Writer - അൻഫസ് കൊണ്ടോട്ടി
anfas123
ബെംഗളൂരു: ബെംഗളൂരു കൊഗിലു വില്ലേജില്‍ കര്‍ണാടക സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്. 150 ലധികം കുടുംബങ്ങള്‍ ഭവനരഹിതരായി. ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി കയ്യേറി കുടിലുകള്‍ സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊളിച്ചുനീക്കല്‍. തണുത്ത് വിറക്കുന്ന ബെംഗളൂരുവില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ് കൂടിയത് സ്‌കൂള്‍ ഗ്രൗണ്ടില്‍.
ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് മുന്നറിയിപ്പുകള്‍ ഒന്നുംകൂടാതെ അധികൃതര്‍ മണ്ണുമാന്തി യന്ത്രങ്ങളുമായെത്തി കുടിലുകള്‍ പൊളിച്ച് മാറ്റാന്‍ തുടങ്ങിയത്. ആധാര്‍ കാര്‍ഡ,് തെരഞ്ഞെടുപ്പ് കാര്‍ഡ,് റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ പ്രധാനപ്പെട്ട രേഖകളൊന്നും ശേഖരിക്കാന്‍ മതിയായ സമയം അനുവദിക്കാതെയായിരുന്നു പൊളിച്ചു നീക്കല്‍.
വീട് തകര്‍ന്നതോടെ ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ അടുത്തുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ കളിസ്ഥലത്തേക്ക് മാറി. സ്‌കൂള്‍ അവധിയായതിനാല്‍ ഇന്നലെ അവിടെ കഴിഞ്ഞു. ഇന്ന് സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നതോടെ ഇവര്‍ ഇവിടെ നിന്നും ഇറങ്ങേണ്ടി വരും. കര്‍ണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ മണ്ഡലമാണിത്. തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാനും ന്യായമായ പരിഹാരം കാണാനും മന്ത്രി തയ്യാറായില്ലെന്ന് താമസക്കാര്‍ പറയുന്നു.
വസീം ലേഔട്ടിലും ഫക്കീര്‍ കോളനിയിലും 30 വര്‍ഷത്തിലേറെയായി നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഈ വീടുകളാണ് ഒരു മുന്‍കൂര്‍ അറിയിപ്പും കൂടാതെ അധികൃതര്‍ പൊളിച്ച് മാറ്റിയത്.
ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. ഭൂമി നിര്‍ദ്ദിഷ്ട ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നും അധികൃതര്‍ പറയുന്നു.
ബിഎസ്ഡബ്ല്യുഎംഎല്‍, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, നോര്‍ത്ത് സിറ്റി കോര്‍പറേഷന്‍, റവന്യൂ വകുപ്പ്, ബെംഗളൂരു മെട്രോപൊളിറ്റന്‍ ടാസ്‌ക് ഫോഴ്സ്, 70 മാര്‍ഷലുകള്‍, 200 ഓളം ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ വന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പൊളിച്ചു നീക്കല്‍.