ഒന്ന് പോയി കിടന്നുറങ്ങ് കൊച്ചേ!: കുഞ്ഞ് രാത്രി ഉറങ്ങുന്നില്ലേ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കുട്ടികളുടെ ശരിയായ ശാരീരിക മാനസിക വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒന്നാണ് ഉറക്കം. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് അവരെ ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും.

Update: 2021-08-17 11:38 GMT
By : Web Desk
Advertising

''കുഞ്ഞ് രാത്രി ഉറങ്ങുന്നില്ലെന്നേ..''

കൊച്ചുകുഞ്ഞുങ്ങളുള്ള അമ്മമാരുടെ സ്ഥിരം പരാതിയാണിത്... വളരെയേറെ പരിശ്രമിച്ച് ഒന്നുറക്കിയാലും ഒരു ഉണ്ണിയുറക്കം കഴിഞ്ഞ്, എന്നാ പിന്നെ കളിക്കല്ലേന്ന് ചോദിച്ച് ആളിങ്ങ് എഴുന്നേറ്റ് പോരും.. ഫലമോ, പകലുമുഴുവനും അമ്മ ഉറക്കം തൂങ്ങി ഇരിക്കേണ്ടിയും വരും... ജോലിക്കാരായ അമ്മമാരാണെങ്കില്‍ പെട്ടത് തന്നെ..

നല്ല ഉറക്കം കിട്ടിയാലേ കുഞ്ഞുങ്ങള്‍ നല്ലതുപോലെ വളരൂ എന്ന് അമ്മൂമ്മമാര്‍ പറയുന്നത് കേട്ടിട്ടില്ലേ.. ശരിയാണത്. കുട്ടികളുടെ ശരിയായ ശാരീരിക മാനസിക വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ ഒന്നാണ് ഉറക്കം. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് അവരെ ദോഷകരമായി ബാധിക്കുക തന്നെ ചെയ്യും. ഒരു കുഞ്ഞ് ഒരു ദിവസം സാധാരണ ഗതിയില്‍ ഏകദേശം 14 മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങണമെന്നാണ് കണക്കുകള്‍. എങ്ങനെയാണ് കൊച്ചുകുറുമ്പനെയും കുറുമ്പിയെയും ഒന്ന് രാത്രി ഉറക്കിയെടുക്കുക എന്നാണോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ..


  • ദേഷ്യപ്പെട്ടോ ശാസിച്ചോ കുട്ടികളെ ഉറക്കാന്‍ ശ്രമിക്കരുത്. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് അവരുടെ മനസ്സ് ശാന്തമാണെന്ന് ഉറപ്പു വരുത്തണം.-കുഞ്ഞിനെ അടുത്ത് കിടത്തി പാട്ടുകള്‍ പാടി കൊടുക്കുകയോ കഥകള്‍ പറഞ്ഞുകൊടുക്കുകയോ ചെയ്യാം.
  • കുഞ്ഞിനെ ഉറക്കുന്നത് എല്ലാ ദിവസവും ഏകദേശം ഒരേ സമയത്തായിരിക്കാന്‍ ശ്രദ്ധിക്കുക.
  • രാത്രി ഭക്ഷണം വയറു നിറയെ കൊടുക്കാതിരിക്കുക. വയറു നിറഞ്ഞാല്‍ അതും കുട്ടികളുടെ ഉറക്കത്തെ ബാധിക്കും.
  • ആവശ്യമുള്ള ഭക്ഷണം കുഞ്ഞ് കഴിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തണം.
  • കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എങ്കിലും അവര്‍ക്ക് ഭക്ഷണം കൊടുക്കുക.
  • രാത്രി ഭക്ഷണത്തിന് ശേഷം കിടക്കുംമുമ്പ് ബ്രെഷ് ചെയ്യുന്നത് ശീലമാക്കുക
  • ഉറങ്ങും മുമ്പായി കുഞ്ഞുങ്ങളെ കുളിപ്പിക്കുക.
  • ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ ഭക്ഷണം കൊടുത്ത്, ദേഹം തുടപ്പിച്ച് വസ്ത്രം മാറ്റി വേണം കിടത്തിയുറക്കാന്‍.
  • മുറിയില്‍ കുഞ്ഞിന്റെ ഉറക്കത്തെ ശല്യപ്പെടുത്തു ശബ്ദങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുക. ചൂട് ഉണ്ടെങ്കില്‍ ഫാനിടുക, എസിയിട്ടിട്ടുണ്ടെങ്കില്‍ കുഞ്ഞിന് പറ്റുന്ന തണുപ്പേയുള്ളൂവെന്നും ഉറപ്പുവരുത്തുക.
  • കൊതുകു ശല്യമുണ്ടെങ്കില്‍ കൊതുകുവല ഉപയോഗിക്കാം. കൊതുക് തിരിയും ലിക്വിഡും കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാക്കിയേക്കും.
  • കുട്ടികളെ രാത്രിയില്‍ അധികം വെള്ളം കുടിപ്പിക്കാതിരിക്കുക.
  • കിടക്കുന്നതിന് മുമ്പ് കുട്ടികളെ മൂത്രമൊഴിപ്പിച്ചിട്ട് കിടത്തുക
  • രാത്രിയില്‍ കുട്ടികളെ അയഞ്ഞ വസ്ത്രം ധരിപ്പിക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ആണെങ്കില്‍ നല്ലത്.
  • കുട്ടികളുടെ ബെഡ്ഷീറ്റും തലയിണയും എപ്പോഴും വൃത്തിയുള്ളതായിരിക്കുവാന്‍ ശ്രദ്ധിക്കണം.
  • ഇരുട്ടത്ത് കിടന്നുറങ്ങാന്‍ പേടിയുള്ള കുട്ടികള്‍ക്കായി മുറിയില്‍ ചെറിയ വെളിച്ചം ഉണ്ടായിരിക്കുക
  • കൃത്യസമയത്ത് തന്നെ ഉണരുന്നത് ശീലമാക്കുക

കുഞ്ഞിന് ആറുമാസം കഴിഞ്ഞെങ്കില്‍, മറ്റ് ആഹാരം കഴിച്ചു തുടങ്ങിയെങ്കില്‍ ഉറക്കത്തിനിടെ വിളിച്ചുണര്‍ത്തി മുലയൂട്ടണമെന്നില്ല. രാത്രി കുഞ്ഞ് ഉണര്‍ന്നാല്‍ പെട്ടെന്ന് എടുക്കാതെ, പതിയെ തട്ടിക്കൊടുത്ത് ഉറക്കാന്‍ ശ്രമിക്കുക. പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കുക. കൂടാതെ കുട്ടിക്ക് മറ്റ് അസ്വസ്ഥതകളില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.. കൊടുത്ത ഭക്ഷണം മൂലമുള്ള അലര്‍ജി കാരണമോ, വിശക്കുന്നതു കൊണ്ടോ കുട്ടി ഉറക്കം വരാതെ അസ്വസ്ഥത കാണിച്ചേക്കാം. കുട്ടി കിടക്കുന്നത് ശരിയായ രീതിയിലാണ് എന്നും ഉറപ്പു വരുത്തുക. പല്ല് വരുന്നതിന്‍റെ വേദന, ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകള്‍, ജലദോഷം മൂലം മൂക്ക് അടഞ്ഞിരിക്കുക എന്നീ ബുദ്ധിമുട്ടുകള്‍ കുട്ടിയെ അലട്ടുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.

ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിട്ടും കുട്ടി രാത്രി ഉറങ്ങുന്നില്ലെങ്കിലും രാത്രി കരയുന്നുണ്ടെങ്കിലും ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കേണ്ടതാണ്.



Tags:    

By - Web Desk

contributor

Similar News