Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | INDIA TODAY
റായ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ എഞ്ചിനീയര്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. 29കാരനായ ഗൗരവ് സവന്നിയാണ് മരിച്ചത്. കാമുകി നല്‍കിയ പീഡന പരാതിയില്‍ മനോവിഷമത്തിലായിരുന്നു ഗൗരവെന്ന് പൊലീസ് അറിയിച്ചു.
ഉസല്‍പൂര്‍ റെയില്‍വേ ട്രാക്കില്‍ സെപ്തംബര്‍ 27നാണ് ഗൗരവിൻറെ മൃതദേഹം കണ്ടെത്തിയത്. 'പ്രണയത്തില്‍ ഞാന്‍ ചതിക്കപ്പെട്ടു' എന്നെഴുതിയ ഗൗരവിന്റെ കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ഗൗരവും യുവതിയും പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നെങ്കിലും യുവതി ഗൗരവിനെതിരെ പീഡന പരാതി നല്‍കുകയായിരുന്നു. തുടർന്ന് കേസില്‍ അറസ്റ്റിലായ ഗൗരവ് ജാമ്യത്തിലിറങ്ങി 15 ദിവസങ്ങള്‍ക്ക് ശേഷം ജീവനൊടുക്കുകയായിരുന്നു.
പീഡനക്കേസ് ഗൗരവിനെ മാനസികമായി വല്ലാതെ തളര്‍ത്തിയതായി സുഹൃത്ത് സന്ദീപ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൗരവ് മാനസികമായി വളരെ അസ്വസ്ഥനായ അവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഗൗരവ് ജീവനൊടുക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് രജനീഷ് സിങ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)