'അഗ്‌നിവീറുകളെ ബി.ജെ.പി ഓഫീസുകളിൽ നിയമിക്കും'; വിവാദ പരാമർശവുമായി ദേശീയ ജനറൽ സെക്രട്ടറി വിജയവാർഗിയ

''രാജ്യത്തെ സേവിക്കാനാണ് യുവാക്കൾ രാത്രിയും പകലുമെന്നില്ലാതെ അധ്വാനിച്ച് സൈനിക പരീക്ഷയ്ക്ക് തയാറെടുക്കുന്നത്. അല്ലാതെ ബി.ജെ.പി ഓഫീസിൽ സുരക്ഷാ ജീവനക്കാരാകാനല്ല'' ബി.ജെ.പി നേതാവിന്റെ പരാമർശത്തോട് പ്രതികരിച്ച് അരവിന്ദ് കെജ്രിവാൾ

Update: 2022-06-19 09:54 GMT
Editor : Shaheer | By : Web Desk
Advertising

ഇൻഡോർ: ബി.ജെ.പി ഓഫീസുകളിലെ സുരക്ഷാ വിഭാഗത്തിൽ അഗ്‌നിവീറുകൾക്ക് മുൻഗണന നൽകുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവാർഗിയ. രാജ്യവ്യാപകമായി 'അഗ്‌നിപഥ്' വിരുദ്ധ പ്രതിഷേധം കൊടുമ്പിരികൊള്ളുമ്പോഴാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. കൈലാഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ ഇൻഡോറിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കൈലാഷ് വിജയവാർഗിയ ഇക്കാര്യം വെളിപ്പെടുത്തിയത്. മികച്ച അച്ചടക്കവും അനുസരണയും ഉള്ളവരായിരിക്കും അഗ്‌നിവീറുകളെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലും ചൈനയിലും ഫ്രാൻസിലുമെല്ലാം കരാർ അടിസ്ഥാനത്തിൽ സൈനികരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. നമ്മുടെ സൈന്യത്തിൽ റിട്ടയർമെന്റ് പ്രായം കൂടുതലാണ്. അത് കുറച്ചുകൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും കൈലാഷ് വെളിപ്പെടുത്തി.

നെഞ്ചിൽ അഗ്‌നിവീർ എന്ന ബാഡ്‌ജോടെയായിരിക്കും അവർ സൈന്യത്തിൽനിന്ന് വിരമിക്കുക. പിന്നീട് ബി.ജെ.പി ഓഫീസിൽ സുരക്ഷാജീവനക്കാരുടെ ആവശ്യമുണ്ടെങ്കിൽ അഗ്‌നിവീറുമാർക്കു മാത്രമായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്താസമ്മേളനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ യുവാക്കളെയും സൈനികരെയും ഇങ്ങനെ അപമാനിക്കരുതെന്ന് കെജ്രിവാൾ വിഡിയോ പങ്കുവച്ച് ട്വിറ്ററിൽ ആവശ്യപ്പെട്ടു. ആയുസു മുഴുവൻ രാജ്യത്തേ സേവിക്കാനാണ് സൈന്യത്തിൽ ചേരാൻ വേണ്ട ശാരീരികക്ഷമതാ പരിശോധനയടക്കം പാസാകാൻ രാജ്യത്തെ യുവാക്കൾ രാത്രിയും പകലുമെന്നില്ലാതെ കഠിനാധ്വാനം ചെയ്യുന്നത്. അല്ലാതെ ബി.ജെ.പി ഓഫീസിനു പുറത്ത് സുരക്ഷാ ജീവനക്കാരന്റെ പണിയെടുക്കാനല്ലെന്നും കെജ്രിവാൾ വിമർശിച്ചു.

അതിനിടെ, അഗ്‌നിപഥ് സ്‌കീമിലേക്കുള്ള ശമ്പളം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ വിശദാംശങ്ങൾ ഇന്ത്യൻ വ്യോമസേന പുറത്തുവിട്ടു. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ളവരെയാണ് പരിഗണിക്കുക. മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ആദ്യം വർഷം 30,000 രൂപയും രണ്ടാമത്തെ വർഷം 33,000 രൂപയും മൂന്നാമത്തെ വർഷം 36,500 രൂപയും നാലാമത്തെ വർഷം 40,000 രൂപയുമാണ് ശമ്പളം. പ്രതിവർഷം 30 ദിവസത്തെ വാർഷിക അവധിക്ക് അർഹതയുണ്ടാകും. അസാധാരണമായ സാഹചര്യത്തിലൊഴികെ, റിക്രൂട്ട് ചെയ്യുന്നവർക്ക് സ്വന്തം നിലയിൽ സേവനം മതിയാക്കി തിരിച്ചുപോകാനാവില്ല. സർക്കാരിന്റെ വിവേചനാധികാര പ്രകാരം നാല് വർഷത്തെ കാലയളവ് അവസാനിക്കുമ്പോൾ ദീർഘകാല സേവനത്തിലേക്ക് പരിഗണിച്ചേക്കാം.

13 ലക്ഷത്തോളം വരുന്ന സായുധ സേനയെ കാര്യക്ഷമമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. സേനയ്ക്ക് യുവത്വം നൽകുന്ന സ്‌കീം ആണ് അഗ്‌നിപഥെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. എന്നാൽ നാലു വർഷത്തെ സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് പെൻഷൻ ലഭിക്കില്ല.

Summary: ''If you want to keep security in BJP office, I will give priority to Agniveer..'', says BJP National General Secretary Kailash Vijayvargiya

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News