സിസോദിയയെ ജയിലിൽവെച്ച് കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് എ.എ.പി; സുരക്ഷാ ഭീഷണിയില്ലെന്ന് ജയിലധികൃതർ

സിസോദിയയുടെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേക സെല്ലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്ന് ജയിൽവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

Update: 2023-03-08 12:42 GMT

Sisodia

Advertising

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതായി എ.എ.പി. തിഹാർ ജയിലിൽ കൊടും കുറ്റവാളികൾക്കൊപ്പമാണ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

''നിങ്ങൾക്ക് ഞങ്ങളെ ഡൽഹിയിൽ തോൽപ്പിക്കാനായില്ല. മുൻസിപ്പൽ തെരഞ്ഞെടുപ്പിലും അതിനായില്ല. നിങ്ങളുടെ എല്ലാ ഗൂഢാലോചനകളെയും മറികടന്ന് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലും ഞങ്ങളുടെ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും എല്ലാവരും കാണുന്നുണ്ട്. കേന്ദ്രസർക്കാർ ഒരു രാഷ്ട്രീയ കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയാണോ എന്ന ആശങ്കയിലാണ് ഞങ്ങൾ''-സൗരഭ് ഭരദ്വാജ് പറഞ്ഞു.

അതേസമയം എ.എ.പിയുടെ ആരോപണം തിഹാർ ജയിൽ അധികൃതർ തള്ളി. സിസോദിയയുടെ സുരക്ഷ കണക്കിലെടുത്ത് പ്രത്യേക സെല്ലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്ന് ജയിൽവകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. ജയിലിലെ വാർഡ് ഒന്നിലാണ് സിസോദിയയെ താമസിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പമുള്ളവർ കൊടുംകുറ്റവാളികളല്ല. ജയിലിൽ നല്ല പെരുമാറ്റം കാഴ്ചവെച്ചവരാണ് അദ്ദേഹത്തോടൊപ്പം സെല്ലിലുള്ളതെന്നും ജയിൽ വകുപ്പ് വ്യക്തമാക്കി.

സിസോദിയക്ക് ധ്യാനത്തിനും ശല്യമില്ലാതെ മറ്റു കാര്യങ്ങൾ ചെയ്യുന്നതിനും പ്രത്യേക സെൽ അനുവദിച്ചിട്ടുണ്ട്. ജയിൽ നിയമം അനുവദിക്കുന്ന രീതിയിൽ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ സംവിധാനവും ജയിലിൽ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും ജയിൽ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News