Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ഏറ്റവും സുരക്ഷിതമാണെന്ന് നമ്മള്‍ കരുതിയ ഗ്ലാസ് കുപ്പികളില്‍ പ്ലാസ്റ്റിക് കുപ്പികളേക്കാള്‍ കൂടുതല്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. ഫ്രാന്‍സിലെ ഭക്ഷ്യ സുരക്ഷ ഏജന്‍സിയാണ് പഠനം പുറത്തുവിട്ടത്. ശീതളപാനീയങ്ങള്‍, നാരങ്ങാവെള്ളം, ഐസ്ഡ് ടീ, ബിയര്‍ എന്നിവയുടെ ഗ്ലാസ് കുപ്പികളില്‍ ലിറ്ററില്‍ ഏകദേശം 100 മൈക്രോപ്ലാസ്റ്റിക് കണികകള്‍ അടങ്ങിയിരിക്കുന്നു എന്നാണ് പഠനം. ഇത് പ്ലാസ്റ്റിക് അല്ലെങ്കില്‍ ലോഹ പാത്രങ്ങളേക്കാള്‍ 50 മടങ്ങ് കൂടുതലാണെന്നും കണ്ടെത്തല്‍.
പ്ലാസ്റ്റിക് കുപ്പികളേക്കാള്‍ സുരക്ഷിതമാണ് ഗ്ലാസ് കുപ്പികളെന്നാണ് ഗവേഷകര്‍ ഇതുവരെയും വിലയിരുത്തിയിരുന്നത്. പഠനം നടത്തുമ്പോഴും ഫലം അങ്ങനെ തന്നെയായിരിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പഠനം ശാസ്ത്രലോകത്തെ അതിശയിപ്പിക്കുന്നതാണ്. പ്ലാസ്റ്റിക് കുപ്പികളേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക് ഗ്ലാസ് കുപ്പികളില്‍ അടങ്ങിയിട്ടുണ്ട്.
ഗ്ലാസ് കുപ്പികളുടെ അടപ്പുകളാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടമെന്നാണ് വിലയിരുത്തുന്നത്. ഗ്ലാസ് കുപ്പികളിലെ പാനിയങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത പ്ലാസ്റ്റിക്കുകള്‍ പരിശോധിച്ചപ്പോള്‍ മനസിലായത് അടപ്പില്‍ നിന്നുള്ള പ്ലാസ്റ്റിക്കും പെയിന്റുമാണ് പാനിയങ്ങളില്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത് എന്നതാണ്. ബീര്‍ കുപ്പികളിലാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. ഒരു ലിറ്ററില്‍ 60 കണികകളാണ് കണ്ടെത്തിയത്.
ഗ്ലാസ് കുപ്പികളില്‍ 4.5 കണികകളും പ്ലാസ്റ്റിക് കുപ്പികളില്‍ 1.6 പ്ലാസ്റ്റിക് കണികളുമാണുള്ളത്. പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് കണികകള്‍ അടങ്ങിയിട്ടുള്ളത് ഗ്ലാസ് കുപ്പികളിലാണെന്നാണ്. വൈന്‍ നിറച്ച കുപ്പികള്‍ ഒഴിച്ച് മറ്റ് പാനിയങ്ങള്‍ നിറച്ച കുപ്പികളിലെല്ലാം വലിയ അളവില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. വൈന്‍ കുപ്പികള്‍ ലോഹഅടപ്പുകള്‍ക്ക് പകരം കോര്‍ക്ക് വെച്ചാണ് അടച്ചിരിക്കുന്നത്. പ്ലാസ്റ്റിക് അടപ്പുള്ള ഗ്ലാസ് കുപ്പികള്‍ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
പ്ലാസ്റ്റിക് ഉല്‍പാദനം 1950നെ അപേക്ഷിച്ച് 2022ല്‍ 400.3 ദശലക്ഷകണക്കായി ഉയര്‍ന്നു. ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉത്പാദനം വലിയ രീതിയിലാണ് വര്‍ധിച്ചത്. മൈക്രോപ്ലാസ്റ്റിക് എന്നത് വളരെ ചെറിയ പ്ലാസ്റ്റിക് കണികകളാണ്. അഞ്ച് മില്ലിമീറ്ററിനേക്കാള്‍ ചെറുതാണിവ. മനുഷ്യ മസ്തിഷ്‌കത്തിലും ഇവ കാണപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തല്‍.