കഠിനമായ തല ചൊറിച്ചിൽ, താരനെന്ന് തെറ്റിദ്ധരിക്കേണ്ട; സ്കാൽപ് സോറിയാസിസാകാം

ശിരോചര്‍മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സ്‌കാല്‍പ് സോറിയാസിസ്

Update: 2024-03-06 15:44 GMT
Advertising

കഠിനമായ തല ചൊറിച്ചിൽ താരൻ കാരണമാണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ശിരോചര്‍മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ സ്‌കാല്‍പ് സോറിയാസിസ് ആകാം ഇത്. ശിരോചര്‍മം വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു വരുന്നതാണ് താരൻ. ഇത് താല്‍ക്കാലികമാണ്. എന്നാല്‍ സോറിയാസിസ് ഒരു ദീര്‍ഘകാല രോഗമാണ്.

ചര്‍മത്തിന്‍റെ പുറംപാളിയായ എപ്പിഡെര്‍മിസിന്‍റെ വളര്‍ച്ച ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം വര്‍ധിക്കുന്നതാണ് സോറിയാസിസ് എന്ന രോഗം. തൊലി അസാധാരണമായ രീതിയില്‍ കട്ടിയാകുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. ത്വക്കില്‍ പാടുകള്‍ ഉണ്ടാകുകയും അതില്‍ ചുവപ്പോ കറുപ്പോ നിറത്തിലുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുകയും അസഹ്യമായ ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്യുന്നതാണ് സോറിയാസിസിന്‍റെ പ്രധാന ലക്ഷണങ്ങള്‍.


സോറിയാസിസ് പൊതുവേ ചർമം, തലയോട്ടി, നഖങ്ങൾ, സന്ധികൾ എന്നിവയെ ബാധിക്കാം. തലയിലെ ചര്‍മത്തില്‍ വരുന്ന ചൊറിച്ചിലുള്ള പൊറ്റകളാണ്‌ തലയോട്ടിയിലെ സോറിയാസിസ് അഥവാ സ്കാൽപ് സോറിയാസിസിന്റെ മുഖ്യ ലക്ഷണം. ചര്‍മത്തിന്റെ നിറം അനുസരിച്ച് ഈ പൊറ്റകള്‍ പിങ്കോ, ചുവപ്പോ, വയലറ്റോ, തവിട്ടോ, വെള്ളയോ നിറത്തില്‍ തലയില്‍ പ്രത്യക്ഷപ്പെടാം. താരന്‍, വരണ്ട ചര്‍മം, ഇടയ്ക്കിടെയുള്ള രക്തസ്രാവം, താത്ക്കാലികമായ മുടി കൊഴിച്ചില്‍ എന്നിവയും സ്‌കാല്‍പ് സോറിയായിസിന്റെ ലക്ഷണങ്ങളാണെന്ന്‌ അമേരിക്കന്‍ അക്കാദമി ഓഫ്‌ ഡെര്‍മറ്റോളജി വ്യക്തമാക്കുന്നു.


ഇന്ത്യയില്‍ 0.44 മുതല്‍ 2.8 ശതമാനം പേർക്ക് സ്‌കാല്‍പ്‌ സോറിയാസിസ്‌ ബാധിക്കുന്നുണ്ടെന്നാണ് ഇന്ത്യന്‍ ജേണല്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ പറയുന്നത്. മുപ്പതുകളിലും നാല്‍പതുകളിലുമുള്ളവരെയാണ്‌ ഈ രോഗം കൂടുതലായി ബാധിക്കാറുള്ളത്‌. സ്‌ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്ക്‌ ഇത്‌ വരാനുള്ള സാധ്യത ഇരട്ടിയാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News