വിതുമ്പി നാട്; മംഗളൂരുവിൽ കൊല്ലപ്പെട്ട അബ്ദുറഹ്മാന്റെ മയ്യിത്ത് ഖബറടക്കി
ചൊവ്വാഴ്ച വൈകിട്ടാണ് ബൈക്കിലെത്തി സംഘം ബണ്ട്വാൾ കോലട്ടമജലു സ്വദേശി അബ്ദുറഹ്മാനെ വെട്ടിക്കൊലപ്പെടുത്തിയത്.
മംഗളൂരു: ബണ്ട്വാൾ കൊളത്തമജലുവിൽ ചൊവ്വാഴ്ച അക്രമികൾ വെട്ടിക്കൊന്ന അബ്ദുറഹ്മാന്റെ മയ്യിത്ത് ബുധനാഴ്ച കുരിയാൽ ഗ്രാമത്തിലെ ഇരകൊടി ഖബർസ്ഥാനിൽ ഖബറടക്കി. സേവന സന്നദ്ധനായിരുന്ന യുവാവിന്റെ ആകസ്മിക ദുരന്തത്തിൽ വിങ്ങുന്ന മനസ്സോടെ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു.
മംഗളൂരു ദേർളക്കട്ട യേനപ്പോയ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം കഴിഞ്ഞ് ഏറ്റുവാങ്ങിയ മൃതദേഹം ഉള്ളാൾ കുത്താർ മദനി മസ്ജിദിൽ പ്രാഥമിക ചടങ്ങുകൾ നടത്തിയ ശേഷമാണ് ആംബുലൻസിൽ കുരിയാലിലേക്കെടുത്തത്. കനത്ത പൊലീസ് സുരക്ഷയിൽ സഞ്ചരിച്ച ആംബുലൻസിനൊപ്പം നൂറുകണക്കിന് വാഹനങ്ങളാണ് നീങ്ങിയത്.
കുത്താർ, തൊക്കോട്ട്, പമ്പുവെൽ വഴി വിലാപയാത്ര ഫറങ്കിപ്പേട്ടയിൽ എത്തിയപ്പോൾ തടിച്ചുകൂടിയ രോഷാകുലരായ ജനക്കൂട്ടം കൊലപാതകത്തിൽ പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാർ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ചു.
മൃതദേഹം വഹിച്ച ആംബുലൻസ് കോൾട്ടമജലു ബെള്ളൂരിലെ വസതിയിൽ എത്തിയപ്പോൾ പിതാവ് അബ്ദുൾ ഖാദർ, മാതാവ്, സഹോദരി, ഭാര്യ, ബന്ധുക്കൾ, പൊതുജനങ്ങൾ ഈറൻ മിഴികളോടെ അന്തിമോപചാരമർപ്പിച്ചു. ഇരകൊടി മസ്ജിദിൽ മയ്യിത്ത് എത്തുമ്പോൾ പള്ളിയും പരിസരവും ജനനിബിഡമായിരുന്നു. മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.