്. പരിസര മലിനീകരണം,അനാരോഗ്യകരമായ ഭക്ഷണരീതി,മാനസിക സമ്മർദം ഇവയെല്ലാം അകാലനരക്ക് കാരണങ്ങളാകും.മുടിക്ക് കറുപ്പ് നിറം നൽകുന്ന മെലാനിന്റെ ഉത്പാദനം കുറക്കാൻ ഈ ഘടങ്ങൾ കാരണമായേക്കാം. മെലാനിന്റെ അളവ് കുറയുന്നത് നേരത്തെ മുടി നരക്കാനും ഇടയാക്കും.

Advertising
Advertising

മലിനീകരണം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്‌ട്രെസ് ആണ് മുടി നേരത്തെ നരയ്ക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്ന്.മലിനീകരണം, യുവി വികിരണം തുടങ്ങിയ ഘടകങ്ങളുടെ ഫലമായുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്‌ട്രെസ്, മുടിയുടെ പിഗ്മെന്റേഷന് കാരണമാകുന്ന കോശങ്ങളായ മെലനോസൈറ്റുകളെ നശിപ്പിക്കുമെന്ന് NIH-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം എടുത്തുകാണിക്കുന്നു. ഈ കേടുപാടുകൾ നരയ്ക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.

ഇന്നത്തെ യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിട്ടുമാറാത്ത സമ്മർദം.അക്കാദമിക് സമ്മർദ്ദം, ജോലിഭാരം, തിരക്കുപിടിച്ച ജീവിതം ഇതെല്ലാം പ്രശ്നം ഗുരുതരമാക്കുന്നു.ഇത് കോര്‍ട്ടിസോളിനെ വര്‍ധിപ്പിക്കുകയും നരക്ക് കാരണമാകുകയും ചെയ്യും. 

പല യുവ ഇന്ത്യക്കാരും സംസ്‌കരിച്ചതും അമിതമായി പഞ്ചസാര അടങ്ങിയതും ഉയര്‍ന്ന കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങളാണ് പതിവായി കഴിക്കുന്നത്. ഇതുമൂലം മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും നഷ്ടമാകുകയും ചെയ്യും.  അതിനാൽ മുടിയുടെ നിറം സ്വാഭാവികമായി സംരക്ഷിക്കുന്നതിന് സമീകൃതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണക്രമം നിർണായകമാണ്.

രാസവസ്തുക്കളടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പതിവ് ഉപയോഗമാണ് അകാല നരയ്ക്കലിന് മറ്റൊരു കാരണം. വിപണിയിലുള്ള പല ഷാംപൂകളിലും, മുടിക്ക് നിറം കൊടുക്കുന്നതിലും,ഹെയര്‍ ട്രീറ്റ്മെന്‍റ് ഉല്‍പ്പന്നങ്ങളിലും സൾഫേറ്റുകൾ, പാരബെനുകൾ, കൃത്രിമ സുഗന്ധങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇവ തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുന്നു. കാലക്രമേണ, ഇത് മുടിയെ ദുർബലപ്പെടുത്തുകയും ഫോളിക്കിളുകളെ ഇല്ലാതാക്കി മെലാനിൻ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.

ദീർഘകാലം രാസവസ്തുക്കളുമായി സമ്പർക്കമുണ്ടാകുന്നത്‌  തലയോട്ടിയിലെ സ്വാഭാവിക പിഎച്ച് സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് നരയ്ക്കുന്നത് വേഗത്തിലാക്കും. സ്ട്രെയ്റ്റനറുകൾ, കേളിംഗ് അയണുകൾ തുടങ്ങിയ ഹീറ്റ് സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ അമിത ഉപയോഗം മുടിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും

അകാല നര തടയുന്ന പോഷകങ്ങൾ

പോഷകാഹാരക്കുറവ് അകാല നരക്ക് പ്രധാന കാരണമാണ്.മെലാനിൻ ഉൽപാദനത്തിന് ചെമ്പ് (കോപ്പര്‍) അത്യന്താപേക്ഷിതമാണ്. അതുപോലെ, ബി-കോംപ്ലക്‌സ് വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി 12, ബി 5 എന്നിവ ആരോഗ്യമുള്ള മുടി ഫോളിക്കിളുകൾക്ക് നിർണായകമാണ്. ഈ വിറ്റാമിനുകളുടെ കുറവ്  മുടിയുടെ വേരുകളെ ദുർബലപ്പെടുത്തും.നരക്ക് മുറമെ മുടിയുടെ ഉള്ള് കുറയാനും കാരണമാകും. 

ഇരുമ്പ് (അയണ്‍), സിങ്ക്, ഫോളിക് ആസിഡ് തുടങ്ങിയ മറ്റ് ധാതുക്കളും മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.   ഇലക്കറികൾ, പരിപ്പ്, വിത്തുകൾ, പാലുൽപ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ  എന്നിവ കഴിക്കുന്നത് വഴി മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കാന്‍ സഹായിക്കുന്നു. ചിലര്‍ക്ക് സപ്ലിമെന്റുകൾ ആവശ്യമായി വന്നേക്കാം. പക്ഷേ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ ഏത് സപ്ലിമെന്റുകളും കഴിക്കാവൂ.

പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക,സമ്മര്‍ദം കുറക്കുക  തുടങ്ങിയവ ചെയ്താല്‍ ഒരുപരിധി വരെ  നരയെ തടയാനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News