അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു; ബിജെപി നേതാവിന്റെ വീടിന് തീവച്ചു; 50ലേറെ പൊലീസുകാർക്ക് പരിക്ക്
നിരോധനാജ്ഞ മറികടന്നാണ് പ്രതിഷേധവും സംഘർഷവും വ്യാപിച്ചത്.
ഗുവാഹത്തി: സ്ഥല കൈയേറ്റവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പ്രതിഷേധം തുടരുന്ന അസമിൽ വീണ്ടും സംഘർഷം. രണ്ട് പേർ കൊല്ലപ്പെട്ടു. ബിജെപി നേതാവിന്റെ വീടിന് തീവച്ചു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽ മുതിർന്ന ഉദ്യോഗസ്ഥരടക്കം 50ലധികം പൊലീസുകാർക്ക് പരിക്കേറ്റു. അസമിലെ കർബി ആങ്‌ലോങ് ജില്ലയിലാണ് സംഘർഷം. നിരോധനാജ്ഞ മറികടന്നാണ് പ്രതിഷേധവും സംഘർഷവും വ്യാപിച്ചത്.
കർബി ആങ്‌ലോങ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്‌സിക്യുട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാങ്ങിന്റെ വീടിന് പ്രതിഷേധക്കാർ തീയിട്ടിരുന്നു. തിങ്കളാഴ്ചയാണ് അസമിലെ വെസ്റ്റ് കർബി ആങ്‌ലോങ് ജില്ലയിലെ ബിഹാരി കുടിയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ബിജെപി നേതാവിന്റെ വീടിന് തീവച്ചത്. ഈ സമയം, റോങ്‌ഹാങ് വീട്ടിലില്ലായിരുന്നു.
തുടർന്ന് ഖെറോണിയിലെ പൊലീസ് സ്റ്റേഷന് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയും അവിടെയുള്ള ബിഹാറി, നേപ്പാളി നിവാസികളെ ആക്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ മറികടന്നുണ്ടായ പ്രക്ഷോഭത്തിലാണ് വീണ്ടും സംഘർഷമുണ്ടായതും പൊലീസുകാർക്ക് പരിക്കേറ്റതും രണ്ട് പേർ മരിച്ചതും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് സിആർപിഎഫിനെയും കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച മൂന്ന് പ്രദേശവാസികൾക്കും ഒരു അർധസൈനിക ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. പ്രദേശത്തെ മറ്റ് ഗോത്രേതര സമൂഹങ്ങളിൽ നിന്ന് തങ്ങളുടെ പൂർവിക ഭൂമി സംരക്ഷിക്കണമെന്നാണ് കർബി സമുദായങ്ങളുടെ ആവശ്യം. രണ്ട് ജില്ലകളിലെ പ്രൊഫഷണൽ ഗ്രേസിങ് റിസർവ് (പിജിആർ), വില്ലേജ് ഗ്രേസിങ് റിസർവ് (വിജിആർ) ഭൂമികളിൽ നിന്ന് ബീഹാറിൽ നിന്നുള്ള കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗോത്ര ഭൂരിപക്ഷമുള്ള വെസ്റ്റ് കർബി ആങ്‌ലോങ് കുന്നിൻ പ്രദേശം ഭരിക്കുന്നത് കർബി ആങ്‌ലോങ് സ്വയംഭരണ കൗൺസിലാണ്.
2024ൽ സമാന പ്രതിഷേധങ്ങളെത്തുടർന്ന്, ഫൂലോനി സർക്കിളിലെ 103 കുടുംബങ്ങൾ ഭൂമി കൈയേറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റോങ്ഹാങ് കുടിയിറക്കൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ ഭൂമിയിലെ കുടിയേറ്റക്കാരെ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ബിഹാറി നോണിയ സമുദായ സംഘടനാ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഒരു നിവേദനം സമർപ്പിച്ചു. ഇതോടെയാണ് വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
ഞായറാഴ്ച ഏഴ് പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് തദ്ദേശവാസികൾ ഖെറോണിയിൽ നിന്ന് ഡോങ്കമുകത്തിലേക്ക് മാർച്ച് നടത്തിയതിനെത്തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. ഖെറോണിയിലെ റോഡുകൾ പ്രതിഷേധക്കാർ ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായതും ബിജെപി നേതാവിന്റെ വീടിന് തീവച്ചതും.