തൊട്ടാൽ പകരുന്ന രോഗമല്ല, പാരമ്പര്യമാണോ വെള്ളപ്പാണ്ട്; ഇനി സംശയം വേണ്ട

വെള്ളപ്പാണ്ട് വരാനുള്ള കൃത്യമായ കാരണം ഇപ്പോഴും അവ്യക്തമാണ്

Update: 2023-01-18 14:17 GMT
Editor : banuisahak | By : Web Desk

രണ്ടുദിവസം മുൻപാണ് സിനിമാ താരം മമ്ത മോഹൻദാസ് ഇൻസ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റ് പങ്കുവെച്ചത്. കണ്ടയുടൻ തന്നെ ആളുകൾ ഞെട്ടിയെങ്കിലും നടിയുടെ മനോധൈര്യത്തെയും  ആത്മവിശ്വാസത്തെയും പ്രശംസിക്കുന്ന തിരക്കായിരുന്നു പിന്നീട്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന രോഗാവസ്ഥയാണ് തനിക്കെന്നാണ് മമ്ത വെളിപ്പെടുത്തിയത്. നടിയുടെ പോസ്റ്റിന് പിന്നാലെ വീണ്ടും ഈ രോഗാവസ്ഥ ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

മുഖത്തോ ശരീരത്തിലോ ഉണ്ടാകുന്ന ചെറിയ പാടുകൾ പോലും നമ്മളെ വല്ലാതെ അസ്വസ്ഥരാക്കാറുണ്ട്. അങ്ങനെയെങ്കിൽ വിറ്റിലിഗോ ബാധിച്ചവരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാനാകുമോ. പലർക്കും ഈ രോഗത്തോട് അവജ്ഞ തോന്നുന്നത് ചില തെറ്റിദ്ധാരണകൾ മൂലമാണ്. പകർച്ചവ്യാധിയാണെന്നാണ് മിക്കവരുടെയും ധാരണ. അതായത് തൊട്ടാൽ ഈ രോഗം പകരും, അല്ലെങ്കിൽ വായുവിലൂടെയോ വെള്ളത്തിലൂടെയോ പകരും എന്നൊക്കെയാണ്. ഈ തെറ്റിദ്ധാരണകൾ ഇനിയെങ്കിലും മാറ്റേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അതിന് വിറ്റിലിഗോയെ കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. 

Advertising
Advertising

ഇതാണ് വിറ്റിലിഗോ

മൈക്കിൾ ജാക്സണെ അനുസ്മരിച്ച് കൊണ്ടാണ് ലോക വിറ്റിലിഗോ ദിനം ആചരിക്കുന്നത് എന്നറിയാമോ! അദ്ദേഹത്തിന്റെ മരണദിവസമായ ജൂൺ 25 ആണ് ലോക വിറ്റിലിഗോ ദിനമായി ആചരിക്കുന്നത്. ചർമത്തിന്റെ നിറം നഷ്ടമാകുന്ന അവസ്ഥയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്. ചർമത്തിന് നിറം നൽകുന്ന കോശങ്ങൾ നശിക്കുമ്പോഴോ അവ പ്രവർത്തന രഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. 

ജനിതകമാറ്റം കാരണമാണിത് ഉണ്ടാകുന്നതെന്നാണ് നിഗമനം. വെള്ളപ്പാണ്ട് വരാനുള്ള കൃത്യമായ കാരണം ഇപ്പോഴും അവ്യക്തമാണ്. ചർമ്മത്തിനു നിറം നൽകുന്ന കോശമാണ് മെലാനോസൈറ്റിൻ.ഈ കോശത്തിനെതിരെ നമ്മുടെ തന്നെ രോഗപ്രതിരോധശേഷി പ്രതികൂലമായി പ്രതികരിക്കുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. ഇതുമൂലം മെലാനോസൈറ്റിന്റെ പ്രവർത്തനം നിലക്കുകയും ശരീരത്തിന്റെ ചിലയിടങ്ങളിൽ മെലാനിൻ എന്ന പിഗ്‌മെന്റിന്റെ അളവ് കുറയുകയും ചെയ്യും. ഇങ്ങനെ മെലാനിൻ കുറഞ്ഞ ഭാഗങ്ങളാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. 

സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വെള്ളപ്പാണ്ട് ബാധിക്കും. ശരീരത്തിന്റെ മറ്റുപ്രവർത്തനങ്ങളെ ഈ രോഗാവസ്ഥ ബാധിക്കാറില്ല. ശരീരത്തിൽ രണ്ടുതരത്തിലാണ് വെള്ളപ്പാണ്ട് വരിക. നോൺ സെഗ്മെന്റൽ വിറ്റിലിഗോ ആണ് ഒന്നാമത്തേത്. ഇത് ശരീരത്തിലെ പല ഭാഗങ്ങളെയും ബാധിക്കാം. രണ്ടാമത്തേത് സെഗ്മെന്റൽ വിറ്റിലിഗോ ആണ്. ഇത് ശരീരത്തിലെ ചില ഭാഗങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്. 

വെള്ളപ്പാടാണോ ലക്ഷണം?

നിറം നഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കാണപ്പെടുന്ന ചുവന്ന പാടുകളാണ് പ്രധാന ലക്ഷണം. ആദ്യം ചെറിയ പാടുകളായി കാണപ്പെടുമെങ്കിലും ഇവ ക്രമേണ വലുതായി വരും. സാധാരണയായി കൈകളുടെ പുറംഭാഗം, വായ്ക്ക് ചുറ്റുമുള്ള ഭാഗം, കാലിന്റെ മുൻഭാഗം, കാൽമുട്ടിന് താഴെ, കക്ഷം, പുറം എന്നിവിടങ്ങളിലാണ് ഈ പാടുകൾ കൂടുതലായി കാണപ്പെടുന്നത്. 

പാൽനിറത്തിലുള്ള പാടും അതിന് ചുറ്റും സ്വാഭാവിക നിറമുള്ള ചർമവുമാണ് കാണപ്പെടുന്നത്. ഇരുണ്ട നിറമുള്ള ശരീരഭാഗങ്ങളിലാണ് ഇവ കൂടുതലായി ബാധിക്കാറുള്ളതെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ചില പാടുകൾ ഉള്ളയിടങ്ങളിലെ രോമങ്ങൾ നരച്ച് കാണപ്പെടും. പുരികം, കൺപീലികൾ എന്നിവിടങ്ങളിലും നര ബാധിച്ചേക്കാം. പാടുകളിൽ നരബാധിച്ച രോമങ്ങൾ ഉണ്ടെങ്കിൽ ചികിത്സ ദുഷ്കരമായേക്കും. 

എന്നാൽ, എലാ വെള്ള പാടുകളും വിറ്റിലിഗോ ആണെന്ന് തെറ്റിദ്ധരിക്കരുത്. പല അസുഖങ്ങൾ കാരണവും മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണവും ശരീരത്തിൽ വെള്ളപ്പാടുകൾ രൂപപ്പെട്ടേക്കാം. ഇത് ഒരു ഡോക്ടറുടെ സഹായത്തോടെ സ്ഥിരീകരിക്കുകയാണ് വേണ്ടത്. വെള്ളപ്പാണ്ട് തുടക്കം തന്നെ തിരിച്ചറിയാനാകുമോ എന്ന സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. മറ്റുപാടുകളിൽ നിന്ന് വേറിട്ട് തന്നെ വെള്ളപ്പാണ്ടിന്റെ പാടുകളെ തിരിച്ചറിയുകയാണ് പ്രധാനം.ചുവന്ന നിറത്തിലുള്ള പാടുകൾ ഉണ്ടാകുമെങ്കിലും ചൊറിച്ചിലോ മറ്റോ ഇതിന് ഉണ്ടാകാറില്ല. 

പകരുമോ 

വെള്ളാപ്പാണ്ടുള്ള രോഗികളുമായി അടുത്തിടപഴകിയാലോ അവരെ തൊട്ടാലോ രോഗം പകരുമോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ, ഇനിയത് വേണ്ട. ഒരിക്കലും വെള്ളപ്പാണ്ട് തൊട്ടാൽ പകരുന്ന രോഗമല്ല. തൊലിയിൽ നിറമില്ല എന്നതൊഴിച്ചാൽ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ രോഗികൾക്ക് ഉണ്ടാകുന്ന സാധ്യത വളരെ കുറവാണ്. അതിനാൽ, തന്നെ വെള്ളപ്പാണ്ടുള്ളവരെ കല്യാണം കഴിക്കുന്നതിന്റെ അടുത്ത് ഇടപഴകുന്നതിലോ യാതൊരു തടസ്സവുമില്ല. 

ആഹാരരീതികൾ ഈ രോഗത്തെ ബാധിക്കുമോ എന്ന സംശയത്തിന് പ്രസക്തിയില്ല. ആഹാരവും വിറ്റിലിഗോയും തമ്മിൽ യാതൊരു ബന്ധവുമില്ല. അതുപോലെ തന്നെ പാരമ്പര്യമായി ഉണ്ടാകുന്ന രോഗമാണോ എന്നും സംശയം നിലനിൽക്കുന്നുണ്ട്. എന്നാൽ, വിറ്റിലിഗോ ഒരു പാരമ്പര്യ രോഗമല്ല. എന്നാൽ, അടുത്ത ബന്ധുക്കളിൽ ആർക്കെങ്കിലും ഈ രോഗാവസ്ഥയുണ്ടെങ്കിൽ വിറ്റിലിഗോ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിറ്റിലിഗോ ബാധിച്ച ആളുകളുടെ അടുത്ത ഒരു ബന്ധുവിനും വിറ്റിലിഗോ കണ്ടു വരുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ചികിൽസിച്ചാൽ മാറുമോ

നൂതന ചികിത്സകൾ നിലവിലുണ്ടെങ്കിലും വിറ്റിലിഗോയെ പൂർണമായും ഭേദമാക്കാൻ കഴിയില്ല. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചുള്ള ചികിത്സയാണ് ഫലപ്രദമായി കണ്ടുവരുന്നത്. ഫോട്ടോതെറാപ്പി, ട്രാന്‍സ്പ്ലാന്റേഷന്‍ തുടങ്ങിയ ചികിത്സാ രീതികളും ലഭ്യമാണ്. എന്നാൽ, ഈ ചികിത്സാരീതികളോട് ശരീരം എങ്ങനെ പ്രതികരിക്കുമെന്നത് സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കാനാകില്ല. എല്ലാവർക്കും ചികിത്സ ഫലപ്രദമാകണമെന്നുമില്ല. എന്നാൽ, ആരോഗ്യവിദഗ്ധരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ ചർമത്തിന്റെ നിറം വീണ്ടെടുക്കാനും മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനും സാധിക്കും. 

വൈകാരിക സമ്മർദം ഏറെ അനുഭവിക്കുന്നവരാകും വിറ്റിലിഗോ രോഗികൾ. അതിനാൽ, തന്നെ ഈ രോഗാവസ്ഥയെ കുറിച്ച് കൃത്യമായി മനസിലാക്കുക എന്നത് പ്രധാനമാണ്. അമിതമായ ഉത്കണ്ഠയും സമ്മർദ്ദവും അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള ആളുകൾ അനുഭവിക്കുന്ന രോഗാവസ്ഥയാണിതെന്ന് മനസിലാക്കുക. വിറ്റിലിഗോ രോഗികളെ അകറ്റി നിർത്താതെ, അവരോട് വിമുഖത കാണിക്കാതെ ചേർത്തുനിർത്തുക. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News