പെണ്‍കുട്ടികള്‍ എന്തിന് രാത്രി ബീച്ചില്‍ പോയി? കൂട്ടബലാത്സംഗ കേസില്‍ വിവാദ പരാമര്‍ശവുമായി ഗോവ മുഖ്യമന്ത്രി

ഗോവയില്‍ ക്രമസമാധാനം തകർന്നെന്ന് പ്രതിപക്ഷം

Update: 2021-07-29 11:08 GMT

ഗോവയിൽ 14 വയസുള്ള രണ്ട് ​പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന്​പിന്നാലെ വിവാദ പരാമര്‍ശവുമായി​ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രി ബീച്ചില്‍ പോയതെന്നാണ് മുഖ്യമന്ത്രിയുടെ ചോദ്യം. നിയമസഭയിലാണ്​ പ്രമോദ്​ സാവന്ത് വിവാദ​ പരാമര്‍ശം നടത്തിയത്​. ഗോവയില്‍ ക്രമസമാധാനം തകർന്നെന്ന് പ്രതിപക്ഷം സർക്കാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുണ്ടായി. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

"നമ്മള്‍ പൊലീസിനെ പഴിക്കുന്നു. 10 പേര്‍ പാര്‍ട്ടിക്കായി ബീച്ചില്‍ പോയിട്ട് ആറ് പേര്‍ കുറച്ചുകഴിഞ്ഞ് തിരിച്ചുപോയി, നാല് പേര്‍ രാത്രി മുഴുവന്‍ ബീച്ചില്‍ ചെലവഴിക്കുകയായിരുന്നു എന്ന കാര്യമാണ് എനിക്ക് ചൂണ്ടിക്കാണിക്കാനുള്ളത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് രാത്രി ബീച്ചില്‍ ചെലവഴിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ രാത്രി ബീച്ചില്‍ ചെലവഴിക്കാന്‍ പാടില്ലായിരുന്നു. മാതാപിതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. കുട്ടികളെ രാത്രിയില്‍ പുറത്തുകറങ്ങാന്‍ അനുവദിക്കരുത്. 14 വയസ്സുള്ള കുട്ടികള്‍ രാത്രി മുഴുവന്‍ ബാച്ചിലായിരുന്നു. ഇക്കാര്യം മാതാപിതാക്കള്‍ പരിശോധിക്കണമായിരുന്നു. മാതാപിതാക്കള്‍ പറയുന്നത് കുട്ടികൾ കേൾക്കുന്നില്ലെങ്കിൽ ഉത്തരവാദിത്വം മുഴുവന്‍ പൊലീസിന്റെയും സര്‍ക്കാരിന്‍റെയും ചുമലിലിടാന്‍ കഴിയില്ല"-- നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു പ്രമോദ് സാവന്ത്.

Advertising
Advertising

വര്‍ഷങ്ങളായി ഗോവയിലെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ ഭയക്കേണ്ട സാഹചര്യം എങ്ങനെയുണ്ടായി? ക്രിമിനലുകളെ ജയിലില്‍ അടയ്ക്കണം. നിയമം അനുസരിക്കുന്ന പൌരന്മാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയണം- കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയില്‍ പറഞ്ഞു.

പൌരന്മാരുടെ സുരക്ഷ സര്‍ക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്വമാണെന്ന് ഗോവയില്‍ ബിജെപി സഖ്യകക്ഷിയായിരുന്ന ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ നേതാവ് വിജയ് സര്‍ദേശായി പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പ്രമോദ് സാവന്തിന് അര്‍ഹതയില്ലെന്നും വിജയ് സര്‍ദേശായി പറഞ്ഞു. സ്ത്രീകളെ സംബന്ധിച്ച് സുരക്ഷിതമായ സ്ഥലമായിരുന്നു ഗോവയെന്നും പക്ഷേ നിലവില്‍ ആ അവസ്ഥ മാറിയെന്നും സ്വതന്ത്ര എംഎല്‍എ റോഹന്‍ ഖൌന്‍ടെ പറഞ്ഞു.

കുട്ടികള്‍ ബീച്ചിലിരിക്കുമ്പോള്‍ നാല് പേര്‍ പൊലീസുകാരെന്ന വ്യാജേന അവരെ സമീപിക്കുകയായിരുന്നു. ഇവരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥാണ്. ആണ്‍കുട്ടികളെ തല്ലിയോടിച്ചശേഷം ഇവര്‍ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ആസിഫ്​ ഹട്ടേലി, രാജേഷ്​ മാനേ, ഗജാനന്ദ്​ ചിൻചാകർ, നിതിൻ യബ്ബാൾ എന്നിവർ അറസ്റ്റിലായി. പ്രതികളെ രക്ഷിക്കാന്‍ ഒരു മന്ത്രി തന്നെ ശ്രമിച്ചെന്നും ഇദ്ദേഹം പൊലീസിനെ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷത്തെ ഒരു എംഎല്‍എ ആരോപിച്ചു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News