ലക്ഷ്യം 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ്: മധുരയിൽ ടിവികെ രണ്ടാം സമ്മേളനം, ശക്തിപ്രകടനവുമായി വിജയ്

മധുരയിലെ പരപ്പതിയിൽ മഹാസമ്മേളനം പുരോഗമിക്കുകയാണ്

Update: 2025-08-21 12:47 GMT
Editor : Jaisy Thomas | By : Web Desk

ചെന്നൈ: തമിഴകത്ത് ആവേശത്തിരയുണര്‍ത്തി തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) രണ്ടാം സംസ്ഥാന സമ്മേളനം. പാർട്ടി അധ്യക്ഷനും നടനുമായ വിജയ് വേദിയിൽ എത്തിയതോടെ ആൾക്കൂട്ടത്തിന്‍റെ ആവേശം വാനോളമായി. മധുരയിലെ പരപ്പതിയിൽ മഹാസമ്മേളനം പുരോഗമിക്കുകയാണ്.

തമിഴക വെട്രി കഴകം ആർക്കും തടയാൻ കഴിയാത്ത ശബ്ദവും ശക്തിയുമാണെന്ന് ടിവികെ സ്ഥാപകനും നടനുമായ വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ സൂര്യൻ അസ്തമിക്കുകയാണെന്നും ഇനി ചന്ദ്രോദയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2026ൽ വലിയ രാഷ്ട്രീയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടാകാൻ പോകുന്നത്. ഡിഎംകെ രാഷ്ട്രീയമായും ബിജെപി പ്രത്യയശാസ്ത്രപരമായും ടിവികെയുടെ ശത്രുക്കളാണെന്നും വിജയ് പറഞ്ഞു.

Advertising
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉയർത്തിയത്. രാജ്യത്തെ ജനങ്ങൾക്ക് നന്മ ചെയ്യാൻ വേണ്ടിയാണോ അതോ മുസ്‌ലിംകളെ ദ്രോഹിക്കാൻ വേണ്ടിയാണോ മോദി മൂന്നാമതും അധികാരത്തിലേറിയതെന്ന് വിജയ് ചോദിച്ചു.

എന്ത് പ്രച്ഛന്ന വേഷം കെട്ടിയാലും തമിഴ്‌നാട്ടിൽ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. ഇപ്പോൾ അദാനിക്ക് വേണ്ടിയുള്ള ഭരണമാണ് നടക്കുന്നത്. ഫാഷിസ്റ്റുകൾക്കൊപ്പം സഖ്യം ചേരേണ്ട ആവശ്യം തങ്ങൾക്കില്ലെന്നും വിജയ് വ്യക്തമാക്കി.

നേതാക്കളുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷം, വിജയ് പാർട്ടി പതാക ഉയർത്തി. വേദിയിലിരുന്ന തമിഴക വെട്രി കഴകത്തിന്റെ എല്ലാ പാർട്ടി നേതാക്കളും പാർട്ടി പ്രതിജ്ഞയെടുത്തു. ടിവികെയുടെ രണ്ടാം സംസ്ഥാനതല സമ്മേളനം നാടോടി സംഗീതജ്ഞരുടെ സാംസ്കാരിക പ്രകടനങ്ങളോടെയാണ് ആരംഭിച്ചത്. മധുര ജില്ലയിലെ പരപതിയിൽ സജ്ജീകരിച്ച വേദിയിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പങ്കെടുക്കാവുന്ന ക്രമീകരണങ്ങൾ ഉണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ മുതൽ പാർട്ടി നേതാവിനെ ഒരു നോക്ക് കാണാൻ ആകാംക്ഷയോടെ അണികളും ആരാധകരും  തിങ്ങിനിറഞ്ഞിരുന്നു.

2024 ഫെബ്രുവരിയിലാണ് തമിഴഗ വെട്രി കഴകം എന്ന പാർട്ടിക്ക് തുടക്കം കുറിച്ചുകൊണ്ട് വിജയിന്‍റെ രാഷ്ട്രീയ പ്രവേശനം. എട്ട് മാസങ്ങൾക്ക് ശേഷം, ഒക്ടോബർ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയിൽ പാർട്ടിയുടെ ആദ്യ സംസ്ഥാനതല സമ്മേളനം നടന്നു.

2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്നത്. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെയും (ഡിഎംകെ) ബിജെപിയുടെയും തുറന്ന വിമർശകനായ വിജയ് തന്റെ അനുയായികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News