യുപിയിൽ 17കാരിയുടെ തലയറുത്ത് മൃതദേഹം അഴുക്കുചാലിൽ തള്ളി; അമ്മയടക്കം നാല് പേര്‍ കസ്റ്റഡിയിൽ, ദുരഭിമാനക്കൊലയെന്ന് സംശയം

വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

Update: 2025-06-06 06:40 GMT
Editor : Jaisy Thomas | By : Web Desk

മീററ്റ്: ഉത്തര്‍പ്രദേശിൽ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലിൽ തള്ളിയ സംഭവുമായി ബന്ധപ്പെട്ട് നാല് കുടുംബാംഗങ്ങൾ കസ്റ്റഡിയിൽ. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മീററ്റിലെ പാര്‍താപൂരിലാണ് സംഭവം.

ദൗറലയിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു ദിവസം മുമ്പ് ഇന്‍റര്‍മീഡിയറ്റ് വിദ്യാർഥിനിയെ കാണാതായിരുന്നു. ആൺസുഹൃത്തിന്‍റെ പേരും മൊബൈൽ നമ്പറും അടങ്ങിയ കടലാസ് തുണ്ട് പെൺകുട്ടിയുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതാണ് മരിച്ചത് കാണാതായ പെൺകുട്ടിയാണെന്ന് കണ്ടെത്താൻ സഹായിച്ചത്. ബഹാദൂർപൂർ ഗ്രാമത്തിലെ ഒരു അഴുക്കുചാലിൽ നിന്ന് വികൃതമായ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ രണ്ട് 20 രൂപ നോട്ടുകളും 'വികാസ്' എന്ന പേരും ഫോൺ നമ്പറും അടങ്ങിയ ഒരു സ്ലിപ്പും കണ്ടെത്തി. പ്രസ്തുത നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വികാസ് തന്നെയാണ് ഫോൺ എടുത്തത്. തന്‍റെ കാമുകിയാണ് മരിച്ചതെന്ന് ഇയാളാണ് പൊലീസിനോട് പറഞ്ഞത്. പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. വികാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പെൺകുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചത്.

Advertising
Advertising

പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവന്മാരെയും ഒരു ബന്ധുവിനെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരഭിമാനക്കൊലയാണെന്നാണ് പൊലീസിന്‍റെ നിഗമനം. ആൺകുട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം കുട്ടിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. "പെൺകുട്ടിയുടെ തല ഇതുവരെ കണ്ടെടുത്തിട്ടില്ല, ഒന്നിലധികം പൊലീസ് സംഘങ്ങൾ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. മറ്റുള്ളവരുടെ പങ്കാളിത്തവും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്, കൊലപാതകം എങ്ങനെ നടത്തിയെന്ന് അന്വേഷിക്കുന്നുണ്ട്," സിറ്റി എസ്‌പി ആയുഷ് വിക്രം സിങ്ങിനെ ഉദ്ധരിച്ച് എൻബിടി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News