രാവിലെ വെറുംവയറ്റിൽ പഴങ്ങൾ കഴിക്കാമോ?
നമ്മളിൽ പലരും രാവിലെയാണ് പഴങ്ങൾ കഴിക്കാറുള്ളത്
ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പഴവര്‍ഗങ്ങള്‍. ഇവയുടെ ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. ഓരോ പഴത്തിനും വ്യത്യസ്ത ഗുണങ്ങളുണ്ടെന്നിരിക്കെ അവ കഴിക്കുന്നതിനും സമയമുണ്ട്.
നമ്മളിൽ പലരും രാവിലെയാണ് പഴങ്ങൾ കഴിക്കാറുള്ളത്. എന്നാൽ ഇത് നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്നതിൽ സമയം വലിയ വ്യത്യാസമുണ്ടാക്കുമെന്ന് പോഷകാഹാര വിദഗ്ധര്‍ പറയുന്നു. പഴവര്‍ഗങ്ങൾ ഏത് സമയത്ത് കഴിക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധ സുമൻ അഗർവാൾ.
ഏത് സമയത്ത് കഴിക്കണം
1 ലഘുഭക്ഷണമായോ ഭക്ഷണത്തിനിടയിൽ ഫില്ലറായോ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജം നൽകുന്നു.
2. വ്യായാമത്തിന് മുമ്പ് - വ്യായാമത്തിന് 30 മുതൽ 40 മിനിറ്റ് മുൻപ് വരെ പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഊർജ്ജത്തിനും സ്റ്റാമിനയ്ക്കും ആവശ്യമായ സ്വാഭാവിക പഞ്ചസാര നൽകുന്നു. വ്യായാമ വേളയിലുടനീളം ഇത് ഊര്‍ജം നൽകുന്നു.
3. ഭക്ഷണത്തിന് ശേഷം- ഭക്ഷണത്തിന് ശേഷം പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്. എന്നാൽ രണ്ട് മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം കഴിക്കാൻ പാടുള്ളൂ.
ഈ സമയത്ത് പഴങ്ങൾ കഴിക്കരുത്
രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കരുതെന്ന് സുമൻ അഭിപ്രായപ്പെടുന്നു. പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് ഉടനടി കൂട്ടും. കൂടാതെ, അവ വെറും വയറ്റിൽ കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ അപകടത്തിലാക്കും. കാരണം ദഹനത്തിനും ആഗിരണത്തിനും സഹായിക്കുന്ന സ്വാഭാവിക ബാക്ടീരിയകളെ ഇവ നശിപ്പിക്കുന്നു കാലക്രമേണ, ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മോശമായി ബാധിക്കാം.