ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നൽകാനാവൂ എന്ന് എ.എ.പി

യോഗ്യത മാനദണ്ഡമാക്കിയാൽ ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റിന് പോലും അർഹതയില്ലെന്ന് എ.എ.പി നേതാവ് സന്ദീപ് പഥക് പറഞ്ഞു.

Update: 2024-02-13 09:48 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയിലെ സീറ്റ് വിഭജനത്തിൽ വീണ്ടും പ്രതിസന്ധി. ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ നൽകാനാവൂ എന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. ഡൽഹിയിൽ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.

യോഗ്യത മാനദണ്ഡമാക്കിയാൽ ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റിന് പോലും അർഹതയില്ല. മുന്നണി മര്യാദയുടെ അടിസ്ഥാനത്തിൽ ഒരു സീറ്റ് നൽകാം. ബാക്കി ആറു സീറ്റിലും തങ്ങൾ മത്സരിക്കുമെന്ന് എ.എ.പി എം.പി സന്ദീപ് പഥക് പറഞ്ഞു.

ഡൽഹിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായിട്ടില്ല. മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 250ൽ ഒമ്പത് സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. ഇത്രയും ദയനീയമായ പ്രകടനം നടത്തുന്ന കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്നും സന്ദീപ് പഥക് വ്യക്തമാക്കി.

നാല് സീറ്റിൽ കോൺഗ്രസും മൂന്ന് സീറ്റിൽ എ.എ.പിയും മത്സരിക്കുമെന്നായിരുന്നു സഖ്യ ചർച്ചയിലെ പ്രാഥമിക ധാരണ. എന്നാൽ ചർച്ചകൾ സുതാര്യമാവില്ലെന്ന് വ്യക്തമാക്കുന്നതാണ് പഥക്കിന്റെ പുതിയ പ്രസ്താവന. 2019ൽ ഡൽഹിയിലെ മുഴുവൻ സീറ്റിലും ബി.ജെ.പിയാണ് വിജയിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News