ക്ഷീണം മാറ്റാൻ മാത്രമല്ല, തക്ക സമയത്ത് നൽകിയാൽ ജീവനും രക്ഷിക്കാം; ഒ.ആര്‍.എസിന്റെ ഗുണങ്ങൾ

ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്

Update: 2023-07-29 11:50 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ രക്ഷിക്കാന്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന്‍ സാള്‍ട്ട്‌സ് ഏറെ ഫലപ്രദമായ മാര്‍ഗമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലോകത്ത് 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ രണ്ടാമത്തെ മരണ കാരണം വയറിളക്ക രോഗങ്ങളാണ്. ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകും.

ശരീരത്തില്‍ നിന്നും ജലാശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല തുടങ്ങിയ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള മരണം പ്രത്യേകിച്ച് കുട്ടികളില്‍ തടയാന്‍ ഒ.ആര്‍.എസ്. തക്കസമയം നല്‍കിയാല്‍ കഴിയുന്നതാണ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആര്‍.എസ്. സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഒ.ആര്‍.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂലൈ 29 ന് ഒ.ആര്‍.എസ്. ദിനം ആചരിക്കുന്നത്. ഒ.ആര്‍.എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു.

ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആര്‍.എസ്. ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ.ആര്‍.എസ്. ലായനി നല്‍കണം. ചര്‍ദ്ദിലോ വയറിളക്കമോ തുടരുന്നെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്.

ഒ.ആര്‍.എസ്. ഉപയോഗിക്കേണ്ട വിധം

· എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക.

· വൃത്തിയുള്ള പാത്രത്തില്‍ 200 മില്ലി ഗ്രാമിന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക.

· ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് വൃത്തിയുള്ള സ്പൂണ്‍ കൊണ്ട് ഇളക്കുക.

· വയറിളക്ക രോഗികള്‍ക്ക് ഈ ലായനി നല്‍കേണ്ടതാണ്.

· കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദ്ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക

· ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.

എല്ലാവരും വീട്ടില്‍ പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റ് കരുതുക. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക. അതോടൊപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക. ഒരു ഒരാള്‍ പോലും നിര്‍ജലീകരണം മൂലം മരണപ്പെടരുത്. ഈ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് എല്ലാവര്‍ക്കും പങ്കാളികളാകാം.

ലോക ഒ.ആര്‍.എസ്. ദിനാചരണത്തോട് അനുബന്ധിച്ചുള്ള പോസ്റ്റര്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ബിനോയ് എസ്. ബാബു എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News