പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായവ എന്തൊക്കെ?

എല്ലാവര്‍ഷവും നവംബര്‍ 14 ലോക പ്രമേഹദിനമായാണ് ആചരിക്കുന്നത്.

Update: 2023-11-13 16:40 GMT
Advertising

ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നവംബര്‍ 14 ലോക പ്രമേഹദിനമായാണ് ആചരിക്കുന്നത്. ഇന്ന് വളരെ വ്യാപകമായി കാണപ്പെടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. വർഷംതോറും പ്രമേഹ രോഗികളുടെ എണ്ണം ആശങ്ക പരത്തുന്ന വിധം വർധിക്കുകയാണ്. മരുന്നിനൊപ്പം ശരിയായ ഭക്ഷണക്രമീകരണത്തിലൂടെ പ്രമേഹം നിയന്ത്രിക്കാനാകും. 

പ്രമേഹത്തിന്റെ ചില ലക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.


പതിവായി മൂത്രമൊഴിക്കുന്നത്, അമിത ദാഹവും വിശപ്പും , മുറിവുകൾ പതുക്കെ ഉണങ്ങുക, മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം, ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.

ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍‌ വരുന്നതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം. കഴുത്ത്, കക്ഷം, ഞരമ്പ്, സ്തനങ്ങൾക്ക് താഴെ എന്നിങ്ങനെ ശരീരത്തിന്റെ മടക്കുകളിലും ചുളിവുകളിലുമാണ് ഇത്തരത്തിൽ പാടുകൾ പ്രത്യക്ഷപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലം ചര്‍മ്മം വരണ്ടതാവുകയും ചെയ്യുന്നു.  


ചർമ്മത്തിൽ കാണുന്ന ചെറുതും മഞ്ഞ-ചുവപ്പ് നിറത്തിലുള്ളതുമായ മുഴകൾ അല്ലെങ്കിൽ മുറിവുകളും പ്രമേഹത്തിന്റെ ലക്ഷണമാണ്. സാധാരണയായി കണ്ണുകൾക്ക് ചുറ്റും കാണപ്പെടുന്ന മഞ്ഞകലർന്ന കൊഴുപ്പും ചിലപ്പോള്‍ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.

പ്രമേഹരോഗികള്‍ക്ക് കഴിക്കേണ്ട പഴങ്ങളും പച്ചക്കറികളും

ധാരാളം കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. കാരണം കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. നേന്ത്രപ്പഴത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹരോഗികള്‍ ഒരു നേരംപകുതി നേന്ത്രപ്പഴം മാത്രമേ കഴിക്കാവൂ. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ആപ്പിളുകള്‍. പ്രമേഹ രോഗികള്‍ ദിവസവും ഒന്നോ രണ്ടോ ആപ്പിളെങ്കിലും കഴിക്കുന്നത് നല്ലതാണ്. ആപ്പിളുകള്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും നല്ല ദഹനം നിലനിര്‍ത്തുകയും ചെയ്യുന്നു.


പേരക്ക വളരെ ആരോഗ്യകരമാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതില്‍ മധുരത്തിന്റെ അളവ് താരതമ്യേന കുറവാണ്. പച്ചക്കറികളില്‍, പാവയ്ക്ക നല്ലതാണ്. കാരണം ഇത് രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. പ്രമേഹത്തിന് ഉത്തമമായ ഫൈറ്റോകെമിക്കലുകള്‍ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വേണ്ടയ്ക്കയില്‍ മിറിസ്റ്റിസിന്‍ അടങ്ങിയിട്ടുള്ളതിനാൽ ഇത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.

ഒഴിവാക്കേണ്ട പഴങ്ങളും പച്ചക്കറികളും

മുന്തിരിയിലും ചെറിയിലും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ്, മത്തങ്ങ, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികളിലും അന്നജവും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവ അമിതമായി കഴിക്കരുത്. പഴുത്ത പൈനാപ്പിളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, അതിനാല്‍ പ്രമേഹ രോഗികള്‍ ഇത് ഒഴിവാക്കണം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News