കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയും വിദ്വേഷ പ്രസംഗ വിരുദ്ധ നിയമം പാസാക്കും
' വിദ്വേഷ പ്രസംഗത്തിനെതിരെ ഞങ്ങൾ ഉടൻ തന്നെ നിയമസഭയിൽ നിയമനിർമ്മാണം നടത്തും'
ഹൈദരാബാദ്:കർണാടകയ്ക്ക് പിന്നാലെ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കാനൊരുങ്ങി തെലങ്കാന സർക്കാറും. ' വിദ്വേഷ പ്രസംഗത്തിനെതിരെ ഞങ്ങൾ ഉടൻ തന്നെ നിയമസഭയിൽ നിയമനിർമ്മാണം നടത്തും. ഈ വിഷയം നിയമപരമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. തെലങ്കാന സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ് ദിനാഘോഷത്തിലാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ബിൽ പാസാക്കുമെന്ന് അറിയിച്ചത്. കർണാടക നിയമസഭ നിയമം പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വ്യാഴാഴ്ചയാണ്ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് പ്രിവൻഷൻ ബിൽ 2025 കർണാടക നിയമസഭ പാസാക്കിയത്. വ്യക്തികൾക്കും സമൂഹങ്ങൾക്കുമിടയിൽ ശത്രുത, വിദ്വേഷം, പൊരുത്തക്കേട് എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രവൃത്തികൾ തടയുന്നതിനായാണ് ബിൽ പാസാക്കിയത്. ബിൽ ചർച്ചക്കെടുത്തപ്പോൾ ആഭ്യന്തരമന്ത്രി ജി. പരമേശ്വര വിശദമായി തന്നെ ബില്ലിലെ വ്യവസ്ഥകൾ വിശദീകരിച്ചിരുന്നു. പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള പ്രസ്താവനകളെയും പ്രവർത്തനങ്ങളെയും ഫലപ്രദമായി തടയുന്നതിന് വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് കൃത്യമായ ഒരു നിർവചനം ആവശ്യമാണെന്നും പരമേശ്വര പറഞ്ഞിരുന്നു. വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 50000 രൂപയും ചുമത്തുന്നതാണ് പുതിയ ബിൽ. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ തടവും പിഴയും കൂടുമെന്നും ബില്ലിൽ പറയുന്നു.
കർണാടകയിൽ ബില്ലിനെതിരെ ബിജെപി പ്രതിഷേധിച്ചിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം എന്ന് ആരോപിച്ചാണ് കർണാടക പ്രതിപക്ഷ നേതാവ് ആർ.അശോക് ബില്ലിനെ എതിർത്തത്. സ്വാതന്ത്ര്യം കിട്ടി 75 വർഷത്തിന് ശേഷം ഇത്തരമൊരു നിയമത്തിന്റെ ആവശ്യം എന്താണ് എന്നാണെന്ന് ആർ. അശോക് ചോദിച്ചു. വ്യക്തികളെ ലക്ഷ്യം വെച്ചുള്ള ബില്ലിന്റെ ദുരുപയോഗം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ബിജെപി പ്രതിഷേധത്തിനെതിരെ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ശക്തമായി പ്രതികരിച്ചിരുന്നു. കർണാടകയെ വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ലെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. ബില്ലിൽ ഒരു സംഘടനയുടേയും പേര് പറയുന്നില്ല. പിന്നെ എന്തിനാണ് ബിജെപി ബില്ലിനെ കുറിച്ച് ഇങ്ങനെ പരിഭ്രാന്തരാവുന്നതെന്നും അദ്ദേഹം ചോദിച്ചു.