ചിലരുണ്ട്, വല്ലാതെ ദേഷ്യം വരുമ്പോഴോ മാനസിക സംഘർഷത്തിലൂടെ കടന്നുപോകുമ്പോഴോ വയറ് നിറയെ ഭക്ഷണം കഴിക്കുന്നവർ. മനസിന്റെ വൈകാരിക സംഘർഷങ്ങളിൽ രക്ഷപ്പെടാൻ വേണ്ടിയാണ് പലപ്പോഴും ഭക്ഷണം അമിതമായി കഴിക്കുന്നത്. എന്നാൽ ഇത് അനാരോഗ്യകരമായ ശീലമാണ്. സ്‌ട്രെസ് ഈറ്റിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ടെൻഷനൊന്നും പ്രതിവിധിയാകുന്നില്ല. താൽക്കാലിക ആശ്വാസം മാത്രമേ നൽകൂ. എന്നാൽ ആരോഗ്യപരമായി നിരവധി ദോഷങ്ങൾ ഉണ്ട് താനും.
അനാരോഗ്യകരമായ ഇത്തരം ഭക്ഷണം കഴിക്കൽ ശരീരഭാരം വർധിപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് നിങ്ങളുടെ ഉറക്കം എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിന് പിന്നിലെ കാരണങ്ങൾ തിരിച്ചറിയാൻ കഴിയുമെങ്കിൽ നിങ്ങൾക്കും ഈ ശീലം ഉപേക്ഷിക്കാം.
സ്‌ട്രെസ് ഈറ്റിങ് ഡിസോഡർ നിങ്ങളുടെ അസ്വസ്ഥമാക്കുന്ന പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് മനസിലാക്കുകയാണ് അതിന് ആദ്യം വേണ്ടത്. ടെൻഷൻ കൂടുമ്പോഴും മാനസിക സംഘർഷം അനുഭവിക്കുമ്പോഴോ ഭക്ഷണം കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ഗ്രെലിൻ ഹോർമോണിന്റെ വർധനവിന് കാരണമാകുന്നു. ഗ്രെലിൻ ഹോർമോൺ കാർബോഹൈഡ്രേറ്റുകളോടും മധുരപലഹാരങ്ങളോടും ആസക്തി കൂട്ടുകയും ഇതുവഴി അമിതഭാരം ഉണ്ടാകുകയും ചെയ്യുന്നു.
പലപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴാണ് അനാവശ്യമായ ഉത്കണ്ഠയിലും സമ്മർദത്തിലും മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും അതുവഴി മാനസിക സംഘർഷങ്ങൾ കുറക്കാനും സ്‌ട്രെസ് ഈറ്റിങ് ഇല്ലാതാക്കാനും സാധിക്കുമെന്ന് ഡയറ്റീഷ്യനും ഫിറ്റ്നസ് വിദഗ്ധയുമായ മനീഷ ചോപ്രയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ജോലി സമ്മർദം,കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ആരോഗ്യ പ്രശ്‌നങ്ങൾ ഇതെല്ലാം ഇത്തരത്തിലുള്ള അനാരോഗ്യ ഭക്ഷണം കഴിക്കലിലേക്ക് നയിക്കുന്നു..ഇതിനെ എങ്ങനെ നേരിടാമെന്ന് നോക്കാം..
*സ്‌ട്രെസ് മാനേജ്‌മെന്റ് പരിശീലിക്കുക. അത്തരം സന്ദർഭങ്ങളിൽ ഇഷ്ടമുള്ള എന്തെങ്കിലും ഹോബിയിൽ മുഴുകുക. നടക്കാൻ പോകുക, സിനിമയ്ക്ക് പോകുക, നിങ്ങളുടെ കുട്ടികൾ/വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുക, സംഗീതം കേൾക്കുക, അല്ലെങ്കിൽ വായിക്കുക. അതുമല്ലെങ്കിൽ നിങ്ങളെ മനസിലാക്കുന്ന സുഹൃത്തുക്കളോട് സംസാരിക്കുക,അവരോടൊപ്പം സമയം ചെലവഴിക്കുക...ഇതൊന്നുമല്ലെങ്കിൽ ഏതെങ്കിലും ഡോക്ടറുടെ ഉപദേശം തേടുക.
*ദേഷ്യം, വേദന, സന്തോഷം, സമ്മർദ്ദം ഇവയിൽ ഏത് സമയത്താണ് നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നത് എന്ന് കൃത്യമായി മനസിലാക്കുക. ആ സാഹചര്യങ്ങൾ മനപ്പൂർവം ഒഴിവാക്കുക.
*പച്ചക്കറികളും പഴങ്ങളും സാലഡിനരിയുന്നത് പോലെ അരിഞ്ഞ് സൂക്ഷിക്കുക. അതെല്ലെങ്കിൽ ജ്യൂസുകൾ തയ്യാറാക്കി വെക്കുക. ഭക്ഷണം കഴിച്ചേ മതിയാവൂ എന്ന സാഹചര്യത്തിൽ ഇവയെടുത്ത്കഴിക്കാം.. ഓഫീസിലാണെങ്കിൽ പഴങ്ങളും പച്ചക്കറികളും അരിഞ്ഞത് പാത്രത്തിലാക്കി ബാഗിൽ വെക്കുക. ഇതുമൂലം ഭക്ഷണം കഴിക്കുകയും ചെയ്യും എന്നാൽ അത് ആരോഗ്യകരമാകുകയും ചെയ്യും.
*യോഗ, ധ്യാനം, ജേണലിംഗ് എന്നിവ പോലെ നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുന്ന എന്നിവയിലേതെങ്കിലും ഏർപ്പെടുക.
*പ്രഭാത സവാരി ശീലമാക്കുക. രാവിലെ പുല്ലിലൂടെ നഗ്‌നപാദനായി നടക്കുകയും ചെയ്യുക.
* പെട്ടന്ന് എടുത്ത് കഴിക്കാന്‍ പാകത്തില്‍ വറുത്തതും പൊരിച്ചതുമായ ജങ്ക് ഫുഡുകളും പാനീയങ്ങളും വീട്ടിൽ സൂക്ഷിക്കരുത്.