Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പറന്ന് ഉയര്‍ന്ന് നിമിഷ നേരം കൊണ്ടാണ് തകര്‍ന്നു വീണത്. റണ്‍ വേയുടെ ഭാഗം പൂര്‍ണമായി ഉപയോഗിക്കുന്നതിന് മുമ്പ് വിമാനം പറന്നുയര്‍ന്നിരുന്നു. പറക്കുന്നതിന് മുമ്പ് വരെ വിമാനത്തില്‍ നിന്നും സന്ദേശം ലഭിച്ചിരുന്നുവെന്നാണ് എയര്‍ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പെട്ടെന്ന് വിമാനത്തില്‍ നിന്നും അടിയന്തര സന്ദേശം ലഭിച്ചിരുന്നു. മേഡേ സന്ദേശമാണ് ലഭിച്ചത്. അടിയന്തരഘട്ടത്തില്‍ വിമാനത്തില്‍ നിന്ന് എടിസിയിലേക്ക് അയക്കുന്ന സന്ദേശമാണ് മേഡേ കോള്‍. എന്നാല്‍ തിരിച്ചു ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. 652 അടി മാത്രം ഉയര്‍ന്ന വിമാനത്തിന്റെ കണ്‍ട്രോള്‍ നഷ്ടപ്പെട്ടതോടെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു. ഒരു മിനിറ്റില്‍ 450 അടി വേഗത്തിലാണ് വിമാനം താഴേക്ക് പതിച്ചത്. വിമാനത്തിന്റെ നിയന്ത്രണം മൊത്തമായി നഷ്ടപ്പെട്ടിരുന്നു.
ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന വിമാനം ഏകദേശം ഒമ്പത് മണിക്കൂര്‍ പറക്കേണ്ടതായിരുന്നു. അത്ര ദുരം പറക്കേണ്ടതിന് ആവശ്യമായ ഇന്ധനം വിമാനത്തില്‍ ഉള്ളതുകൊണ്ടാണ് താഴേക്ക് പതിക്കുമ്പോള്‍ തന്നെ ഉഗ്ര സ്‌ഫോടനമുണ്ടായത്. വലിയ വെല്ലുവിളികളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ നേരിടേണ്ടി വരുന്നത്. വിമാനത്തില്‍ 200ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു എന്നാണ് സൂചന. പരിക്കേറ്റവരെ സിവില്‍ ലൈന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്.
വിമാനത്തിന്റെ സാങ്കേതിക പ്രശ്‌നമാണ് തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് എത്തി അവിടെനിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളില്‍ തകര്‍ന്നു വീഴുകയായിരുന്നു. 220 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് സൂചന. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങും. ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി.