Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മംഗളൂരു: ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ബണ്ട്വാൾ തെങ്കബെല്ലരുവിലെ സുമിത് ആചാര്യ (27), ബഡഗബെല്ലൂരുവിലെ രവിരാജ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അബ്ദുറഹ്മാൻ കൊല്ലപ്പെട്ടത്. കൊലപാതകത്തെതുടർന്ന് ദക്ഷിണകന്നഡ ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും.
നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തൻ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ബണ്ട്വാൾ റൂറൽ പൊലീസ് അറിയിച്ചു. സംഭവത്തിൽ അറസ്റ്റിലായവർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തിരുന്നു.