100 ഗ്രാം ഗ്രീൻ പീസിലുണ്ട് എല്ലാം; ഗർഭിണികൾക്കും പ്രമേഹ രോഗികൾക്കും മടികൂടാതെ കഴിക്കാം

ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമായ പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഗ്രീൻ പീസ്

Update: 2023-12-14 13:27 GMT
Editor : banuisahak | By : Web Desk

കാർബോഹൈഡ്രേറ്റ് കൂടുതലായതിനാൽ ഗ്രീൻ പീസ് അധികം കഴിക്കേണ്ട എന്ന് കേട്ടിട്ടുണ്ടോ. എന്നാലത് വെറുതെയാണെന്ന് പറയുന്നു ഡോക്ടർമാർ. വളരെ ചെറുതാണെങ്കിലും പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് ഗ്രീൻ പീസ്. പച്ച നിറത്തിലുള്ള ഈ ചെറിയ പയറുവർഗ്ഗത്തിൽ പെട്ട സസ്യം പ്ളേറ്റിന് ഭംഗി കൂട്ടുക മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങൾ തന്നെ സംഭാവന ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. 

ഭക്ഷണത്തിന്റെ രുചിയും ആരോഗ്യഗുണവും ഉയർത്തുന്ന കുഞ്ഞ് ഗ്രീൻ പീസിനെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ട്. ഇങ്ങനെ അറിയാതെ പോകുന്ന ഗുണങ്ങൾ പരിചയപ്പെടുത്തുകയാണ് സിഗ്നസ് ലക്ഷ്മി ഹോസ്പിറ്റലിലെ ജനറൽ ഫിസിഷ്യൻ ഡോ.സഞ്ജയ് കുമാർ. 

Advertising
Advertising

 100 ഗ്രാം ഗ്രീൻ പീസിൽ 81 കിലോ കലോറി, 14.45 ഗ്രാം കാർബോഹൈഡ്രേറ്റ്സ്, 5.5 ഗ്രാം ഡയറ്ററി ഫൈബർ, 5.42 ഗ്രാം പ്രോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി-കോംപ്ലക്സ്, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിങ്ങനെ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല അല്ലേ. ബി 1, ബി 2, ബി 3, ബി 6 എന്നിവയുൾപ്പെടെ വിറ്റാമിൻ ബി-കോംപ്ലക്സ് ധാരാളം അടങ്ങിയിട്ടുണ്ട് ഈ ചെറിയ അളവിലുള്ള ഗ്രീൻ പീസിൽ. 

ഫ്‌ളേവനോയ്ഡുകളും കരോട്ടിനോയിഡുകളും ഉൾപ്പെടെയുള്ള വിവിധ ആന്റിഓക്സിഡന്റുകളും ഗ്രീൻ പീസിൽ അടങ്ങിയിട്ടുണ്ട്. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

 ഹൃദയാരോഗ്യം: ഹൃദയത്തിന്റെ ആരോഗ്യത്തിന് പ്രധാനമായ പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഗ്രീൻ പീസ്. ഇത് ഹൃദ്രോഗങ്ങൾ അകറ്റാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ദഹനം: ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന നാരുകൾ മലവിസർജ്ജനം സുഗമമാക്കുകയും മലബന്ധം തടയാനും സഹായിക്കും. ഇതുവഴി ദഹനപ്രക്രിയ സുഗമമായി നടക്കുകയും ചെയ്യും. 

അസ്ഥികളുടെ ആരോഗ്യം: കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ ശരീരത്തിൽ എത്തിക്കുന്നതിലൂടെ അസ്ഥികളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുന്നു. 

ശരീരഭാരം നിയന്ത്രിക്കൽ: ഗ്രീൻ പീസിലെ ഫൈബറിന്റെയും പ്രോട്ടീനിന്റെയും സംയോജനം തന്നെ വയറുനിറയാൻ ധാരാളമാണ്. ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായകമാകും.

 

 പ്രമേഹമുള്ളവർക്ക് പേടിക്കാതെ തന്നെ ഗ്രീൻപീസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. എങ്കിലും, കഴിക്കുന്നതിൽ അളവിൽ പ്രത്യേക ശ്രദ്ധവേണം. 

പ്രമേഹരോഗികൾക്ക് മാത്രമല്ല ഗർഭിണികൾക്കും ഗ്രീൻ പീസ് നല്ലൊരു തെരഞ്ഞെടുപ്പാണ്. ഗർഭപിണ്ഡത്തിന്റെ വികാസത്തിന് നിർണായകമായ ഫോളേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്ക് ഗ്രീൻ പീസ് ഗുണംചെയ്യും. കൂടാതെ, ഗ്രീൻപീസിലെ ഇരുമ്പും വിറ്റാമിൻ സിയും രക്തത്തെ ശുദ്ധിയാക്കുകയും ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുകയും ചെയ്യും. 

അലർജികളുള്ളവർ ഗ്രീൻ പീസ് ഉപയോഗം ശ്രദ്ധിക്കണം. ഗ്രീൻ പീസിന്റെ അമിതമായ ഉപഭോഗം നാരുകളുടെ അംശം കാരണം ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. പ്രത്യേക മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഡോക്ടറുടെ അഭിപ്രായം തേടാൻ ശ്രദ്ധിക്കണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News