ഹോട്ടലിൽ പാത്രം കഴുകിയ കൈകളിൽ ഇനി പുസ്തകവും പേനയും; ബിഹാറിലെ ആ 11കാരൻ ഇനി അറിവിന്റെ ലോകത്തേക്ക്
ബിരിയാണിയുടെ എണ്ണവും തുകയും പറഞ്ഞ് കാശ് വാങ്ങാനും ബാക്കി നൽകാനും കഴിയുന്ന ബാലന് അക്ഷരങ്ങളോ അക്കങ്ങളോ എഴുതാൻ അറിയില്ല
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിനിടയിൽ ഒരു കുട്ടിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവ് സൃഷ്‌ടിച്ച മീഡിയവൺ വാർത്ത ആരും മറന്നുകാണില്ല. 11കാരന്‍ ഹോട്ടലിൽ രാപകൽ ജോലി ചെയ്യുന്നതായിരുന്നതെന്നാണ് കണ്ടെത്തിയത്. വാർത്തയെതുടർന്ന് വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കുമെന്ന് സന്നദ്ധസംഘടനയായ ഇർസ ഫൗണ്ടേഷൻ അറിയിച്ചിരുന്നു. അറാറിയ ജില്ലയിലെ ഫോർബസ് ഗഞ്ചിൽ കൂടുതൽ കുട്ടികൾ പഠനത്തിന് തയാറാകുന്നു എന്നതാണ് മറ്റൊരു സന്തോഷവാർത്ത.
ചട്ടുകവും കത്തിയും മാറ്റിവെച്ച് ആ കുഞ്ഞികൈകളിൽ പുസ്തകവും പേനയും ഏൽപ്പിച്ചു. ഹോട്ടലിൻ്റെ അടുക്കളയിൽ നിന്നും സ്‌കൂളിൻ്റെ അരങ്ങിലേയ്ക്കാണ് കുട്ടി എത്തിയത്. ബിരിയാണിയുടെ എണ്ണവും തുകയും പറഞ്ഞ് കാശ് വാങ്ങാനും ബാക്കി നൽകാനും കഴിയുന്ന ബാലന് അക്ഷരങ്ങളോ അക്കങ്ങളോ എഴുതാൻ അറിയില്ല. അതുകൊണ്ട് എല്‍കെജി ക്ലാസിലെ സിലബസാണ് ആദ്യം പഠിപ്പിക്കുക. അടിസ്ഥാന പാഠങ്ങൾ ഉറയ്ക്കുന്നതോടെ ഉയർന്ന ക്ലാസുകളിലേക്ക് മാറ്റും.ഈ ബാലനെപ്പോലെ പഠനം മുടങ്ങിയവരോ വിവിധ സാഹചര്യങ്ങളാൽ സ്‌കൂളിൽ പോകാൻ കഴിയാത്തവരോ ആയ കൂടുതല്‍ കുട്ടികളാണ് വിദ്യാലയത്തിലേക്ക് ചേരാൻ തയാറെടുക്കുന്നത്.
ഇർസ ഫൗണ്ടേഷൻ നടത്തുന്ന ലിറ്റിൽ ഏഞ്ചൽ സ്‌കൂളിലേക്ക് മാതാവിനൊപ്പമാണ് കുട്ടി എത്തിയത്. ഇനിമുതൽ സ്‌കൂൾ ഹോസ്റ്റലിലാണ് താമസം. കുടുംബം പുലർത്തുന്നതിൻ്റെ ഭാഗമായി രാവിലെ ആറുമണി മുതൽ രാത്രി ഒമ്പതുമണിവരെയാണ് അവൻ ഹോട്ടലിൽ പണിയെടുത്തിരുന്നത്. കൂലിയായി കിട്ടുന്നതോ വെറും 100 രൂപമാത്രം. ജീവിത സാഹചര്യമാണ് ഈ കുരുന്നിനെ ഹോട്ടൽ ജോലിയിലേക്ക് തള്ളിവിട്ടത്. ഒന്നാം ക്ലാസുവരെയാണ് പഠിച്ചതെന്നും എന്നാൽ തുടർന്ന് പഠിക്കാൻ താൽപര്യമുണ്ടെന്നും വലുതായാൽ ഡോക്ടറാകണമെന്നുമാണ് ഈ കുരുന്നിന്റെ ആഗ്രഹം. ഹോട്ടലിൽ ജോലിചെയ്യുമ്പോൾ ലഭിച്ചിരുന്ന തുക വീട്ടു ചെലവിനായി ഇർസ ഫൗണ്ടേഷൻ നേരിട്ട് നൽകുന്നുണ്ട്.