പാർലമെന്റിൽ സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ ഉയർത്തിയത് 264 ചോദ്യങ്ങൾ; എല്ലാം നീക്കം ചെയ്തു

ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഞെട്ടിച്ചായിരുന്നു പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കലിന് രാജ്യം സാക്ഷിയായത്.

Update: 2023-12-26 09:33 GMT
Advertising

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ലോക്‌സഭയിലും രാജ്യസഭയിലുമായി സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാർ ഉന്നയിച്ച ചോദ്യങ്ങളെല്ലാം രേഖകളിൽ നിന്ന് നീക്കം ചെയ്തു. 264 ചോദ്യങ്ങളാണ് സസ്പെൻഡ് ചെയ്യപ്പെട്ട 146 എം.പിമാർ ഇരു സഭകളിലുമായി ഉന്നയിച്ചത്. എന്നാൽ പാർലമെന്റ് അതിക്രമത്തിലടക്കം പ്രതിഷേധിച്ചതിനെ തുടർന്ന് ഇവരെ ഘട്ടം ഘട്ടമായി സസ്പെൻഡ് ചെയ്തതിനു പിന്നാലെ ചോദ്യങ്ങളെല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

പാർലമെന്റ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്ലക്കാർഡ് അടക്കം ഉയർത്തി പ്രതിഷേധിച്ചതിനാണ് ഇരു സഭകളിൽ നിന്നും 146 എംപിമാരെ സസ്പെൻഡ് ചെയ്തത്. എട്ട് ദിവസം കൊണ്ടാണ് ഇത്രയും എം.പിമാരെ പുറത്താക്കിയത്. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഞെട്ടിച്ചായിരുന്നു പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കലിന് രാജ്യം സാക്ഷിയായത്.

ഇവരുന്നയിച്ച ചോദ്യങ്ങൾ ഇരു സഭകളുടെയും വെബ്സൈറ്റുകളിൽ ലഭ്യമല്ല. അതുപോലെ, വിവിധ മന്ത്രിമാരോട് ഒരേ ചോദ്യം ചോദിക്കുന്ന അംഗങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന് സസ്പെൻഡ് ചെയ്ത എം.പിമാരുടെ പേരുകൾ നീക്കം ചെയ്തതായി ഇരു സഭകളുടേയും വെബ്‌സൈറ്റുകൾ പറയുന്നു.

പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ പ്രസ്താവന നടത്തണമെന്നും അക്രമികൾക്ക് പാസ് നൽകിയ ബിജെപി എം.പി പ്രമോദ് സിംഹയെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് 146 എം.പിമാരെ ഇരു സഭകളിൽ നിന്നും സസ്‌പെൻഡ് ചെയ്തത്. ഡിസംബർ 14 മുതൽ 21 വരെയുള്ള ദിവസങ്ങളിലായിരുന്നു നടപടി.

ഇതിനെതിരെ വൻ പ്രതിഷേധമാണ് പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി ഉയർത്തിയത്. ഡൽഹിയിലും മറ്റ് വിവിധിയിടങ്ങളിലും വലിയ പ്രതിഷേധമാണ് നടന്നത്. 543 അംഗ ലോക്‌സഭയിൽ ഇൻഡ്യ സഖ്യത്തിനുള്ള 142ൽ 100 ഉം മുന്നണിക്ക് 101 സീറ്റുകളുള്ള 250 അംഗ രാജ്യസഭയിൽ നിന്ന് 46 പേരുമാണ് സസ്പെൻഡ് ചെയ്യപ്പെട്ടത്.

രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്രയധികം എം.പിമാരെ ഒരുമിച്ച് സസ്പെൻഡ് ചെയ്യുന്നത് ആദ്യത്തെ സംഭവമാണ്. 1989ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ ചർച്ചയ്ക്കിടെ ലോക്‌സഭയിലെ 63 അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതായിരുന്നു ഇതിനു മുമ്പുള്ള വലിയ സംഖ്യ.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News