തടി കുറയ്ക്കാൻ മാത്രമല്ല...! അറിയാം ബ്രൗണ്‍ റൈസിന്റെ ഗുണങ്ങൾ

പോഷകഘടകങ്ങൾ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്.

Update: 2024-04-02 16:21 GMT
Advertising

കുറഞ്ഞത് രണ്ടുനേരമെങ്കിലും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. ചുവന്ന അരിയും വെള്ള അരിയും നമുക്ക് ലഭ്യമാണ്. ഇതിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ തവിട് അല്ലെങ്കിൽ പുറം പാളിയോടുകൂടിയതാണ് ചുവന്ന അരി (ബ്രൗണ്‍ റൈസ്). തവിട് കളഞ്ഞ് മിനുസപ്പെടുത്തിയാണ് വെളുത്ത അരി ഉൽപ്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ഡയറ്റീഷ്യന്‍മാരടക്കം നിർദേശിക്കുന്നത്.

രണ്ടുതരം അരിയിലും കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാൽ, ജീവകങ്ങളും ഫൈബറും അടക്കമുളള പോഷകഘടകങ്ങൾ ഏറ്റവും കൂടുതലുളളത് തവിടുളള ചുവന്ന അരിയിലാണ്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമുണ്ട്. ചുവന്ന അരിയുടെ സുപ്രധാന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന അരി ശരീരഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. ഇത് വിശപ്പിനെ നിയന്ത്രിക്കും. അതുവഴി വണ്ണം കുറയ്ക്കാം. അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് ഫൈബറുകൾ തടയുന്നു. മലബന്ധം ഒഴിവാക്കാനും വെളളത്തിൽ ലയിച്ചു ചേരാത്ത ഫൈബർ അടങ്ങിയ ചുവന്ന അരി സഹായിക്കും.

ചുവന്ന അരി കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണെന്നാണ് ഡയറ്റീഷ്യന്‍മാർ പറയുന്നത്. വെള്ള അരിയേക്കാൾ ഗ്ലൈസമിക് സൂചിക കുറവാണ് ചുവന്ന അരിയില്‍. ഗ്ലൈസെമിക് സൂചിക ഉയർന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. അതിനാൽ, ചുവന്ന അരി കൊണ്ടുള്ള ചോറ് കഴിക്കുന്നത് അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കും.  

ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാനും ചുവന്ന അരി സഹായിക്കും. സാന്ദ്രത കുറഞ്ഞ ലിപ്പോപ്രോട്ടീനായ എല്‍.ഡി.എല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറക്കാൻ ഇത് ഫലപ്രദമാണ്. പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം എന്നിവ അടങ്ങിയ ചുവന്ന അരി ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ഒപ്പം ഹൃദയത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്. ചിലയിനം ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News