ഇന്ത്യൻ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. ഭക്ഷണങ്ങൾക്ക് സ്വാദുണ്ടാക്കുന്നതിന് പുറമെ നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഇലയാണിത്. അതേസമയം, ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും കറിവേപ്പില വളരെ ഗുണം ചെയ്യും. ചർമ്മത്തിന് തിളക്കം നൽകുന്നതിനും മുഖക്കുരു കുറക്കാനും കറിവേപ്പിലക്ക് സാധിക്കും. കറിവേപ്പിലയിൽ ആന്റി-മൈക്രോബയൽ ഗുണങ്ങളുള്ള ആന്റിഓക്സിഡന്റുകളും ചർമ്മത്തിന് ആവശ്യമായ വിറ്റാമിൻ എ, സി എന്നിവയും അടങ്ങിയിട്ടുണ്ട്.
കറിവേപ്പിലയുടെ അഞ്ച് ചർമ്മസംരക്ഷണ ഗുണങ്ങൾ ഇതാ...
മുഖക്കുരു ചെറുക്കാം
കറിവേപ്പിലയ്ക്ക് ആൻറി-ഇൻഫ്‌ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. ശുദ്ധമായ കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടാം. ഏകദേശം 15 മിനിറ്റ് മുഖത്ത് പിടിപ്പിച്ച ശേഷം വെള്ളത്തിൽ കഴുകികളയാം.
സ്‌കിൻ ടോണിംഗ്
കറിവേപ്പില ഉപയോഗിച്ച് പ്രകൃതിദത്ത ടോണർ ഉണ്ടാക്കാം. ഒരു പിടി കറിവേപ്പില വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. തണുത്തതിന് ശേഷം വെള്ളം അരിച്ചെടുക്കുക. ഇത് ടോണറായി ഉപയോഗിക്കാം. ചർമ്മത്തിന്റെ വലിച്ചിൽ മുറുക്കാനും സുഷിരങ്ങൾ ഇല്ലാതാക്കാനും ഈ ടോണർ സഹായിക്കും.
പാടുകൾ കുറക്കുന്നു
കറിവേപ്പിലയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ കറുത്ത പാടുകളും ഹൈപ്പർപിഗ്മെന്റേഷനും കുറയ്ക്കാൻ സഹായിക്കും. കറിവേപ്പില അരച്ചതിൽ ഏതാനും തുള്ളി ചെറുനാരങ്ങാനീരും ഉപയോഗിച്ച് ഉണ്ടാക്കിയ പേസ്റ്റ് പാടുകളുള്ള സ്ഥലങ്ങളിൽ പുരട്ടാം.
ചർമ്മത്തിലെ ചുളിവുകൾ കുറക്കാൻ സഹായിക്കും
കറിവേപ്പിലയിലെ ആന്റിഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്‌ട്രെസ് തടയുകയും ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്ന പ്രക്രിയ മന്ദഗതിയിലാക്കുകയും ചെയ്യും. കറിവേപ്പില പേസ്റ്റ് പതിവായി പ്രയോഗിക്കുന്നത് ചുളിവുകൾ കുറക്കാൻ സഹായിക്കും.
ചർമ്മത്തിന്റെ ഈർപ്പവും മൃദുവും നിലനിർത്താം
ചർമ്മത്തിന് സ്വാഭാവിക മോയ്‌സ്ചറൈസേഷൻ നൽകാൻ ഫേസ് പാക്കോ ഫേസ് മാസ്‌കോ ആയി കറിവേപ്പില ഉപയോഗിക്കാം. കറിവേപ്പില അരച്ചതിൽ തൈരോ തേനോ ചേർത്ത് പാക്ക് ഉണ്ടാക്കാം. ഇവ ഉപയോഗിക്കുന്നത് വഴി ചർമ്മത്തിന്റെ ഈർപ്പവും മൃദുവും നിലനിർത്താൻ സഹായിക്കും.