കിഡ്‌നിയെയും കരളിനെയും അപകടത്തിലാക്കും;അധികമായാൽ വൈറ്റമിനും വിഷം
ശരീരത്തിലെ ഊർജോത്പാദനം, വളർച്ച, കോശങ്ങളുടെ അറ്റകുറ്റപ്പണി, രോഗപ്രതിരോധ ശേഷി തുടങ്ങിയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ വൈറ്റമിനുകൾക്ക് സുപ്രധാന പങ്കാണുള്ളത്
ജീവന്റെ നിലനിൽപ്പിന് ഒഴിച്ചുകൂടാനാവാത്തതും, എന്നാൽ ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയാത്തതുമായ ജൈവ സംയുക്തങ്ങളാണ് വൈറ്റമിനുകൾ. ഈ സൂക്ഷ്മ പോഷകങ്ങൾ നേരിട്ട് ഊർജം പ്രദാനം ചെയ്യുന്നില്ലെങ്കിലും ശരീരത്തിലെഊർജോത്പാദനം, വളർച്ച, കോശങ്ങളുടെ അറ്റകുറ്റപ്പണി, രോഗപ്രതിരോധ ശേഷി തുടങ്ങി എല്ലാ സുപ്രധാന പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നു. അതിനാൽ, നാം മൂന്ന് നേരം മുടങ്ങാതെ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള വൈറ്റമിനുകളുടെ അളവ് സുപ്രധാനമാണ്.
മനുഷ്യ ശരീരത്തിന് ആവശ്യമായ 13 തരം വൈറ്റമിനുകളുള്ളത്. അവയെ പ്രധാനമായും രണ്ടായി തരംതിരിക്കാം:
1. കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകൾ (Fat-Soluble); വൈറ്റമിൻ എ, ഡി, ഇ, കെ)
ഇവ ശരീരത്തിലെ കൊഴുപ്പിൽ ലയിക്കുകയും കരളിലും കൊഴുപ്പ് കോശങ്ങളിലും സംഭരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ, ദിവസേന ഇവയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ട ആവശ്യമില്ല. ഇവയുടെ അളവ് അധികമായാൽ ശരീരത്തിൽ വിഷാംശം (toxicity) ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
2. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ (Water-Soluble); ബി കോംപ്ലക്‌സ്, സി)
ഈ വൈറ്റമിനുകൾ വെള്ളത്തിൽ ലയിച്ച് ശരീരത്തിലുടനീളം സഞ്ചരിക്കുന്നു. അധികമുള്ളവ എളുപ്പത്തിൽ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. അതുകൊണ്ട് തന്നെ, ഈ വൈറ്റമിനുകൾ അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഓരോ വൈറ്റമിനും ശരീരത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന്റെ സുഗമമായി പ്രവർത്തനത്തിന് വൈറ്റമിനുകളുടെ പങ്ക് വളരെ വലുതാണ്:
വൈറ്റമിൻ എ (A): കാഴ്ചശക്തിയുടെ സംരക്ഷകൻ. നല്ല കാഴ്ച, പ്രത്യേകിച്ചും മങ്ങിയ വെളിച്ചത്തിൽ, നിലനിർത്തുന്നത് വൈറ്റമിൻ എയുടെ സാന്നിധ്യമാണ്. കോശങ്ങളുടെ വളർച്ചയെയും വികാസത്തെയും പിന്തുണയ്ക്കുകയും ശക്തമായ പ്രതിരോധ സംവിധാനത്തിന് സഹായിക്കുകയും ചെയ്യുന്നതും വൈറ്റമിൻ എ തന്നെ.
ഇവയുടെ പ്രധാന സ്രോതസ്സുകൾ: കാരറ്റ്, ചീര, മധുരക്കിഴങ്ങ്, മുട്ടയുടെ മഞ്ഞ, തുടങ്ങിയവയാണ്.
വൈറ്റമിൻ സി (C): ശക്തനായ ഒരു ആന്റിഓക്സിഡന്റാണ് വൈറ്റമിൻ സി. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു, മുറിവുണക്കാൻ ആവശ്യമായ കൊളാജൻ ഉത്പാദനത്തെ സഹായിക്കുന്നതും വൈറ്റമിൻ സിയാണ്., കൂടാതെ സസ്യാഹാര സ്രോതസ്സുകളിൽ നിന്നുള്ള ഇരുമ്പിന്റെ (Iron) ആഗിരണത്തെയും വൈറ്റമിൻ സി മെച്ചപ്പെടുത്തുന്നു.
പ്രധാന സ്രോതസ്സുകൾ: നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, പേരക്ക, കുരുമുളക്.
വൈറ്റമിൻ ഡി (D): എല്ലുകളുടെ കരുത്ത് നിലനിർത്തുന്നതിനാവശ്യമായ വൈറ്റമിനാണ് ഡി. ശരീരത്തിൽ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തിന് ഇത് അത്യാവശ്യമാണ്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതും വൈറ്റമിൻ ഡിയാണ്.
പ്രധാന സ്രോതസ്സുകൾ: സൂര്യപ്രകാശം (ചർമം ഉത്പാദിപ്പിക്കുന്നത്), കൊഴുപ്പുള്ള മത്സ്യങ്ങൾ, ഫോർട്ടിഫൈഡ് പാൽ.
വൈറ്റമിൻ ബി കോംപ്ലക്‌സ് (B): ഊർജ്ജ ഉത്പാദനത്തിന്റെ യന്ത്രങ്ങളായ വൈറ്റമിനാണ് ബി കോംപ്ലക്‌സ്. ഇവ ഭക്ഷണത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. B12, B9 (ഫോളിക് ആസിഡ്) എന്നിവ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്.
പ്രധാന സ്രോതസ്സുകൾ: ധാന്യങ്ങൾ, മാംസം, മുട്ട, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ.
വൈറ്റമിൻ ഇ (E): കോശങ്ങളുടെ സംരക്ഷകനെന്നറിയപ്പെടുന്ന വൈറ്റമിനാണ് ഇ. കോശങ്ങളെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പ്രധാന ആന്റിഓക്സിഡന്റാണ് ഇവ. ചർമത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഇവ അത്യന്താപേക്ഷിതമാണ്.
പ്രധാന സ്രോതസ്സുകൾ: അണ്ടിപ്പരിപ്പ്, വിത്തുകൾ, സസ്യ എണ്ണകൾ (ഒലിവ് എണ്ണ).
വൈറ്റമിൻ കെ (K): രക്തം കട്ടപിടിക്കുന്ന പ്രക്രിയക്ക് (Clotting) ഇത് നിർണ്ണായകമാണ് വൈറ്റമിൻ കെയുടെ സാന്നിധ്യം. അസ്ഥികളുടെ ധാതുവൽക്കരണത്തിലും ഇത് സുപ്രധാന പങ്ക് വഹിക്കുന്നു.
പ്രധാന സ്രോതസ്സുകൾ: കടുംപച്ച ഇലക്കറികൾ (ചീര, കാബേജ്), ബ്രോക്കോളി.
വൈറ്റമിനുകളുടെ കുറവ് ജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
വൈറ്റമിനുകളുടെ കുറവ് (Deficiency) ഒരാളുടെ ജീവിതനിലവാരത്തെയും കാര്യക്ഷമതയെയും സാരമായി തന്നെ ബാധിക്കും. ഓരോ വൈറ്റമിന്റെയും കുറവ് പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും;
വിളർച്ചയും ക്ഷീണവും: ബി12, ബി9, സി വൈറ്റമിനുകളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. ഇത് അമിതമായ ക്ഷീണം, കിതപ്പ്, ശരീര തളർച്ച എന്നിവക്ക് വഴിവെക്കും.
അസ്ഥിരോഗങ്ങൾ: വൈറ്റമിൻ ഡിയുടെ കുറവ് മുതിർന്നവരിൽ എല്ലുകൾക്ക് ബലക്കുറവ് വരുത്തുകയും ഒടിവുകൾക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. കുട്ടികളിൽ ഇത് കണ രോഗത്തിന് (Rickets) കാരണമാകും.
കാഴ്ച പ്രശ്‌നങ്ങൾ: വൈറ്റമിൻ എയുടെ കുറവ് രാത്രിയിലെ കാഴ്ച മങ്ങുന്നതിനും (Night Blindness) കണ്ണിന്റെ മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു.
രോഗപ്രതിരോധശേഷി കുറയൽ: വൈറ്റമിൻ എ, സി, ഡി എന്നിവയുടെ കുറവ് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും പതിവായ അണുബാധകൾക്ക് കാരണമാവുകയും ചെയ്യും.
ശാരീരികമായ പ്രശ്‌നങ്ങൾ കൂടാതെ വൈറ്റമിനുകളുടെ കുറവ് മാനസിക പ്രശ്‌നങ്ങൾക്കും ഇതുവഴി ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു. വൈറ്റമിൻ കുറവുമൂലമുണ്ടാകുന്ന ചില മാനസിക ബുദ്ധിമുട്ടുകളാണ്,
ശ്രദ്ധക്കുറവ്: നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിന് ബി കോംപ്ലക്‌സ് വൈറ്റമിനുകൾ അനിവാര്യമാണ്. ഇവയുടെ കുറവ് ഓർമക്കുറവ്, ഏകാഗ്രതക്കുറവ്, പെട്ടെന്നുള്ള ക്ഷോഭം എന്നിവയ്ക്ക് കാരണമാകുന്നു. ഇത് പഠനത്തിലും തൊഴിൽപരമായ കാര്യക്ഷമതയിലും ഗുരുതരമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നു.
വിഷാദവും ഉത്കണ്ഠയും: വൈറ്റമിൻ ഡിയും ചില ബി വൈറ്റമിനുകളും തലച്ചോറിലെ രാസപ്രവർത്തനങ്ങളിൽ (Neurotransmitters) പങ്ക് വഹിക്കുന്നതിനാൽ, ഇവയുടെ കുറവ് വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാനുള്ള സാധ്യതയുണ്ട്.
വൈറ്റമിൻ കുറവ് തടയാനുള്ള വഴികൾ
വിറ്റാമിൻ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ല പ്രതിവിധി പോഷകസമ്പന്നമായ സമീകൃതാഹാരം ശീലമാക്കുക എന്നതാണ്;
ഭക്ഷണത്തിലെ വൈവിധ്യം: എല്ലാ ദിവസവും പലതരം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. പ്രത്യേകിച്ച് കടുംപച്ചയും ഓറഞ്ച് നിറത്തിലുള്ളതുമായവ.
മുഴുവൻ ധാന്യങ്ങൾ (Whole Grains): തവിടുകളയാത്ത ധാന്യങ്ങൾ ബി വൈറ്റമിനുകളുടെ മികച്ച ഉറവിടമാണ്.
സൂര്യപ്രകാശം: ദിവസവും 15 മുതൽ 20 മിനിറ്റ് വരെ സൂര്യരശ്മി ഏൽക്കുന്നത് വൈറ്റമിൻ ഡി ഉത്പാദനത്തിന് സഹായിക്കും.
പ്രായത്തിനനുസരിച്ചുള്ള ഭക്ഷണം: പ്രായം, ലിംഗം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ച് വൈറ്റമിനുകളുടെ ആവശ്യം മാറും. ആവശ്യമെങ്കിൽ, ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വൈറ്റമിൻ സപ്ലിമെന്റുകൾ ഉപയോഗിക്കുക.
ഇതൊക്കെയാണെങ്കിലും വൈറ്റമിനുകൾ ശരീരത്തിൽ അധികമാവുകയാണെങ്കിൽ അത് പ്രതികൂല ഫലമായിരിക്കും നൽകുക. ചർദ്ദി, വയറിളക്കം, വയറുവേദന, അസ്ഥികളിൽ വേദന, കരൾ രോഗങ്ങൾ, നാഡീസംബന്ധമായ രോഗങ്ങൾ, കിഡ്‌നി രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും.
ശരീരം സുഗമമായി പ്രവർത്തിക്കുന്നതിനെ അദൃശ്യ ശക്തിയാണ് വൈറ്റമിനുകളെന്ന് പറഞ്ഞാൽ തെറ്റാകില്ല. സപ്ലിമെന്റ്‌സുകളെ ആശ്രയിക്കുന്നതിന് പകരം അവ ഭക്ഷണത്തിലൂടെ ഉറപ്പാക്കി ആരോഗ്യകരമായ ജീവിതം നയിക്കാം. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകളെടുക്കുന്നതിന് മടിക്കേണ്ടതില്ല.