Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ഗുജറാത്ത്: മധ്യ ഗുജറാത്തിനെയും സൗരാഷ്ട്രയെയും ബന്ധിപ്പിക്കുന്ന ഗംഭീറ പാലം ഇന്നു രാവിലെ തകര്‍ന്നുവീണു. വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണ് 9 പേര്‍ മരിച്ചു. 9 പേരെ രക്ഷപ്പെടുത്തി. രാവിലെ ഏഴരയോടെയായിരുന്നു അപകടം.
പദ്ര താലൂക്കിലെ മുജ്പുറിനു സമീപമാണ് നാലുദശകം പഴക്കമുള്ള ഗംഭിറ പാലം. ഈ പാലം 'സൂയിസൈഡ് പോയിന്റ്' എന്ന പേരില്‍ പ്രസിദ്ധമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്ലേശ്വര്‍ എന്നി സ്ഥലങ്ങളുമായുള്ള ബന്ധം മുറിഞ്ഞു. ഗുജറാത്തിന്റെ ആനന്ദ് വഡോദര നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്.
അഞ്ച് ആറ് വാഹനങ്ങള്‍ നദിയില്‍ വീണുവെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ട്രക്കുകളും രണ്ടു വാനുകളും നദിയില്‍ വീണവയില്‍ ഉള്‍പ്പെടുന്നു. അഗ്‌നിരക്ഷാസേന, പൊലീസ്, പ്രദേശത്തെ ജനങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്പോള്‍ പാലത്തില്‍ കാര്യമായ ട്രാഫിക് ഉണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
''1985ലാണ് പാലം പണിതത്. ആവശ്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തും,'' ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേഷ് പട്ടേല്‍ പറഞ്ഞു.
സാങ്കേതിക വിദഗ്ധരോടു സ്ഥലത്തെത്തി പാലം തകര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു തൂണുകള്‍ക്കു നടുവിലുള്ള സ്ലാബ് ആണ് തകര്‍ന്നതെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. 900 മീറ്റര്‍ നീളുമുള്ള പാലത്തിന് 23 തൂണുകളുണ്ട്.