Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ചണ്ഡീഗഡ് : ഹരിയാനയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർഥികൾ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഹിസാറിലുള്ള സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പൽ ജഗ്ബീര്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൊലപാതകം നടത്തിയത്. മുടി മുറിക്കാത്തതിനും അച്ചടക്ക ലംഘനത്തിനും അധ്യാപകൻ വിദ്യാർഥികളെ വഴക്കു പറഞ്ഞിരുന്നതായും ഇതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്നുമാണ് പ്രാഥമിക വിവരം.
രാവിലെ 10:30ഓടെയാണ് ആക്രമണമുണ്ടായത്. വിദ്യാർഥികളുടെ ആക്രമണത്തിൽ അധ്യാപകന് നിരവധി കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തു.
പതിനഞ്ചുവയസ് പ്രായമുള്ള കുട്ടികളാണ് കൊല നടത്തിയതെന്നും പ്രതികര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി ഹാന്‍സി പൊലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു. അധ്യാപകന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.