ട്രെയിൻ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി

കുശിനഗര്‍ എക്‌സ്പ്രസിന്റെ എസി കോച്ച് വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്

Update: 2025-08-24 07:43 GMT
Editor : നബിൽ ഐ.വി | By : Web Desk

മുംബൈ: അഞ്ച് വയസുകാരന്റെ മൃതദേഹം ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍. കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലില്‍ കുശിനഗര്‍ എക്‌സ്പ്രസിലെ എസി കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ച് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ ഗോരഖ്പൂരിനും മുംബൈയിലെ എൽടിടിക്കും ഇടയിൽ ദിവസവും സർവീസ് നടത്തുന്ന കുശിനഗർ എക്സ്പ്രസ് (22537 )ന്റെ എസി ബി2 കോച്ചിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. തുടര്‍ന്ന് ശുചീകരണ തൊഴിലാളികളിലൊരാള്‍ സ്റ്റേഷന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നും മൃതദേഹം ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ എങ്ങനെ എത്തിയെന്നും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഗുജറാത്തില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്റെ അഞ്ച് വയസുള്ള മകനെ ബന്ധുവായ യുവാവ് തട്ടിക്കൊണ്ടുപോയതായി വെള്ളിയാഴ്ച രാത്രി സൂറത്തിലെ പൊലീസില്‍ കുട്ടിയുടെ അമ്മ പരാതി നല്‍കിയിരുന്നു. അന്വേഷണം ആരംഭിച്ചവെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News