റിപ്പബ്ലിക് ദിനത്തിൽ മോദി അണിഞ്ഞൊരുങ്ങിയത് തെരഞ്ഞെടുപ്പിന് വേണ്ടി? വിവാദം

ബ്രഹ്‌മകമലം ആലേഖനം ചെയ്ത ഉത്തരാഖണ്ഡ് തൊപ്പിയും മണിപ്പൂരി ഷാളും ധരിച്ചത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനെന്ന് ആരോപണം

Update: 2022-01-26 08:12 GMT
Editor : Lissy P | By : Web Desk
Advertising

സ്വാതന്ത്ര്യ ദിനമായാലും റിപ്പബ്ലിക് ദിനമായാലും വേഷവിധാനത്തിൽ എന്തെങ്കിലും പുതുമ കൊണ്ടുവരാൻ പ്രധാമന്ത്രി നരേന്ദ്രമോദി ശ്രമിക്കാറുണ്ട്. ഇത്തവണത്തെ റിപ്പബ്ലിക് പരേഡ് ദിനത്തിലും ആ പതിവ് തെറ്റിച്ചില്ല. ഉത്തരാഖണ്ഡിലെ പരമ്പരാഗത തൊപ്പിയും മണിപ്പൂരിലെ  ഷാളും ധരിച്ചാണ് ഇന്ന് മോദി എത്തിയത്. ഉത്തരാഖണ്ഡിന്റെ ദേശീയ പുഷ്പമായ ബ്രഹ്‌മ കമലവും തൊപ്പിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. സാധാരണ റിപ്പബ്ലിക് ദിന പരേഡിൽ അദ്ദേഹം തലപ്പാവാണ് ധരിക്കാറ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ചാണ് ഉത്തരാഖണ്ഡിലെ തൊപ്പി ധരിച്ചത്.

അടുത്തമാസം ഉത്തരാഖണ്ഡ്, മണിപ്പൂർ  എന്നിവയുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായി ഈ വേഷം ധരിച്ചതിൽ കൃത്യമായ രാഷ്ട്രീയവുമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന രണ്ടു സംസ്ഥാനം  കൂടിയാണ്  ഉത്തരാഖണ്ഡും  മണിപ്പൂരും.  രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മോദി ഇന്നത്തെ വസ്ത്രങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ആരോപണം.ഉത്തരാഖണ്ഡിൽ ഫെബ്രുവരി 14നും മണിപ്പൂരിൽ ഫെബ്രുവരി 27നും മാർച്ച് 3നുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

പ്രധാനമന്ത്രി സംസ്ഥാനത്തിന്റെ പരമ്പരാഗത തൊപ്പി ധരിച്ചതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ട്വിറ്ററിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. 'ഉത്തരാഖണ്ഡിലെ 1.25 കോടി ജനങ്ങൾക്ക് വേണ്ടി ഞാൻ പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.കേദാർനാഥിൽ പൂജ നടത്തുമ്പോഴെല്ലാം മോദി ഈ പുഷ്പം ഉപയോഗിക്കാറുണ്ട്. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടും ഇതേ തൊപ്പിയാണ് ധരിച്ചിരുന്നത്. കൈകൊണ്ട് നെയ്തതാണ് മണിപ്പൂരി ഷാൾ. വെള്ളയിലും കറുപ്പും ചുവപ്പും നെയ്ത തുണി മണിപ്പൂരിലെ മെറ്റേയ് ഗോത്രത്തിന്റെ വസ്ത്രമാണ്. ലെയ്റം ഫൈ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് മാസ്‌ക്.

കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാനമന്ത്രി മോദി ഗുജറാത്തിലെ ജാംനഗർ രാജകുടുംബം സമ്മാനിച്ച ഹലാരി പാഗ് എന്ന സിന്ദൂര തലപ്പാവായിരുന്നു ധരിച്ചിരുന്നത്. 2020ലെ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ പ്രധാനമന്ത്രി ധരിച്ചിരുന്നത്  കാവി ബന്ദേജ് തലപ്പാവായിരുന്നു. 2019 ൽ, ചുവന്ന വാലുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള തലപ്പാവാണ് അദ്ദേഹം ധരിച്ചിരുന്നത്.2014 ലെ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹം ജോധ്പുരി ബന്ദേജായിരുന്നു ധരിച്ചിരുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News