അഹമ്മദാബാദ് വിമാനാപകടം: വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെന്ന് റിപ്പോർട്ട്

ഹോസ്റ്റൽ മെസ്സിൽ വിമാനം തകർന്നുവീണെന്നാണ് വിവരം

Update: 2025-06-12 11:29 GMT
Editor : നബിൽ ഐ.വി | By : Web Desk

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത് മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെന്ന് റിപ്പോർട്ട്. ഹോസ്റ്റൽ മെസ്സിൽ വിമാനം തകർന്നുവീണെന്നാണ് വിവരം.

സംഭവത്തിൽ 50ഓളം മെഡിക്കൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഒരുഭാഗം തകർന്നു. പരിക്കേറ്റ വിദ്യാർഥികളെ ട്രോമസെൻ്ററിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ തകർന്ന ഭാഗം പൊലീസ് സീൽ ചെയ്തു.

അപകടത്തിൽ നൂറിലധികം പേർ മരിച്ചതായാണ് ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തത്. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Advertising
Advertising

വിമാനത്താവളത്തിന്റെ സമീപത്തുള്ള ജനവാസ മേഖലയിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ടേക്ക് ഓഫിനിടെയാണ് അപകടമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് സഹപൈലറ്റ് എടിസിയിലേക്ക് അടിയന്തര സഹായത്തിനായി ബന്ധപ്പെട്ടിരുന്നു. അടിയന്തര സന്ദേശം ലഭിച്ചെങ്കിലും തിരിച്ച് എടിസിയില്‍ നിന്നുണ്ടായ കോളുകള്‍ക്ക് ഒന്നും വിമാനത്തില്‍ നിന്നും മറുപടി ലഭിച്ചില്ല എന്നാണ് ഡിജിസിഎയുടെ പ്രസ്താവനയില്‍ പറയുന്നത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News