രണ്ടുമാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് വിഡിയോ പ്രചരിപ്പിച്ചു; ഏഴുപേര്‍ അറസ്റ്റില്‍
ജൂലൈ അവസാനവാരമാണ് പെണ്‍കുട്ടിയെ ഒന്നാം പ്രതി ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക് ക്ഷണിച്ചത്
മംഗളൂരു:കര്‍ണാടകയില്‍ പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴുപേര്‍ അറസ്റ്റില്‍.കാർത്തിക്, രാകേഷ് സൽദാന, ജീവൻ, സന്ദീപ്, രക്ഷിത്, ശ്രാവൺ, സുരേഷ് എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികളിലൊരാളായ കാര്‍ത്തിക്കിനെ പെണ്‍കുട്ടി പരിചയപ്പെട്ടതെന്ന് പൊലീസ് പറയുന്നു.ഈ പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വളരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ഇക്കഴിഞ്ഞ ജൂലൈ അവസാനവാരം കാര്‍ത്തിക് പെണ്‍കുട്ടിയെഒരു ഹോട്ടലിൽ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു.
ഭക്ഷണത്തിനു ശേഷം, കാര്‍ത്തിക് അഡയാർ വെള്ളച്ചാട്ടത്തിനടുത്തുള്ള കാട്ടിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇയാളുടെ സുഹൃത്തായ രാകേഷ് സൽദാനയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കാര്‍ത്തിക് പീഡനദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും പിന്നീട് അത് മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാര്‍ത്തിക്കിനും രാകേഷ് സൽദാനക്കുമെതിരെ ബലാത്സംഗ കുറ്റം ചുമത്തി. പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിച്ച മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ, കൂട്ടബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗത്തിൽ ഉൾപ്പെട്ട പ്രതികളെയും വീഡിയോകൾ പ്രചരിപ്പിച്ച ആളുകളെയും ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മംഗലാപുരം പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.