കുട്ടികൾ ഓൺലൈനിൽ വളരെയധികം സമയം ചെലവഴിക്കുന്നുണ്ടോ? മാനസിക വൈകല്യങ്ങള്‍ക്ക് കാരണമായേക്കും-പഠനം

കുട്ടികളുടെ തലച്ചോറിന്റെ വികാസം പ്രധാനമായും നടക്കുന്നത് 12 മുതൽ 16 വയസുവരെയാണ്

Update: 2023-03-30 02:37 GMT
Editor : Lissy P | By : Web Desk
Advertising

സ്മാർട്ട് ഫോൺ ഇല്ലാത്ത വീടുകൾ ഇന്ന് അപൂർവമാണ്. ജനിച്ചുവീഴുന്ന കുട്ടികളുടെ കൈകളിൽ വരെ മൊബൈൽഫോൺ കൊടുക്കുന്നുവരാണ് ഇപ്പോഴുള്ളതെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ ഇന്നത്തെ നല്ലൊരു ശതമാനം കുട്ടികളും മൊബൈൽ ഫോണിന് അടിമകളാണ് എന്നത് സത്യമാണ്. ഉണ്ണാനും ഉറങ്ങാനും വരെ മൊബൈൽ ഫോൺ വേണമെന്ന് വാശിപിടിക്കുന്ന കുട്ടികൾ അതിലേറെ. മാതാപിതാക്കളും ഇതിന് പലപ്പോഴും സമ്മതം മൂളേണ്ടി വരുന്നു. എന്നാൽ മണിക്കൂറുകളോളമുള്ള കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത്.

കൗമാരത്തിലേക്ക് കടക്കുമ്പോൾ അവരുടെ മസ്തിഷ്‌കത്തിന്റെ വികസനത്തെ ബാധിക്കുകയും മാനസിക വൈകല്യങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് ജേർണൽ ഓഫ് ബിഹേവിയർ അഡിക്ഷനിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, വീഡിയോ ഗെയിമുകൾ, ടിവി എന്നിവയിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഒമ്പതും പത്തും വയസ്സുള്ള കുട്ടികൾ 11-ഉം 12-ഉം വയസാകുമ്പോഴേക്കും ഉയർന്ന വിഷാദവും ഉത്കണ്ഠയും പ്രകടിപ്പിച്ചതായി ഗവേഷകർ കണ്ടെത്തി.

കുട്ടികളുടെ തലച്ചോറിൽ സംഭവിക്കുന്ന സ്വാഭാവിക ഘടനാപരമായ മാറ്റങ്ങളെയും ഇത് ബാധിക്കും. ഏകദേശം 5,100-ലധികം കുട്ടികളെയാണ് പഠനത്തിനായി ഗവേഷകർ നിരീക്ഷിച്ചത്. 9 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളുടെ മസ്തിഷ്‌ക വിശകലനം, മനഃശാസ്ത്രപരമായ വിലയിരുത്തലുകൾ, പെരുമാറ്റ ട്രാക്കിംഗ് എന്നിവയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനറിപ്പോർട്ട് തയ്യാറാക്കിയതെന്ന്  സ്‌കൂൾ ഓഫ് മെഡിസിൻ ചൈൽഡ് സ്റ്റഡി സെന്ററിൽ സൈക്യാട്രി പ്രൊഫസറായ ഡോ. മാർക്ക് പൊട്ടൻസ പറഞ്ഞതായി 'വെബ്എംഡി' റിപ്പോർട്ട് ചെയ്യുന്നു

കൂടുതൽ നേരം മൊബൈൽ സ്‌ക്രീനിൽ ചിലവഴിക്കുന്ന കുട്ടികളുടെ സ്വഭാവത്തിലും വ്യത്യാസങ്ങൾ കാണപ്പെട്ടു. ചില കുട്ടികൾ കൂടുതൽ അസ്വസ്ഥരായും മറ്റ് ചിലർക്ക് മൂഡ് ഡിസോർഡേഴ്സും കണ്ടെത്തി. 11-ഉം 12-ഉം വയസ്സുള്ളപ്പോൾ, കുട്ടികൾക്ക് നിരന്തര ഓൺലൈൻ ഉപയോഗവും വിഷാദം ഉത്കണ്ഠ പോലുള്ളവ വർധിപ്പിച്ചെന്നും പഠനം പറയുന്നു. കുട്ടികളുടെ തലച്ചോറിന്റെ വികാസം പ്രധാനമായും നടക്കുന്നത് 12 മുതൽ 16 വയസ്സുവരെയാണ്. ഇത് വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. ഈ സമയത്തെ അമിത മൊബൈൽ ഉപയോഗം അവർക്ക് ദോഷകരമായി ബാധിക്കുമെന്നും ഗവേഷകർ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News