ശീതളപാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നവരാണോ? പുരുഷന്മാരേക്കാള്‍ അപകടം സ്ത്രീകളില്‍, കരളിലെ കാൻസറിനും കാരണമായേക്കാം...

ദിവസേന ഒന്നോ അതിലധികമോ ശീതളപാനീയങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് കരൾ കാൻസർ വരാനുള്ള സാധ്യത 85 ശതമാനം കൂടുതലാണെന്ന് പഠനം

Update: 2024-01-30 08:10 GMT
Editor : Lissy P | By : Web Desk
Advertising

വേനൽക്കാലമെന്നോ ശൈത്യകാലമെന്നോ വ്യത്യാസമില്ലാതെ അമിതമായി ശീതളപാനീയങ്ങൾ കുടിക്കുന്നത് ചിലരുടെ ശീലമാണ്. വെള്ളം കുടിക്കുന്നതിനേക്കാൾ കൂടുതൽ പഞ്ചസാര നിറഞ്ഞ ഇത്തരം പാനീയങ്ങൾ കുടിക്കുന്നവരും ഏറെയാണ്. എന്നാൽ ഈ ശീലം  ശരീരഭാരം വർധിപ്പിക്കുക മാത്രമല്ല, മാരകമായ രോഗങ്ങൾക്ക് വരെ കാരണമായേക്കുമെന്ന് പഠനങ്ങൾ പറയുന്നു.

അമേരിക്കയിലെ ഇന്ത്യൻ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ ശീതളപാനീയങ്ങൾ കഴിക്കുന്ന പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്കാണ് ദോഷം ചെയ്യുമെന്ന് പറയുന്നു. സ്ഥിരമായി ശീതളപാനീയങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് കരൾ കാൻസർ, കരൾ വീക്കം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ആർത്തവവിരാമം നേരിടുന്ന 98,786 സ്ത്രീകളിലാണ് പഠനം നടത്തിയത്. ദിവസേന ഒന്നോ അതിലധികമോ ശീതളപാനീയങ്ങൾ കഴിക്കുന്ന സ്ത്രീകൾക്ക് കരൾ കാൻസർ വരാനുള്ള സാധ്യത 85 ശതമാനവും കരൾ വീക്കം മൂലമുള്ള മരണത്തിനുള്ള സാധ്യത 68 ശതമാനവും കൂടുതലാണെന്ന് കണ്ടെത്തിയെന്നും പഠനം പറയുന്നു.

എന്തുകൊണ്ട് സ്ത്രീകളിൽ?

പഞ്ചസാര കൂടുതലായി അടങ്ങിയ പാനീയങ്ങൾ പതിവായി കഴിക്കുന്നത് സ്ത്രീകളിൽ ഫൈബ്രോസിസ്, സിറോസിസ്, വിട്ടുമാറാത്ത കരൾ വീക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഒരു സാധാരണ ശീതളപാനീയത്തിന്റെ 600 മില്ലി കുപ്പിയിൽ ഏകദേശം 16 പായ്ക്കറ്റ് പഞ്ചസാരയുണ്ടാകും. ഇതുവഴി അമിതമായി കലോറികൾ ശരീരത്തിലെത്തുകയും ചെയ്തു.ഇത് അമിതഭാരത്തിനും പൊണ്ണത്തടിക്കും കാരണമാകും. സ്തന, പാൻക്രിയാറ്റിക്, കരൾ കാൻസറുകൾക്കും ഇത് കാരണമായേക്കും.

കൂടാതെ, ഈ പാനീയങ്ങളിൽ ചിലതിൽ കാൻസറിന് കാരണമാകുന്ന ബെൻസീൻ, 4-മെഥൈലിമിഡാസോൾ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് വളരെ കുറവാണ്. മധുരമുള്ള പാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കാൻ കാരണമാകുന്നു. 

കരൾ കാൻസറിന്റെ ലക്ഷണങ്ങൾ

കരൾ കാൻസറിന് അതിന്റെ പ്രാരംഭ ഘട്ടത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ചിലരിൽ വയറിന്റെ വലതുഭാഗത്ത് വേദന, വലതു തോളിനടുത്ത് വേദന, മഞ്ഞപ്പിത്തം, അകാരണമായി ശരീരഭാരം കുറയുക, ഓക്കാനം, വിശപ്പില്ലായ്മ, ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം തുടങ്ങിയവ ലക്ഷണങ്ങളായി കാണാറുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News