ആർത്തവ വേദനക്ക് മെഫ്റ്റാല്‍ കഴിക്കുന്നവർക്ക് മുന്നറിയിപ്പ്: അൾസറിൽ തുടങ്ങി കാൻസർ വരെ എത്തിയേക്കാമെന്ന് സർക്കാർ

ഡോക്‌ടറുടെ പ്രിസ്‌ക്രിപ്‌ഷൻ പോലുമില്ലാതെയാണ് മെഡിക്കൽ സ്റ്റോറുകളിൽ മെഫ്റ്റാല്‍ കൊടുക്കുന്നത് .പനി, ചര്‍മത്തില്‍ ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളിൽ തുടങ്ങി ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.

Update: 2023-12-08 14:25 GMT
Editor : banuisahak | By : Web Desk
Advertising

ആർത്തവ സമയത്തുണ്ടാകുന്ന കടുത്ത വേദനായകറ്റാൻ പലരും ആശ്രയിക്കുന്നത് മെഫ്റ്റാല്‍ സ്പാസ് (Meftal) എന്ന വേദനാസംഹാരിയെയാണ്. മെഫ്റ്റാല്‍ ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആശ്വാസം ചെറുതല്ലെങ്കിലും ഇത് തുടർച്ചയായി കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണെന്നാണ് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ (ഐപിസി) മുന്നറിയിപ്പ് നൽകുന്നത്. 

മെഫ്റ്റാലിൽ അടങ്ങിയിരിക്കുന്ന മെഫെനാമിക് ആസിഡ് ഡ്രെസ് സിൻഡ്രോം പോലുള്ള (DRESS Syndrome) പ്രതികൂല അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ആർത്തവ വേദനക്ക് മാത്രമല്ല ആമവാതത്തിനും കൂടുതലായി ഉപയോഗിച്ചുവരുന്ന വേദനാസംഹാരിയാണ് മെഫ്റ്റാല്‍. പേശികളിലും സന്ധികളിലും ഉണ്ടാകുന്ന വേദനയിൽ നിന്ന് അൽപം ആശ്വാസം ലഭിക്കാൻ മെഫ്റ്റാല്‍ ജാഗ്രതയില്ലാതെ വ്യാപകമായി ഉപയോഗിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ മുന്നയിപ്പുമായി എത്തിയിരിക്കുന്നത്. 

ഡ്രഗ് റാഷ് വിത് ഈസ്‌നോഫീലിയ ആന്‍ഡ് സിസ്റ്റമിക് സിംപ്റ്റംസ് എന്നതിന്റെ ചുരുക്കമാണ് ഡ്രസ്സ് സിന്‍ഡ്രോം. പല മരുന്നുകൾ കഴിക്കുന്നത് മൂലവും ഈ അവസ്ഥയുണ്ടാകാം. ശരീരത്തിൽ ഗുരുതരമായ അലർജിയാണ് ഡ്രസ് സിൻഡ്രോമിലൂടെ ഉണ്ടാകുന്നത്. പനി, ചര്‍മത്തില്‍ ചൊറിച്ചില്‍ എന്നീ ലക്ഷണങ്ങളിൽ തുടങ്ങി ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. 

ദഹന പ്രശ്നങ്ങളോ ഉദരസംബന്ധമായ പ്രശ്നങ്ങളോ ഉള്ളവരാണെങ്കിൽ മെഫ്റ്റാലിന്റെ ഉപയോഗം കൂടുതൽ ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെക്കും. മെഫ്റ്റാലിന്റെ ദീര്‍ഘനാളായുള്ള ഉപയോഗം വയറില്‍ അള്‍സറുണ്ടാകാന്‍ കാരണമാകുമെന്നും ഐപിസി മുന്നറിയിപ്പ് നൽകുന്നു. ഇത് തിരിച്ചറിയാൻ കഴിയാതെ വരികയോ ചികിത്സ വൈകിക്കുകയോ ചെയ്യുകയാണെങ്കിൽ കാൻസർ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 

അമിതമായ ക്ഷീണം, വയറിളക്കം, കൈകാലുകളില്‍ നീര്, ചൊറിച്ചില്‍, ഓക്കാനം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മലത്തില്‍ രക്തം, കണ്ണിലും ചര്‍മത്തിലും മഞ്ഞനിറം എന്നീ ലക്ഷണങ്ങളും മെഫ്റ്റാലിന്റെ അനന്തരഫലങ്ങളാണ്. അതിനാൽ, മെഫ്റ്റാല്‍ ഉപയോഗം ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമായിരിക്കണം. ഗുളിക എപ്പോൾ, എത്ര അളവിൽ കഴിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ ഡോക്ടറുടെ സഹായം തേടേണ്ടത് നിർബന്ധമാണ്. 

ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ പോലുമില്ലാതെയാണ് മെഡിക്കൽ സ്റ്റോറുകളിൽ മെഫ്റ്റാല്‍ കൊടുക്കുന്നത്. ഇതിനെതിരെ ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും ഐപിസിയുടെ മുന്നറിയിപ്പിൽ പറയുന്നു. ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവർ ഈ മരുന്ന് ഉപയോഗിക്കാൻ പാടില്ലെന്നും പ്രത്യേകം പറയുന്നുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News