2025ൽ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടത് 3155 ഇന്ത്യക്കാർ; മുൻ വർഷത്തേതിനേക്കാൾ ഇരട്ടിയിലേറെ വർധന
മൂന്ന് വർഷത്തിനിടെ 5140 ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്തിയത്.
ന്യൂഡൽഹി: ഈ വർഷം യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 3155 ഇന്ത്യൻ പൗരന്മാരെയാണ് അമേരിക്ക 2025 നവംബർ 21വരെ നാടുകടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് പാർലമെന്റിനെ അറിയിച്ചു. മൂന്ന് വർഷത്തിനിടെ 5140 ഇന്ത്യക്കാരെയാണ് യുഎസ് നാടുകടത്തിയത്.
'ഡോങ്കി റൂട്ട്' എന്ന വിളിക്കപ്പെടുന്ന മാർഗത്തിലൂടെ പ്രവേശിച്ച നിരവധി ഇന്ത്യക്കാരെ അടുത്തിടെ യുഎസിൽ നിന്ന് നാടുകടത്തിയെന്നത് വസ്തുതയാണോ എന്നും അങ്ങനെയെങ്കിൽ മൂന്ന് വർഷത്തിനിടെ യുഎസ് സർക്കാർ ഇന്ത്യയിലേക്ക് നാടുകടത്തിയ ആളുകളുടെ എണ്ണം എത്രയെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തോടുള്ള ചോദ്യം. ഇതിനുള്ള മറുപടിയായാണ് മന്ത്രി കണക്ക് വ്യക്തമാക്കിയത്.
'നിയമവിരുദ്ധമായി യുഎസിൽ പ്രവേശിച്ചതായി കണ്ടെത്തപ്പെടുന്നവരെയോ വിസാ കാലാവധി കഴിഞ്ഞവരെയോ യാതൊരു രേഖകളുമില്ലാതെ യുഎസിൽ താമസിക്കുന്നവരെയോ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന വ്യക്തികളെയോ യുഎസ് സർക്കാർ സാധാരണയായി നാടുകടത്താറുണ്ട്. ഈ നടപടികളിൽ ഇന്ത്യൻ സർക്കാർ യുഎസ് സർക്കാരുമായി ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നത്'- മന്ത്രി പറഞ്ഞു.
മുൻ വർഷങ്ങളിൽ അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്കും മന്ത്രി പുറത്തുവിട്ടു. 2024ൽ 1368 പേരെയും 2023ൽ 617 പേരെയുമാണ് യുഎസ് നാടുകടത്തിയത്. മിക്ക വിദേശരാജ്യങ്ങളും നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ പങ്കിടുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വടക്കേ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് ഉപയോഗിക്കുന്ന വഴിയാണ് 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്നത്.
സെപ്തംബറിൽ യുഎസിൽ നിന്ന് നാടുകടത്തിയ ഹരിയാനയിലെ കർണാൽ ജില്ലയിൽ നിന്നുള്ള 16 യുവാക്കളെ കുടുംബങ്ങൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചിരുന്നു. വലിയ തുക നൽകി അനധികൃത മാർഗങ്ങളിലൂടെയാണ് ഈ യുവാക്കൾ യുഎസിലേക്ക് പോയതെന്നും ഇവർ യുഎസിലേക്ക് എങ്ങനെ യാത്ര ചെയ്തെന്ന് പൊലീസ് പരിശോധിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.