36 മണിക്കൂർ ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരത്തിന് എന്തു സംഭവിക്കും? മൂന്നു പതിറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള ഡോക്ടർ പറയുന്നതിങ്ങനെ

ഉപവസിക്കുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 36 മണിക്കൂർ ഉപവസിക്കുന്നത് അസാധ്യമെന്ന് തോന്നലുണ്ടല്ലേ, എങ്കിൽ കൂടുതലറിയാം

Update: 2025-10-25 16:32 GMT

ഉപവസിക്കുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം ഉപേക്ഷിച്ച് 36 മണിക്കൂർ ഉപവസിച്ചാലോ ? അസാധ്യമാണെന്ന് തോന്നുന്നു, അല്ലേ? എന്നാൽ ഡോ. പ്രശാന്ത് കടകോലിന്റെ അഭിപ്രായത്തിൽ, ഉപവസിക്കുന്നത് നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും.

ന്യൂറോ സയൻസിൽ 33 വർഷത്തിലേറെ പരിചയമുള്ള ന്യൂറോ സർജനായ ഡോ. കടകോൽ, 36 മണിക്കൂർ ഉപവസിക്കുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒക്ടോബർ 24ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ വിശദീകരിക്കുന്നു.

Advertising
Advertising

36 മണിക്കൂർ ഉപവസിക്കുമ്പോൾ ശരീരത്തിൽ എന്ത് സംഭവിക്കും?

'അവയവങ്ങൾ ഗിയറുകൾ മാറ്റുന്നു, തലച്ചോർ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ തുടരുന്നു, ശരീരം കൊഴുപ്പ് കത്തിക്കുന്നു, നിങ്ങളുടെ കോശങ്ങൾ സ്വയം നന്നാക്കാൻ തുടങ്ങും' എന്നാണ് ന്യൂറോസർജൻ തന്റെ വീഡിയോയിൽ പറയുന്നത്. 36 മണിക്കൂർ ഉപവസിക്കുമ്പോൾ നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നും അത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുമെന്നും വിശദീകരിക്കുന്ന ഒരു ആനിമേറ്റഡ് വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഡോക്ടറുടെ വിശദീകരണം.

ന്യൂറോസർജന്റെ അഭിപ്രായത്തിൽ, ഉപവസിക്കുമ്പോൾ  ശരീരം ഓട്ടോഫാഗി എന്ന ഒരു പ്രക്രിയയിലൂടെ കടന്നുപോകുന്നു. ഇത് വിഷവസ്തുക്കളെയും കേടായ പ്രോട്ടീനുകളെയും പുറന്തള്ളാൻ സഹായിക്കുകയും, ഇതുവഴി ആന്തരിക പുനഃസജ്ജീകരണത്തിനും കാരണമാകുന്നു. ഉപവാസം പട്ടിണിയല്ല, മറിച്ച് ഘടനാപരമായ വീണ്ടെടുക്കലാണ്. നിങ്ങൾ സമയം നൽകിയാൽ എങ്ങനെ സുഖപ്പെടുത്താമെന്ന് നിങ്ങളുടെ ശരീരത്തിന് അറിയാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

പൂർണ്ണമായ ആന്തരിക പുനഃസജ്ജീകരണം

തലച്ചോർ, ആമാശയം, മറ്റ് അവയവങ്ങൾ എന്നിവ തമ്മിലുള്ള സംഭാഷണം അവതരിപ്പിക്കുന്ന രീതിയിലാണ്‌ ന്യൂറോ സർജൻ പങ്കുവെച്ച വീഡിയോ. 36 മണിക്കൂർ ഉപവാസത്തിനിടെ ശരീരത്തിനുള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ കൗതുകകരമായ കഥയെന്ന പോലെ വീഡിയോയിൽ അവതരിപ്പിക്കുന്നു.

അവസാനമായി കഴിച്ച ഭക്ഷണത്തിന്റെ ഊർജമുപയോഗിച്ച് ശരീരം ഏകദേശം ആറുമണിക്കൂറോളം പ്രവർത്തിക്കുന്നു. ഇതുവഴി ഗ്ലൂക്കോസിന്റെ അളവ് സ്ഥിരതയോടെ തുടരുകയും ഇൻസുലിൻ സന്തുലിതാവസ്ഥയിൽ നിലനിൽക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ അതിനിടയിൽ വിശപ്പുതോന്നാനിടയില്ല.

അടുത്ത 6 മുതൽ 12 മണിക്കൂറിനുള്ളിൽ, ശരീരം കരളിലും പേശികളിലും കാണപ്പെടുന്ന ഗ്ലൂക്കോസിന്റെ ഒരു സംഭരിച്ച രൂപമായ ഗ്ലൈക്കോജൻ ആഗിരണം ചെയ്യാൻ തുടങ്ങും. ഭക്ഷണത്തിലെ പഞ്ചസാര തീർന്നു കഴിഞ്ഞാൽ ആദ്യത്തെ ബാക്കപ്പ് പ്ലാനാണിത്. ഈ ഘട്ടത്തിൽ, ചെറിയ രീതിയിൽ വിശപ്പും ക്ഷീണവും അനുഭവപ്പെടാൻ തുടങ്ങും.

 

ഗ്ലൈക്കോജൻ സംഭരണികൾ കുറയുമ്പോൾ, ശരീരം കൊഴുപ്പ് കത്തിക്കുന്ന രീതിയിലേക്ക് മാറുന്നു. പാൻക്രിയാസ് ഗ്ലൂക്കഗോൺ പുറത്തുവിടുന്നു, ഇത് കൊഴുപ്പ് കോശങ്ങൾക്ക് ഫാറ്റി ആസിഡുകൾ പുറത്തുവിടാനുള്ള സിഗ്നൽ നൽകുന്നു. ഇവ കീറ്റോണുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. തലച്ചോറിനും മറ്റ് അവയവങ്ങൾക്കും ശക്തി നൽകുന്ന ശുദ്ധവും കാര്യക്ഷമവുമായ ഇന്ധനമായാണ് കീറ്റോൺ പ്രവർത്തിക്കുന്നത്.

രസകരമെന്നു പറയട്ടെ, കീറ്റോണിന്റെ അളവ് ഉയരുമ്പോൾ വിശപ്പു തോന്നിക്കുന്ന ഹോർമോണുകൾ, പ്രത്യേകിച്ച് ഗ്രെലിൻ കുറയാൻ തുടങ്ങുന്നു. പലർക്കും ഉപവസിക്കുന്ന സമയത്ത് കൂടുതൽ ശ്രദ്ധയും വ്യക്തതയും അനുഭവപ്പെടുന്നതിന് കാരണം ഇതാണെന്ന് ഡോക്ടറുടെ വീഡിയോയിൽ പറയുന്നു.

ഒടുവിൽ, ദഹിക്കാൻ ഭക്ഷണമില്ലാതാകുന്നതോടെ ശരീരം ഓട്ടോഫാഗി എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു. പഴയതോ കേടുപറ്റിയതോ ആയ ഘടകങ്ങൾ പുനരുപയോഗം ചെയ്യാൻ കോശങ്ങൾ തുടങ്ങുന്നു. വീക്കം കുറയുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുന്നതിനും ഊർജ്ജം സ്ഥിരത കൈവരിക്കുന്നതിനും ഈ പ്രക്രിയ സഹായിക്കുന്നു.

36 മണിക്കൂറിനു ശേഷം, ശരീരം പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ പ്രാപ്തമാകുന്നു. അവശ്യ പോഷകങ്ങൾ പ്രദാനം ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഉപവാസം അവസാനിപ്പിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണെന്ന് വീഡിയോയിൽ പറയുന്നു.

Full View

ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ അഭിപ്രായം തേടിയ ശേഷം മാത്രമേ ദീർഘ സമയം നീണ്ടുനിൽക്കുന്ന ഉപവാസ രീതി സ്വീകരിക്കാവൂ.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News