അഞ്ച് വയസുകാരനെ മാതാവിന്റെ മുന്നിലിട്ട് തലയറുത്ത് കൊന്ന് യുവാവ്; പ്രതിയെ മർദിച്ച് കൊന്ന് നാട്ടുകാർ
കുട്ടിയെ അക്രമിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാവിനും പരിക്കേറ്റു.
Photo| Special Arrangement
ഭോപ്പാൽ: മാതാവിന്റെ മുന്നിലിട്ട് അഞ്ച് വയസുകാരനെ തലയറുത്ത് കൊന്ന് യുവാവ്. മധ്യപ്രദേശിലെ ധർ ജില്ലയിലെ ആലി ഗ്രാമത്തിൽ കഴിഞ്ഞദിവസമാണ് ദാരുണ കൊലപാതകം. സംഭവത്തിനു പിന്നാലെ കൊലയാളിയായ യുവാവിനെ നാട്ടുകാർ മർദിച്ചുകൊന്നു. മഹേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗ്രാമത്തിലേക്ക് ബൈക്കിലെത്തിയ മഹേഷ് കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നെന്ന് കുസ്‌കി പൊലീസ് പറഞ്ഞു. തുടർന്ന് മൂർച്ഛയുള്ള ആയുധമെടുത്ത് വീടിനകത്തുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലും തോളിലും തുടർച്ചയായി വെട്ടാൻ തുടങ്ങി. ആക്രമണത്തിൽ കുട്ടിയുടെ തല വേർപ്പെട്ടു.
കുട്ടിയെ അക്രമിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാവിനും പരിക്കേറ്റു. ഇതോടെ മാതാവ് സഹായത്തിനായി അലറിവിളിച്ചതോടെ നാട്ടുകാർ വീട്ടിലേക്ക് ഓടിയെത്തി. ഇവർ മഹേഷിനെ പിടികൂടുകയും മർദിക്കുകയും ചെയ്തു. തുടർന്ന് പൊലീസിന് കൈമാറി. പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പ്രതി വഴിമധ്യേ മരണത്തിന് കീഴടങ്ങി.
കൊല്ലപ്പെട്ട പ്രതിക്ക് കുട്ടിയുടെ മാതാപിതാക്കളെ അറിയില്ലെന്ന് പൊലീസ് പറഞ്ഞു. അലിരാജ്പുർ ജില്ലയിലെ ജോബാദ് ബഗ്ഡി നിവാസിയാണ് ഇയാളെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. നാല് ദിവസമായി ഇയാളെ കാണാനില്ലായിരുന്നെന്ന് കുടുംബം പറയുന്നു. കൊല്ലപ്പെട്ട പ്രതി കുട്ടിയെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് വിശദമാക്കി.