അഹമ്മദാബാദ് എഐസിസി സമ്മേളനം; ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെ ശക്തമായി എതിര്‍ക്കാൻ തീരുമാനം
മുസ്‍ലിം,ക്രിസ്ത്യൻ,സിഖ് വാക്കുകൾ ഉപയോഗിച്ചു തന്നെ മറുപടി നൽകണമെന്നാണ് കോൺഗ്രസിൻ്റെ പുതിയ നിലപാട്
അഹമ്മാദാബാദ്: അഹമ്മദാബാദ് എഐസിസി സമ്മേളനത്തിലെ പ്രമേയത്തിൽ തുറന്ന്കാട്ടിയത് കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷവിരുദ്ധ നിലപാട്. ബിജെപി സർക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനെ ശക്തമായി എതിർക്കാനാണ് ആഹ്വാനം. മുസ്‍ലിം,ക്രിസ്ത്യൻ,സിഖ് വാക്കുകൾ ഉപയോഗിച്ചു തന്നെ മറുപടി നൽകണമെന്നാണ് കോൺഗ്രസിൻ്റെ പുതിയ നിലപാട്.
ന്യൂനപക്ഷ വേട്ട നടക്കുമ്പോൾ ചട്ടപ്പടിയുള്ള പ്രതികരണങ്ങളോട് കോൺഗ്രസ് വിട പറഞ്ഞു. എങ്ങുംതൊടാതെ,ആരെയും വേദനിപ്പിക്കാതെ നടത്തുന്ന പ്രതികരണങ്ങൾ,ആത്യന്തികമായി സഹായിക്കുന്നത് സംഘപരിവാറിനെയാണെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണം. ആചാരം പോലെ അപലപിക്കുന്നതിന് പകരം ശക്തമായി നേരിടുമെന്ന് കോൺഗ്രസ് ഉറപ്പിച്ചു. മുസ്‍ലിം,ക്രിസ്ത്യൻ വിഭാഗങ്ങളെ ആക്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രമേയത്തിൽ കൂടിചേർത്തു.
ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെ കടക്കൽ കത്തിവയ്ക്കുകയാണ് ബിജെപി സർക്കാർ. ഭരണ നേട്ടത്തിൽ നോട്ടമിട്ട് ,ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപി പദ്ധതിയെ എതിർക്കണമെന്നാണ് അഹമ്മദാബാദ് സമ്മേളനത്തിൻ്റെ ആഹ്വാനം.